ഹൃദയം എന്ന ചിത്രത്തിലെ ആന്റോ എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ ശിവയെ നായകനാക്കി, ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അർജുൻ അജിത്ത് സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ‘മാരത്തോണി’ന്റെ ഒഫീഷ്യൽ ട്രൈലർ പുറത്തിറങ്ങി. കഥ പറച്ചിൽ മുതൽ കോവിഡ് അനുബന്ധ പ്രതികൂല സാഹചര്യങ്ങൾ മൂലം ചിത്രം പുറത്തിറക്കുവാനുള്ള ഒരു നിർമ്മാതാവിന്റെയും സംവിധായകന്റെയും ആകുലതകൾ ട്രൈലറിൽ ഹാസ്യാത്മകമായി അവതരിപ്പിച്ചിട്ടുണ്ട്.
ഒരു മുഴുനീള റൊമാൻ്റിക് കോമഡി ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഗ്രാമത്തിൽ നടക്കുന്ന രസകരമായ വിവിധ സംഭവങ്ങളെ കോർത്തിണക്കി രസച്ചരട് മുറിയാതെ ഒരൊറ്റ കഥയാക്കി മാറ്റിയതാണ് ‘മാരത്തോൺ’. ഹാസ്യ പശ്ചാത്തലം ആണെങ്കിൽ കൂടി പ്രണയവും ത്രില്ലറും ഒക്കെ ഉൾപ്പെട്ടതാണ് സിനിമ. ശിവ ഹരിഹരൻ, നന്ദന ആനന്ദ് എന്നിവർ നായികാ നായകന്മാരാകുന്ന ചിത്രത്തിൽ വിഹാൻ വിഷ്ണു, സുജിത്ത് രാജ് കൊച്ചുകുഞ്ഞു, ബബിജേഷ്, അർജുൻ ആർ അമ്പാട്ട്, മാസ്റ്റർ ആര്യൻ, ഡെറിക്, ജിപ്സൺ റോച്ച, പ്രവി പ്രഭാകർ, സൂര്യ, ഉച്ചിത് ബോസ്, ബേബി കൽപ്പാത്തി, ഷനൂജ്, ജിയോ, അമീർ, ഡിപിൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.