29 C
Kollam
Monday, June 14, 2021
spot_img

21 മാസത്തെ ജയിൽജീവിതത്തിനൊടുവിൽ യുവദമ്പതികൾ ഖത്തർ ജയിലിൽനിന്ന് ഇന്ത്യയിലെത്തി


ഒരു സിനിമാക്കഥ പോലെയാണ് ഈ സംഭവപരമ്പര. ഉദ്വേഗവും സസ്‌പെൻസും ട്രാജഡിയും നിറഞ്ഞ ആ കഥ ഇങ്ങനെയാണ് :-
മുംബൈയിൽ ഒരു ജപ്പാൻ കമ്പനിയിൽ ജോലിചെയ്തിരുന്ന മുഹമ്മദ് ഷരീക്കും ഒനിബാ ഖുറേഷിയും തമ്മിലുള്ള വിവാഹം 2019 ജൂൺ മാസത്തിലായിരുന്നു. നവദമ്പതികൾക്ക് ഖത്തറിൽ 15 ദിവസം മധുവിധു ആഘോഷിക്കാനുള്ള എല്ലാ ഒരുക്കങ്ങളും വിമാനടിക്കറ്റുകളുൾപ്പെടെ സ്പോൺസർ ചെയ്തത് മുഹമ്മദ് ഷരീക്കിന്റെ പിതൃസഹോദരിയായ ( ബുവ ) തപസ്സും ഖുറേഷി ആയിരുന്നു. സമ്പന്നയായിരുന്നു അവർ. സാധാരണക്കാരായിരുന്ന മുഹമ്മദ് ഷരീക്കിന്റെ കുടുംബത്തിന് പലപ്പോഴും സഹായം നൽകിയിരുന്നതും അവരായിരുന്നു.
ഖത്തറിൽ ബിസ്സനസ്സും ബന്ധങ്ങളുമുണ്ടായിരുന്ന തപസ്സും ഖുറേഷിയെ കുടുംബം ആദരവോടെയാണ് നോക്കിക്കണ്ടിരുന്നത്. അവിശ്വസനീയമായിരുന്ന തപസ്സുമിൻ്റെ ‘ഹണിമൂൺ ഓഫർ ‘ അത്യധികം സന്തോഷത്തോടെയാണ് മുഹമ്മദ് ഷരീക്കും കുടുംബവും സ്വീകരിച്ചത്.
മനസ്സുനിറയെ പുതുജീവിതത്തെപ്പറ്റിയുള്ള ഒരായിരം സ്വപ്നങ്ങളുമായാണ് ഷരീക്കും ഒനീബയും 2019 ജൂലൈ 6 ന് മുംബൈയിൽനിന്നും ഖത്തറിലേക്ക് വിമാനം കയറിയത്. ആദ്യമായുള്ള വിമാനയാത്രയുടെ പരിഭ്രമവും പുതിയ ലോകത്തെ കാഴ്ചകൾ ആസ്വദിക്കാനുള്ള അഭിനിവേശവുമായി ഒനീബ തൻ്റെ പ്രിയതമനൊപ്പം സ്വകാര്യമായി ലഭിച്ച ദിവസങ്ങൾ ആഘോഷിക്കാനുള്ള ത്രില്ലിലുമായിരുന്നു. എണ്ണപ്പാടങ്ങളുടെ നാട്ടിലെ തങ്ങളുടെ ഹണിമൂൺ ആഘോഷം അവിസ്മരണീയമായി മാറുമെന്ന ആത്മവിശ്വസം മുഹമ്മദ് ഷരീക്കിനുമു ണ്ടായിരുന്നു. തപസ്സും ബുവയുടെ ബന്ധുക്കളും ബിസിനസ്സ് വൃന്ദവും എല്ലാ സഹായവുമായി ഒപ്പമുണ്ടാ കുമെന്നും അവർ കണക്കുകൂട്ടി.
