ഏപ്രിലിൽ വില്പനക്കെത്തിയ 2021 സുസൂക്കി ഹയാബൂസയുടെ ആദ്യ ബാച്ച് ദിവസങ്ങൾക്കകം വിറ്റു തീർന്നിരുന്നു. മൂന്നാം തലമുറ
ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ സുസുക്കി ഏപ്രിൽ മാസം 26നാണ് 2021 ഹയാബൂസ ഇന്ത്യയിലവതരിപ്പിച്ചത്. കൂടുതൽ ഷാർപ്പ് ആയ ബോഡി പാനലുകൾ, കൂടുതൽ ഇലക്ട്രോണിക്സ് പാക്കേജുകൾ, മുന്തിയ ബൈക്ക് ഘടകങ്ങൾ എന്നിവ സഹിതം തട്ടുപൊളിപ്പൻ ലുക്കിൽ എത്തിയിരിക്കുന്ന മൂന്നാം തലമുറ ഹയാബൂസയ്ക്ക് 16.40 ലക്ഷം ആണ് എക്സ്-ഷോറൂം വില. ലോഞ്ച് ചെയ്ത് രണ്ട ദിവസത്തിനുള്ളിലാണ് ആദ്യ ബാച്ച് 2021 ഹയാബൂസ യൂണിറ്റുകൾ സുസുക്കി മോട്ടോർസൈക്കിൾസ് ഇന്ത്യ വിറ്റു തീർത്തത്. ആദ്യ ബാച്ചിൽ ഹയാബൂസ വാങ്ങാം സാധിക്കാത്തവർ വിഷമിക്കേണ്ട, 2021 ഹയാബൂസയുടെ ബുക്കിങ് സുസുക്കി ഇന്ത്യയിൽ വീണ്ടും ആരംഭിക്കുകയാണ്.
ജൂലൈ 1 (വ്യാഴം) പകൽ 10 മണി മുതലാണ് 2021 സുസൂക്കി ഹയാബൂസയുടെ ബുക്കിങ് വീണ്ടും ആരംഭിക്കുന്നത്. സുസൂക്കിയുടെ പ്രീമിയം ഡീലർഷിപ്പുകളിൽ നേരിട്ട് ചെന്നോ വെബ്സൈറ്റ് വഴിയോ 1 ലക്ഷം രൂപ അടച്ച് 2021 ഹയാബൂസ ബുക്ക് ചെയ്യാം. രണ്ടാമത്തെ ബാച്ചിൽ എത്ര യൂണിറ്റുകളാണ് ഇന്ത്യയ്ക്കായി മാറ്റി വച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. ആദ്യ ബാച്ചിൽ ബുക്ക് ചെയ്തവർക്ക് ഇനിയും ഹയബൂസ യൂണിറ്റുകൾ ഡെലിവർ ചെയ്ത് കഴിഞ്ഞിട്ടില്ല സുസൂക്കി.
ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്/കാൻഡി ബേൺഡ് ഗോൾഡ്, മെറ്റാലിക് മാറ്റ് സ്വേഡ് സിൽവർ/കാൻഡി ഡെറിങ് റെഡ്, പേൾ ബ്രില്ലിയന്റ് വൈറ്റ്/മെറ്റാലിക് മാറ്റ് സ്റ്റെല്ലാർ ബ്ലൂ എന്നിങ്ങനെ 3 നിറങ്ങളിലാണ് 2021 ഹയാബൂസയെ സുസുക്കി ഇന്ത്യയിൽ അവതരിപ്പിച്ചത്. മുൻ തലമുറ ഹയാബൂസ മോഡലുകളുടെ ഏറെ ജനപ്രീതി നേടിയ ഡിസൈനിൽ നിന്നും കാര്യമായി വ്യതിചലിക്കാത്ത ആകാരമാണ് 2021 സുസുക്കി ഹയാബൂസയ്ക്ക്. എൻജിനും 1,340 സിസി, ലിക്വിഡ്-കൂൾഡ്, ഡിഎഎച്ച്സി, 16-വാൽവ്, ഇൻ-ലൈൻ 4 സിലിണ്ടർ എൻജിൻ തന്നെ. അതെ സമയം മികച്ച പവർ ഡെലിവറി ഉറപ്പിക്കാൻ ഓരോ ഘടകങ്ങളും മാറ്റി സ്ഥാപിച്ചിട്ടുണ്ട്. കാലോചിതമായ പരിഷ്കാരം ആണെങ്കിലും ഇവ എൻജിന്റെ ഔട്പുട്ട് 10 എച്പിയും ടോർക്ക് 5 എൻഎമ്മും കുറച്ചിട്ടുണ്ട്. 9,700 ആർപിഎമ്മിൽ 187 ബിഎച്ച്പി കരുത്തും 7,000 ആർപിഎമ്മിൽ 150 എൻഎം ടോർക്കുമാണ് പുത്തൻ എൻജിൻ നിർമിക്കുന്നത്. മണിക്കൂറിൽ 299 കിലോമീറ്റർ ആണ് 2021 ഹയാബൂസയുടെ പരമാവധി വേഗത.
ഇലക്ട്രോണിക് സ്യൂട്ടാണ് 2021 സുസുക്കി ഹയാബൂസയുടെ പ്രധാന ആകർഷണം. ബോഷിൽ നിന്നുള്ള 6-ആക്സിസ് ഇനേർഷ്യൽ യൂണിറ്റ് (IMU) ആണ് ഇതിൽ പ്രധാനം. പവർ മോഡ് സെലക്ടർ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ സിസ്റ്റം, ആന്റി-ലിഫ്റ്റ് കൺട്രോൾ സിസ്റ്റം, മോഷൻ ട്രാക്ക് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റ് സിസ്റ്റം എന്നിവ കൂടാതെ സുസുക്കി ഡ്രൈവ് മോഡ് സെലക്ടർ ആൽഫ (എസ്ഡിഎംഎസ്-എ) ഇലക്ട്രോണിക്സ് പാക്കേജും പുത്തൻ പതിപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മൂന്ന് ഫാക്ടറി പ്രീസെറ്റുകളും മൂന്ന് റൈഡർ ക്രമീകരണങ്ങളും ഇതിൽ സെറ്റ് ചെയ്യാം. ട്രാക്ഷൻ കൺട്രോൾ സിസ്റ്റത്തിന് 10 ലെവൽ ഇന്റെർവെൻഷനും 3-മോഡ് പവർ മോഡ് സെലക്ടറും ചേർത്തിട്ടുണ്ട്.
ടിഎഫ്ടി എൽസിഡിബി സ്ക്രീനടക്കം പരിഷ്ക്കരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ പക്ഷെ ഇപ്പോഴും അനലോഗ് ഡയലുകളാണ്. ആക്സിലറേഷനിന്റെ തോത്, തത്സമയ ഗിയർ പൊസിഷൻ, ലീൻ ആംഗിൾ, ബ്രേക്ക് പ്രെഷർ തുടങ്ങിയ ഒരുപാട് വിവരങ്ങൾ ഈ ഡിസ്പ്ലേ പ്രദർശിപ്പിക്കും. 2021 ഹയാബൂസയുടെ ബ്രിഡ്ജ്സ്റ്റോൺ ബാറ്റ്ലാക്സ് ഹൈപെർസ്പോർട്ട് S22 ടയറുകളെ പിടിച്ചു നിർത്താൻ മേൽത്തരം ബ്രെംബോ സ്റ്റൈലമ റേഡിയൽ-മൗണ്ട് ഫ്രണ്ട് കാലിഫറുകളുള്ള 320 എംഎം ഡിസ്ക് ബ്രെയ്ക്കുകളാണ്.