മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യര്‍ സിബിഐ. സിനിമയുടെ അഞ്ചാം പതിപ്പ് അണിയറയില്‍ ഒരുങ്ങുകയാണ്. ഈ അവസരത്തില്‍ ലോക സിനിമ ചരിത്രത്തിലെ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സേതുരാമയ്യര്‍ സിബിഐ. സംവിധായകന് കെ.മധുവാണ് ഈ സന്തോഷ വാര്‍ത്ത തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്.
സേതുരാമയ്യര്‍ തന്റെ കേസ് ഡയറി ആദ്യമായി തുറന്നിട്ട് ഇന്ന് 34 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. കൃത്യമായി പറഞ്ഞാല്‍, 1988 ഫെബ്രുവരി 18നാണ് സിബിഐ പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് റിലീസ് ആയത്. മലയാള സിനിമയുടെ വലിയ ആകാശത്ത് നക്ഷത്ര ശോഭയോടെ ഒരു സിബിഐ ഡയറിക്കുറിപ്പ് ഇന്നും തിളങ്ങി നില്ക്കുന്നു.പിന്നെയും ഈശ്വരന് തന്റെ നിഗൂഢമായ പദ്ധതികള്‍ ഞങ്ങള്‍ക്കായി ഒരുക്കിയിരുന്നു. അങ്ങനെ അതേ ആകാശത്ത് സിബിഐ പരമ്പരയില്‍ നിന്നും മൂന്നു നക്ഷത്രങ്ങള്‍ കൂടി പിറന്നു. ആ വിജയ നക്ഷത്രങ്ങള്‍ പിന്നീട് ഒരു നക്ഷത്ര സമൂഹമായി. ഇപ്പോള്‍ അതിലേക്ക് ഒരു നക്ഷത്രം കൂടി പിറവി കൊള്ളാന്‍ ഒരുങ്ങുകയാണ്. ലോക സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരേ നായകന്, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന് എന്ന അപൂര്‍വ്വ നേട്ടം കൂടി സിബിഐയുടെ അഞ്ചാം പതിപ്പോടെ ഞങ്ങള്‍ സ്വന്തമാക്കുകയാണെന്ന് കെ.മധു ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.