സഞ്ചാരം: ഭക്രാ-നംഗൽ ട്രെയിൻ യാത്ര
ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നത് രാജ്യത്ത് ശിക്ഷാർഹമാണെന്നു ഏവർക്കുമറിയാം. എന്നാൽ യാത്ര ചെയ്യാൻ യാതൊരു ടിക്കറ്റും ആവശ്യമില്ലാത്ത ഒരു ട്രെയിൻ രാജ്യത്തുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അതും ഈ ട്രെയിൻ കഴിഞ്ഞ 73 വർഷമാണ് സർവീസ് നടത്തുന്നുണ്ടെന്നു പറഞ്ഞാലോ? അതേ, ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാവുന്ന ഒരു ട്രെയിൻ രാജ്യത്തുണ്ട്. ‘ഭക്ര’ റെയിൽവേ ട്രെയിനിനെ പറ്റിയാണ് പറഞ്ഞുവരുന്നത്.
പഞ്ചാബ്, ഹിമാചൽ പ്രദേശ് അതിർത്തികളിലൂടെയാണ് ട്രെയിൻ സഞ്ചരിക്കുന്നത്. നംഗലിനും ഭക്കറിനും ഇടയിൽ യാത്രചെയ്യാൻ യാത്രക്കാർ പതിവായി ഉപയോഗിക്കുന്ന ഗതാഗത മാർഗങ്ങളിൽ ഒന്നാണിത്. 1948 ലാണ് ഭകർ- നംഗൽ ട്രെയിൻ സർവീസ് ആരംഭിച്ചത്. ഭകർ- നംഗൽ അണക്കെട്ടിന്റെ നിർമ്മാണ വേളയിലാണ് പ്രത്യേക ട്രെയിനിന്റെ ആവശ്യം തിരിച്ചറിഞ്ഞത്. അക്കാലത്ത് നംഗലിനും ഭകറിനും ഇടയിൽ മറ്റു ഗതാഗത മാർഗങ്ങൾ ഇല്ലായിരുന്നു. അതിനാൽ, ഹെവി മെഷിനറികളുടെയും ജീവനക്കാരുടെയും ഗതാഗതം സുഗമമാക്കുന്നതിന് റൂട്ടിൽ ഒരു റെയിൽവേ ട്രാക്ക് സ്ഥാപിക്കുകയായിരുന്നു.
തുടക്കത്തിൽ, സ്റ്റീം എൻജിനുകൾ ഉപയോഗിച്ചാണ് തീവണ്ടി പ്രവർത്തിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് 1953- ൽ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത മൂന്ന് പുതിയ എൻജിനുകൾ ഉപയോഗിക്കാൻ തുടങ്ങി. അതിനു ശേഷം ഇന്ത്യൻ റെയിൽവേ അഞ്ച് പുതിയ മോഡൽ എൻജിനുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, പ്രത്യേക ട്രെയിൻ ഇപ്പോഴും അതിന്റെ 60 വർഷം പഴക്കമുള്ള എൻജിനിലാണ് സർവീസ് നടത്തുന്നതെന്നതും ശ്രദ്ധേയമാണ്. കറാച്ചിയിൽ നിർമ്മിച്ച കോച്ചുകളും ട്രെയിനിന്റെ ശ്രദ്ധാകേന്ദ്രം തന്നെ. ഇരിപ്പിടങ്ങളും കൊളോണിയൽ കാലഘട്ടത്തിലെ തടി ബെഞ്ചുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