മുംബൈയിൽനിന്നും വിമാനം കയറുംമുമ്പ് മുഹമ്മദ് ഷരീക്കിന്റെ ബാഗിൽ തപസ്സും ഒരു പൊതി തിരുകിവച്ചിരുന്നു. ഇതിൽ പാനിൽ ( മുറുക്കാൻ) ചേർക്കുന്ന ജർദ ( പുകയില ഉൽപ്പന്നം ) ആണെന്നും അവിടെയിറങ്ങുമ്പോൾ ബന്ധുവിനെ ഏൽപ്പിച്ചാൽ മതിയെന്നുമാണ് അവർ ഷരീക്കിനോട് പറഞ്ഞ ത്.അതൊരു കെണിയായിരുന്നുവെന്ന് അപ്പോഴറിഞ്ഞില്ല.
ഖത്തറിലെ ഹമദ് ഇന്റർനാഷണൽ എയർ പോർട്ടിൽ വിമാനമിറങ്ങിയ ദമ്പതികൾ പോലീസ് പിടിയിലായി. പിതൃസഹോദരിയായ തപസ്സും ഖുറേഷി ഷരീഖിന്റെ ബാഗിൽ വച്ചിരുന്നത് 4.1 കിലോ ചരസായിരുന്നു. 
ബാഗ് തന്റേതാണെന്നും പാക്കറ്റ് ബാഗിൽവച്ചത് ആന്റിയാണെന്നും പറഞ്ഞെങ്കിലും അതൊന്നും അവിടെ വിലപ്പോയില്ല. അവരിരുവരും ജയിലിലടയ്ക്കപ്പെട്ടു. വിചാരക്കൊടുവിൽ നിരപരാധികളായ മുഹമ്മദ് ഷരീക്ക് – ഒനീബാ ദമ്പതികൾക്ക് ഖത്തർ കോടതി 10 വർഷത്തെ തടവ് ശിക്ഷവിധിച്ചു. ബുവയുടെ ചതിയിൽപ്പെട്ട നിരപരാധികളായ തങ്ങളെ ജയിലിൽനിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ഇരുവരും തങ്ങളുടെ കുടുംബങ്ങളോട് അപേക്ഷിച്ചു.
ഇന്ത്യയിൽ ഇരുവരുടെയും കുടുംബം നാർക്കോട്ടിക് കൺട്രോൾ ബ്യുറോയുമായി (NCB )ബന്ധപ്പെട്ട് അവരെ വിവരങ്ങളെല്ലാം വിശദമായി ധരിപ്പിച്ചു.നവദമ്പതികൾ ചതിയിൽപ്പെട്ടതാണെന്ന വിവരം NCB അധികാരിക ൾക്കും ബോദ്ധ്യമായി. 
NCB ഡയറക്ടർ രാകേഷ് അസ്താനയും ഡെപ്യൂട്ടി ഡയറക്ടർ കെ.പി.എസ് മൽഹോത്രയും ഈ കേസിന്റെ അന്വേഷണമേൽനോട്ടം സ്വയം ഏറ്റെടുക്കുകയായി രുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ തപസ്സും ഖുറേഷിയുടെ മൊബൈലിലെ വോയിസ് ക്ലിപ്പ് ലഭിച്ചത് നിർണ്ണായക തെളിവായി.” നാല് കിലോ ചരസ് മുഹമ്മദ് ഷരീക്കിന്റെ ബാഗിൽ ഞാൻ വച്ചിട്ടുണ്ട്, വാങ്ങിക്കൊള്ളണം ” എന്നായിരുന്നു ആ വോയിസ് ക്ലിപ്പ്.
