കൊടുങ്ങല്ലൂര്‍ കളരിയുടെയും പച്ചമലയാള പ്രസ്ഥാനത്തിന്റെയും നെടുനായകത്വം വഹിച്ച പ്രതിഭാധനനായിരുന്നു കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്. 1864 സെപ്റ്റംബര്‍ 18 ന് കൊടുങ്ങല്ലൂര്‍ രാജകുടുംബത്തിലായിരുന്നു ജനനം. വെണ്മണി പരമേശ്വരൻ നമ്പൂതിരിയും കൊടുങ്ങല്ലൂർ കോവിലകത്തെ കുഞ്ഞിപ്പിള്ള തമ്പുരാട്ടിയുമായിരുന്നു മാതാപിതാക്കൾ. വ്യാസമഹാഭാരതം പദാനുപദം വൃത്താനുവൃത്തം പദാഖ്യാനം ചെയ്ത അദ്ദേഹം കേരളവ്യാസന് എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. 18 പര്‍വ്വങ്ങളിലായി 2000 ത്തോളം അധ്യായങ്ങളും 1,25,000 ശ്ലോകങ്ങളുമുള്ള വ്യാസഭാരതം കേവലം 874 ദിവസങ്ങള്‍ കൊണ്ട് അദ്ദേഹം വിവര്‍ത്തനം ചെയ്തു. കുഞ്ഞിക്കുട്ടന്‍ തമ്പുരാന് ഭാഷയ്ക്ക് നല്കിയ ഏറ്റവും വലിയ സേവനവും ഇത് തന്നെ. സംസ്കൃതപദങ്ങള്‍ തീര്‍ത്തും വര്‍ജ്ജിച്ച് തനി മലയാള പദങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള കാവ്യരചനാരീതിയായ പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും തമ്പുരാനാണ്. അംബോപദേശം, തുപ്പല്ക്കോളാമ്പി, നളചരിതം, സീതാസ്വയംവരം, ശബ്ദാലങ്കാരം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ആശ്ചര്യചൂഡാമണി, അഭിജ്ഞാന ശാകുന്തളം, ഒഥല്ലോ, ഹാംലെറ്റ് എന്നീ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനവും ചെയ്തിട്ടുണ്ട്. 1913 ജനുവരി 22 ന് അദ്ദേഹം അന്തരിച്ചു.