മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി. ദുരൂഹ സാഹചര്യത്തിൽ മരിച്ച ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകുമെന്നാണ് ഭീഷണി. ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. ഭീഷണിയെ ഗൗരവമായി കാണുന്നില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും സമസ്ത അധ്യക്ഷൻ വ്യക്തമാക്കി. മലപ്പുറം ആനക്കയത്ത് അഖില കേരള ഹിഫ്ള് കോളെജ് ആര്‍ട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ പള്ളികള്‍ കേന്ദ്രീകരിച്ച് മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത സമര പരിപാടിക്കെതിരെ പരസ്യ നിലാപട് എടുത്തതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് എതിരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെയാണ് തനിക്ക് വധഭീഷണി ഉണ്ടെന്ന് തങ്ങൾ പറയുന്നത്. പള്ളിയില്‍ വഖഫ് വിഷയത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള മുസ്ലിം ലീഗ് തീരുമാനത്തെ തങ്ങള്‍ തള്ളിയതാണ് ലീഗിനെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ കോഴിക്കോട് കടപ്പുറത്ത് ലീഗ് സംഘടിപ്പിച്ച റാലിയിലും തങ്ങള്‍ക്ക് എതിരെ പരോക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.