തപസ്സും ഖുറേഷിയുടെ വീട്ടിലും ബന്ധുവീടുകളിലും NCB നടത്തിയ റെയ്‌ഡിൽ തപസ്സുമും കുടുംബാംഗ ങ്ങളുമുൾപ്പെട്ട ഒരു വമ്പൻ ഡ്രഗ്‌സ് സിൻഡിക്കേറ്റിന്റെ തിരശീല ഒന്നൊന്നായി അഴിഞ്ഞുവീണു.ലഹരി- മയക്ക് മരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ NCB ക്ക് ലഭിച്ചു. തപസ്സുമും കൂട്ടാളികളും ഇരുമ്പഴിക്കുള്ളിലുമായി.
ഇതിനിടെ ഗർഭിണിയായിരുന്ന ഒനീബ 2020 ഫെബ്രുവരിയിൽ ഖത്തർ ജയിലിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.മകൾക്കവർ പേരിട്ടു “ആയത്ത്”. മനസ്സുപിടയുന്ന ഈ ദുഖത്തിലും തങ്ങൾക്കാശ്വാസമായി ‘ദൈവം നൽകിയ സമ്മാനം’ എന്നർത്ഥമാണ് Aayat എന്ന ആ പേരിടാൻ അവരെ  പ്രേരിപ്പിച്ചത്.
ഒടുവിൽ NCB യുടെ റിപ്പോർട്ടും അഭ്യർത്ഥനയും മാനിച്ച് വിദേശകാര്യമന്ത്രാലയം ഈ വിഷയത്തിൽ ഖത്തർ സർക്കാരുമായി ബന്ധപ്പെട്ടു. അങ്ങനെ കേസ് വീണ്ടും ഖത്തർ കോടതിയിലെത്തി. പുതിയ വിവരങ്ങളും തെളിവുകളും കോടതി പരിഗണിക്കുകയും മുഹമ്മദ് ഷരീക്ക് – ഒനീബാ ദമ്പതികൾ നിരപരാധികളാണെന്ന NCB യുടെ കണ്ടെത്തൽ കോടതി അംഗീകരിക്കുകയും ഇരുവരെയും നിരുപാധികം മോചിപ്പിക്കാൻ 2021 മാർച്ച് 29 ന് ഉത്തരവാകുകയും ചെയ്തു.
അപ്പോഴേക്കും ഒരു തെറ്റും ചെയ്യാത്ത അവർ 21 മാസക്കാലമാണ് ഖത്തർ ജയിലിൽ കഴിച്ചുകൂട്ടിയതെന്നോർ ക്കണം. അതും ഏറെ പ്രതീക്ഷകളോടെ ഹണിമൂൺ ആഘോഷിക്കാൻ പോയവർ.
നടപടിക്രമങ്ങൾ പൂർത്തിയാകാൻ പിന്നെയും ദിവസങ്ങൾ വേണ്ടിവന്നു. ഇന്നലെയാണ് ( 14/04/2021) അവർ ജയിൽ മോചിതരായത്. ഇന്ന് വെളുപ്പിന് 2.35 ന് ഖത്തർ എയർ വെയ്‌സ് ഫ്ലൈറ്റ് നമ്പർ QR556 ൽ അവർ മുംബൈയിൽ ലാൻഡ് ചെയ്തപ്പോൾ സ്വീകരിക്കാൻ ബന്ധുക്കളുൾപ്പെടെ NCB അധികാരികളും സന്നിഹി തരായിരുന്നു.
21 മാസങ്ങൾക്കുശേഷം തടവറയിൽ നിന്നും മോചിതരായി എത്തിയ ഇരുവരെയും സ്വീകരിക്കവേ അവർക്കൊപ്പമുയർന്നുകേട്ട വേണ്ടപ്പെട്ടവരുടെ കൂട്ടക്കരച്ചിലുകൾ എയർപോർട്ട് ഉദ്യോഗസ്ഥരുടെയും മറ്റു യാത്രക്കാരുടെയും കണ്ണുകളെ ഈറനണിയിച്ചു. അത്ര ഹൃദയസ്പർശിയായിരുന്നു ആ സമാഗമം.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles