മുംബൈ: അണ്ണാ ഹസാരെ വീണ്ടും നിരാഹാര സമരത്തിന് ഒരുങ്ങുന്നു. ഇത്തവണ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ നയത്തിനെതിരെയാണ് അദ്ദേഹത്തിന്റെ സമരം.സൂപ്പര്‍ മാര്‍ക്കറ്റ് വഴി വൈന്‍ വില്ക്കാന് അനുമതി നല്‍കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കമാണ് അണ്ണാ ഹസാരെയെ ചൊടിപ്പിച്ചത്. തീരുമാനത്തിനെതിരെ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് മുന്നറിയിപ്പ് നല്കി ഹസാരെ മുഖ്യമന്ത്രിക്ക് കത്തയച്ചു. മുന്‍പ് കത്തെഴുതിയിട്ടും സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ബിജെപിയും ഈ തീരുമാനത്തിനെതിരെ രംഗത്തുണ്ട്.
സൂപ്പര്‍ മാര്‍ക്കറ്റുകളിലും പലചരക്ക് കടകളിലും വൈന്‍ വില്ക്കാന് അനുമതി നല്‍കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. എന്നാല്‍, ഈ തീരുമാനം വരും തലമുറയെ ബാധിക്കുമെന്നാണ് ഹസാരെയുടെ പക്ഷം. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ നിരാഹാര സമരം ഇരിക്കുമെന്നാണ് താക്കറെയ്ക്ക് അയച്ച കത്തില്‍ അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.