25.5 C
Kollam
Tuesday, August 9, 2022
spot_img

സൗദി കളം മാറ്റുന്നു; പുതിയ വിമാന കമ്പനി ഉടന്‍

റിയാദ്: ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. ഇക്കാലമത്രയും എണ്ണ വ്യാപാരത്തിലൂടെയാണ് സൗദി സമ്പത്തും പ്രതാപവും കൈവരിച്ചത്. എന്നാല്‍ വരുംകാലങ്ങളില്‍ എണ്ണ വ്യാപാരം കൊണ്ടുമാത്രം പിടിച്ചുനില്‍ക്കാനാകില്ല; ഈ തിരിച്ചറിവ് മുന്‍നിര്‍ത്തി വ്യോമയാന ബിസിനസില്‍ പിടിമുറുക്കാന്‍ ഒരുങ്ങുകയാണ് സൗദി.

കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സൗദി അറേബ്യയുടെ രണ്ടാമത്തെ വിമാന കമ്പനി വൈകാതെ പ്രവര്‍ത്തനം ആരംഭിക്കും.
ആകാശയാത്രാ ഭൂപടത്തില്‍ സൗദി അറേബ്യയ്ക്ക് കൂടുതല്‍ പ്രാധാന്യം നേടിക്കൊടുക്കുകയാണ് നീക്കത്തിന്റെ ലക്ഷ്യം. രണ്ടാമത്തെ വിമാന കമ്പനി കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ ആഗോള വിമാനഗതാഗത പട്ടികയില്‍ സൗദി അഞ്ചാം സ്ഥാനത്തേക്ക് ഉയരുമെന്ന് സൂചനയുണ്ട്. ഇതേസമയം, പുതിയ വിമാന കമ്പനിയുടെ രൂപീകരണവും സേവനങ്ങളും സംബന്ധിച്ച വിശാദാംശങ്ങള്‍ സൗദി അറേബ്യ പങ്കുവെച്ചിട്ടില്ല. എണ്ണയെ മാത്രം ആശ്രയിച്ച് നില്‍ക്കുന്ന സമ്പദ്ഘടനയെ മറ്റു മേഖലകളിലേക്ക് കൂടി വഴിതിരിച്ചു വിടുമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നു. 2030 ഓടെ 45 ബില്യണ്‍ റിയാല്‍ (12 ബില്യണ്‍ ഡോളര്‍) വരുമാനം എണ്ണയിതര മേഖലകളില്‍ നിന്നും കണ്ടെത്തുകയാണ് സൗദിയുടെ ലക്ഷ്യം. ഇതിനായി ആഭ്യന്തര സൗകര്യങ്ങള്‍ വിപുലീകരിക്കാനും സൗദി പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.


പുതിയ തുറമുഖങ്ങള്‍, റെയില്‍ പാതകള്‍, റോഡുകള്‍ എന്നിവ നിര്‍മിച്ച് ആഗോള തലത്തിലുള്ള ചരക്ക് നീക്കം സുഗമമാക്കാനും സൗദി നടപടികള്‍ സ്വീകരിക്കും. നിലവില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 6 ശതമാനം മാത്രമാണ് ഗതാഗതം, ചരക്കുനീക്കം എന്നീ മേഖലകളുടെ സംഭാവന. ഇത് 10 ശതമാനമാക്കി ഉയര്‍ത്താന്‍ സൗദി ഉദ്ദേശിക്കുന്നു. മൂന്നു വന്‍കരകളുമായി മികവേറിയ ഗതാഗതബന്ധം സ്ഥാപിക്കുക വഴി ഹജ്ജിനും ഉംറയ്ക്കും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് സൗദി അറേബ്യയുടെ കണക്കുകൂട്ടല്‍. ടൂറിസം മേഖലയിലും ഈ നടപടി പുത്തനുണര്‍വ് സമ്മാനിക്കും. രണ്ടാമത്തെ വിമാന കമ്പനി വരുന്നതോടെ സൗദിയില്‍ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം ചരക്കുശേഷിയും കൂടും. ഇപ്പോഴുള്ളതിനെക്കാള്‍ രണ്ടിരട്ടി ചരക്കുനീക്കം (4.5 മില്യണ്‍ ടണ്ണില്‍പ്പരം) നടത്താന്‍ കഴിയുമെന്നാണ് നിഗമനം.   നിലവില്‍ സൗദിയ (സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്) മാത്രമാണ് സൗദിയുടെ ഔദ്യോഗിക വിമാന കമ്പനി. മറ്റു വിമാന കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ സൗദിയക്ക് വ്യോമയാന ബിസിനസില്‍ കാര്യമായ സ്വാധീനമില്ല. ഇപ്പോഴാകട്ടെ, കോവിഡിനെത്തുടര്‍ന്ന് കമ്പനി നഷ്ടത്തിലാണുതാനും.
എന്തായാലും കോവിഡ് ഭീതി വീട്ടൊഴിയുമ്പോഴേക്കും വ്യോമയാന ബിസിനസില്‍ പിടിമുറുക്കുകയാണ് സൗദി അറേബ്യയുടെ പുതിയ ലക്ഷ്യം. രണ്ടാം വിമാന കമ്പനിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് റിയാദില്‍ പുതിയ വിമാനത്താവളം സൗദി നിര്‍മിക്കുന്നുണ്ടെന്ന് സൗദി മാധ്യമങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിയാദ് കേന്ദ്രീകരിച്ചായിരിക്കും പുതിയ വിമാന കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍. വിദേശ സഞ്ചാരികളെയും ബിസിനസ് യാത്രികരെയുമായിരിക്കും പുതിയ വിമാന കമ്പനി ലക്ഷ്യമിടുക. മറുഭാഗത്ത് ഹജ്ജിനും ഉംറയ്ക്കുമായി എത്തുന്ന മതവിശ്വാസികളെ ജിദ്ദ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൗദിയ കമ്പനിയുടെ സേവനം ലഭിക്കും .

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles