26.9 C
Kollam
Tuesday, May 17, 2022
spot_img

സിലിഗുരിയും പിടിച്ചു : 4 കോർപ്പറേഷനുകളിലും ടിഎംസി വിജയം ; ആവേശത്തോടെ മമത

കോൽക്കത്ത: പശ്ചിമ ബംഗാളിലെ നാലു മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമുൽ കോൺഗ്രസിനു വൻ വിജയം. ബിദാൻനഗർ, സിലിഗുരി, ചന്ദേർനഗോർ, അസൻസോൾ കോർപ്പറേഷനുകളിലാണ് ഇക്കഴിഞ്ഞ പന്ത്രണ്ടിന് വോട്ടെടുപ്പു നടന്നത്. ബിദാൻനഗറിൽ 41ൽ 39 സീറ്റും വിജയിച്ച് മമതയുടെ പാർട്ടി ഭരണം നിലനിർത്തി. കോൺഗ്രസിനും സ്വതന്ത്രനുമാണ് ഓരോ സീറ്റുകൾ. സിപിഎമ്മിനും ബിജെപിക്കും സീറ്റില്ല.ചന്ദേർനഗോറിൽ 32ൽ 31 സീറ്റും ടിഎംസിക്കാണ്. ഒരു വാർഡിൽ സിപിഎം സ്ഥാനാർഥി ജയിച്ചു. സിപിഎം നയിക്കുന്ന ഇടതുപക്ഷത്തുനിന്ന് സിലിഗുരിയും പിടിച്ചെടുത്തതാണ് ടിഎംസിയുടെ ഏറ്റവും മികച്ച പ്രകടനം. നാൽപ്പത്തേഴിൽ മുപ്പത്തേഴിടത്തും ടിഎംസിയാണു ജയിച്ചത്. അഞ്ചു സീറ്റ് പിടിച്ച് ബിജെപി പ്രതിപക്ഷത്തെത്തി. നാലിടത്തു മാത്രം ജയിച്ച ഇടതു മുന്നണി മൂന്നാം സ്ഥാനത്തായി. കോൺഗ്രസിന് ഒരു സീറ്റ്. സിലിഗുരിയിൽ ടിഎംസിക്ക് 78.72 ശതമാനം വോട്ടാണു കിട്ടിയത്. ബിജെപിക്കും സിപിഎമ്മിനും 10.64 ശതമാനവും 8.5 ശതമാനവും വീതം വോട്ട്. മൂവായിരം വോട്ടിനു വിജയിച്ച പാർട്ടി നേതാവ് ഗൗതം ദേവ് സിലിഗുരി മേയറാവുമെന്ന് ആവേശഭരിതയായ മമത പറഞ്ഞു. 

അസൻസോളിൽ അവസാനം ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം 106 വാർഡുകളിൽ 66ൽ ആണ് ടിഎംസിയുടെ വിജയം പ്രഖ്യാപിച്ചു കഴിഞ്ഞത്. അഞ്ചിടത്തു ലീഡ് ചെയ്യുന്നുമുണ്ട്. അഞ്ചിടത്തു ബിജെപിയും രണ്ടിടത്തു വീതം സിപിഎമ്മും കോൺഗ്രസും വിജയിച്ചു. ഇതു ജനങ്ങളുടെ വിജയമാണെന്നും സാധാരണക്കാർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ പാർട്ടിയും സർക്കാരും തുടരുമെന്നും മമത പറഞ്ഞു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നത് വിശാല താത്പര്യം കണക്കിലെടുത്താണ്. അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാർട്ടി ഒരു സീറ്റിൽ പോലും ദുർബലമാവാൻ താൻ അനുവദിക്കില്ലെന്നും മമത. ആദ്യ ഘട്ടം പോളിങ് നടന്ന യുപിയിലെ 57 സീറ്റിൽ മുപ്പത്തേഴിലും സമാജ് വാദി പാർട്ടി ജയിക്കുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ യുപിയിൽ തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയ മമത മാർച്ച് മൂന്നിന് വാരാണസിയിലും റാലി നടത്തുന്നുണ്ട്. കോൺഗ്രസുമായി ഒരു പ്രാദേശിക കക്ഷികൾക്കും ഇപ്പോൾ നല്ല ബന്ധമില്ലെന്നും മമത പറഞ്ഞു. 

Related Articles

stay connected

3,300FansLike
800FollowersFollow
17,100SubscribersSubscribe
- Advertisement -spot_img

Latest Articles