കൊച്ചി: സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി മടുത്ത് മത്സ്യത്തൊഴിലാളി ജീവനൊടുക്കി. നോര്‍ത്ത് പറവൂർ മാല്യങ്കര സ്വദേശി സജീവനാണ് വീട്ടുപറമ്പിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ചത്. ബാങ്ക് വായ്പ് ലഭിക്കുന്നതിനായി ഭൂമി തരം മാറ്റികിട്ടാന്‍ അപേക്ഷ നല്കിയ സജീവനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏറെ നടത്തിച്ചിരുന്നു. ആധാരത്തില്‍ നിലം എന്നുള്ള അഞ്ച് സെന്റ് ഭൂമി, പുരയിടം ആക്കാനായിരുന്നു സജീവന് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയത്.കൂടാതെ ആര്‍ഡിഒ ഓഫീസിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ അപമാനിച്ച് ഇറക്കിവിട്ടതായും ബന്ധുക്കള്‍ ആരോപിച്ചു. സര്‍ക്കാരിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ കത്തെഴുതി വച്ചാണ് സജീവന് ജീവനൊടുക്കിയത്. അതേസമയം, സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സജീവന്റെ കുടുംബം പറഞ്ഞു. ആര്‍ഡിഒ ഓഫീസില്‍ പോയിട്ട് വളരെ വിഷമിച്ചാണ് വന്നത്. പക്ഷേ എന്താണ് കാര്യമെന്ന് പറഞ്ഞില്ല. എത്രയും പെട്ടന്ന് ഫയലുകള്‍ നീക്കാനുള്ള തീരുമാനം അവര്‍ എടുക്കണം. ഞങ്ങളുടെ പണമാണ് അവര്‍ക്ക് ശമ്പളമായി ലഭിക്കുന്നത്. ജനങ്ങളോട് നീതികാണിക്കണം. ഒരു സാധാരണക്കാരനും ഇനി ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകരുതെന്ന് സജീവന്റെ മകള്‍ പറഞ്ഞു.