തിരുവനന്തപുരം: സംസ്ഥാനത്തെ 32 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിന് തുടങ്ങുന്ന വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുക. തിരുവനന്തപുരം കൊച്ചി കോർപ്പറേഷനുകളിലെ ഓരോ വാർഡുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാപഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകളിലും ഉപ-തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. വോട്ടെണ്ണൽ നാളെ നടക്കും കൊച്ചി നഗരസഭയിലെ ഗാന്ധിനഗർ ഡിവിഷനാണ് ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏറ്റവും ശ്രദ്ധേയം. നേരിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ ഉപതെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്.
കെഎസ്ആർസി സ്റ്റാൻഡും കമ്മട്ടിപ്പാടവും ഉൾപ്പെടുന്ന കൊച്ചി നഗരത്തിലെ ഹൃദയഭാഗത്താണ് 63-ാം വാർഡ്. കൊവിഡ് ബാധിച്ച് കൗൺസിലർ മരിച്ചതിനെതുടർന്നാണ് 63-ാം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടവന്നത്. മൂന്നര പതിറ്റാണ്ടായി എൽഡിഎഫിന്റെ കുത്തക വാർഡ് എന്ന നിലയിലും ഗാന്ധിനഗർ ശ്രദ്ധേയമാണ്. സിഐടിയു നേതാവും മുൻ കൗൺസിലറുമായിരുന്ന കെ കെ ശിവൻ കഴിഞ്ഞ മെയിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ശിവന്റെ ഭാര്യ ബിന്ദു ശിവനാണ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായെത്തിയത്. കഴിഞ്ഞ തവണ 115 വോട്ടുകൾക്ക് മാത്രം പരാജയപ്പെട്ട പി ഡി മാർട്ടിൻ തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ 379 വോട്ട് കിട്ടിയിടത്ത് നിന്ന് വോട്ടുവിഹിതം പരാമവധി ഉയർത്താനുള്ള ശ്രമത്തിലാണ് എൻഡിഎ.