എറണാകുളം: വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂർ ആറാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ. കെ ഹുസൈൻ വിജയിച്ചു. യുഡിഎഫ് അംഗം ആയിരുന്ന സി.കെ അബ്ദുൽനൂർ മരണപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ആണ് യുഡിഎഫ് സ്ഥാനാർഥി കെ കെ ഹുസൈൻ വിജയിച്ചത്.
25 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി ഷിബു വർക്കിയെ ആണ് പരാജയപ്പെടുത്തിയത്. അതേസമയം എൽഡിഎഫ് 622 വോട്ടുകൾ നേടി. ഉപതെരഞ്ഞെടുപ്പിൽ 1480 വോട്ടർമാരിൽ 729 പുരുഷന്മാരും 751 സ്ത്രീകളുമടക്കം 1269 പേരാണ് കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തിയത്. മൈലൂർ എൽപി സ്കൂളിൽ രണ്ടു ബൂത്തുകളിലായിരുന്നു പോളിങ്. ഇപ്പോൾ യുഡിഎഫ് ഒൻപത്, എൽഡിഎഫ് മൂന്ന്, എൻഡിഎ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സിപിഎം- സിപിഐ പോര് ശക്തമായി നിലനിൽക്കുന്ന വാർഡ് കൂടിയായിരുന്നു ഇത്. തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ നിന്ന് സിപിഐ വിട്ടു നിന്നതും യുഡിഎഫ് സ്ഥാനാർത്ഥിക്ക് തുണയായി.
അതെ സമയം,തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ടു വാർഡുകളിൽ ബിജെപിക്ക് അട്ടിമറി ജയം സ്വന്തമാക്കി. എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റുകളായ 11-ാം വാർഡായ ഇളമനത്തോപ്പിൽ, 46-ാം വാർഡായ പിഷാരികോവിൽ എന്നിവിടങ്ങളിലാണ് ബിജെപി വിജയം നേടിയത്. ബിജെപിക്ക് വിജയം സ്വന്തമായതോടെ തൃപ്പൂണിത്തുറ നഗരസഭയിൽ എൽഡിഎഫ് ഭരണസമിതിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി. എന്നാൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി എൽഡിഎഫ് തുടരും.ഇളമനത്തോപ്പിൽ വാർഡിലെ എൽഡിഎഫ് കൗൺസിലറായിരുന്ന നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ കെ ടി സൈഗാളും പിഷാരികോവിലിലെ എൽഡിഎഫ് അംഗം രാജമ്മ മോഹനും അന്തരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.