കര്‍ഷകരുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പി.എം. കിസാന്‍ പദ്ധതിക്കു കീഴില്‍ ഇ- കെ.വൈ.സി. നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള അവസാന മണിക്കൂറുകളാണ് മുന്നിലുള്ളത്. പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ തുടര്‍ന്നു ലഭിക്കണമെങ്കില്‍ ഉപയോക്താക്കള്‍ നിര്‍ബന്ധമായും നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇ- കെ.വൈ.സി. പൂര്‍ത്തീകരിക്കുന്നവര്‍ക്കു മാത്രമാകും പദ്ധയിയുടെ 11-ാം ഗഡു ലഭിക്കുക. ഇ- കെ.വൈ.സി. നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള അവസാന തീയതി 2022 മേയ് 31 ആണ്. ഇ- കെ.വൈ.സി. നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനു ഇതിനകം തന്നെ സര്‍ക്കാര്‍ ആവശ്യത്തിലധികം സമയം അനുവദിച്ചു കഴിഞ്ഞെന്നാണു വിലയിരുത്തല്‍. കൊവിഡിനെ തുടര്‍ന്നും, അല്ലാതെയും നിരവധി തവണയാണ് സര്‍ക്കാര്‍ സമയപരിധി നീട്ടിയത്.അര്‍ഹരായ ആരും പദ്ധതിക്കു പുറത്തു പോകാതിരിക്കാനാണു ഇത്രയും സാവകാശം അനുവദിച്ചത്. അതുകൊണ്ടു തന്നെ ഇനിയും സമയപരിധി നീട്ടാന്‍ സാധ്യതയില്ല. അനര്‍ഹരെ പദ്ധതിയില്‍ നിന്നു പുറത്താക്കുകയാണ് ഇ- കെ.വൈ.സിയുടെ ലക്ഷ്യം. ഇപ്പോള്‍ വീട്ടിലിരുന്നു തന്നെ ഇ- കെ.വൈ.സി. നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. പി.എം. കിസാന്‍ പദ്ധതിയുടെ ഇ- കെ.വൈ.സി. എങ്ങനെ പൂര്‍ത്തീകരിക്കാമെന്ന വിവരങ്ങളാണ് താഴെ നല്‍കുന്നത്.
- ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക- pmkisan.nic.in
- ‘ഫാര്‍മേഴ്സ് കോര്‍ണര്‍’ വിഭാഗത്തിന് താഴെയുള്ള ‘eKYC’ ക്ലിക്ക് ചെയ്യുക.
- ഒ.ടി.പി. അടിസ്ഥാനമാക്കിയുള്ള ‘eKYC’ വിഭാഗത്തിന് കീഴില്‍, നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്കി തുടരുക.
- നിങ്ങളുടെ ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറില്‍ ഒ.ടി.പി. ലഭിക്കും. ഈ ഒ.ടി.പി. നിര്‍ദിഷ്ട സ്ഥലത്ത് നല്‍കുക.
- നല്കിയ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം eKYC പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് അറിയിപ്പ് ലഭിക്കും.
മുകളിൽ പറഞ്ഞ പ്രക്രിയയിൽ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ അക്ഷയകേന്ദ്രങ്ങളെയോ, പൊതു സേവന കേന്ദ്രങ്ങളെയോ സമീപിക്കാവുന്നതാണ്.പദ്ധതിക്കു കീഴില്‍ അനര്‍ഹരായ നിരവധി ആളുകള്‍ ഇതോടകം അനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെന്നാണു വിവരം. ഇ- കെ.വൈ.സി. നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ആളുകള്‍ പദ്ധതിക്കു പുറത്തേയ്ക്കു പോകുമെന്നാണു വിലയിരുത്തല്‍. ഒരു വര്‍ഷം 2000 രൂപയുടെ മൂന്നു ഗഡുക്കളായി 6000 രൂപയാണ് പദ്ധതിക്കു കീഴില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൈമാറുന്നത്.അനര്‍ഹമായി അനുകൂല്യങ്ങള്‍ കൈപ്പറ്റിയവര്‍ പലിശ സഹിതം തുക തിരികെ അടയ്ക്കേണ്ടി വരുമെന്നാണു വിവരം. അല്ലാത്തപക്ഷം ശിക്ഷണ നടപടികള്‍ നേരിടേണ്ടി വരും. പദ്ധതിക്കു കീഴിലുള്ള ആനുകൂല്യങ്ങള്‍ 12,000 രൂപയായി വര്‍ധിപ്പിച്ചേക്കുമെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ട്.