കൊച്ചി: കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. സൈജുവിന്റെ ഔഡി കാർ കസ്റ്റഡിയിൽ എടുത്ത് കൂടുതൽ തെളിവെടുപ്പ് നടത്തും. നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിലെ മുഴുവൻ ആളുകളെയും കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. സൈജുവിനെതിരായ മറ്റൊരു പരാതിയിൽ പൊലീസ് വഞ്ചന കേസും രജിസ്റ്റർ ചെയ്തിരുന്നു. നിർണായക തെളിവായ ഹാർഡ് ഡിസ്ക്ക് വീണ്ടെടുക്കാനായില്ലെങ്കിലും ലഭ്യമായ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടലിലുണ്ടായി രുന്ന ആളുകളെ കണ്ടെത്തി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മൂന്ന് ദിവസമായി കണ്ണങ്ങാട്ട് പാലത്തിന് സമീപമുള്ള കായലിൽ ഹാർഡ് ഡിസ്ക് കണ്ടെത്താനായി സ്കൂബ ഡൈവിങ് സംഘത്തെ ഇറക്കി പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.