കൊല്ലം : പാട്ടും, കവിതകളും, കളികളും ആഘോഷങ്ങളും നിറഞ്ഞ വ്യത്യസ്ത കൂട്ടായ്മയായി ‘തറവാട്’ നവമാധ്യമ സംഗമം. കൊല്ലം കൊച്ചുപിലാമൂട് റെഡ്ക്രോസ്സ് ഹാളിലാണ് കുട്ടികൾമുതൽ പ്രായമായവർ വരെ ഒരുമിച്ച് ആട്ടവും പാട്ടുമായി ‘തറവാട്’ ആഘോഷിച്ചത്. ഒരു ഗ്രൂപ്പുകളുടെയും പരിവേഷമില്ലാതെ ഫേസ്ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ നവമാധ്യമങ്ങളിലെ അംഗങ്ങളാണ് തറവാട് എന്ന പേരിൽ ഒരുമിച്ച് കൂടിയത്. പലരും ആദ്യമായി കാണുന്നവർ. അപരിചിതത്വത്തിന്റെ അകൽച്ചകളൊന്നും അവർക്കില്ലായിരുന്നു. പരിചയപ്പെട്ടും സൗഹൃദങ്ങൾ പുതുക്കിയും തങ്ങളുടേതായ വിഷമങ്ങളെല്ലാം മറന്ന് ഒരു ദിനം അവർ പങ്കിടുകയായിരുന്നു.
വെളുത്ത താടിയും മുടിയുമുള്ള എഴുപതുകാരൻ സന്തോഷ് കുമാറായിരുന്നു തറവാട്ടിലെ കാരണവർ. ഇളമുറക്കാരണവരായി ബാലുവണ്ണനെന്ന് എല്ലാവരും സ്നേഹത്തിൽ വിളിക്കുന്ന എസ്. അജയകുമാറും. നിരവധി കവികളും എഴുത്തുകാരും, ഗായകരും, സിനിമാ പ്രവർത്തകരുമൊക്കെ തറവാട് സംഗമത്തിനെത്തിയിരുന്നു. നാടകസിനിമാനടനും ഗിന്നസ് ജേതാവുമായ കെ. പി. എ. സി. ലീലാകൃഷ്ണൻ തറവാടിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വലിയൊരു കൂട്ടുകുടുംബത്തിന്റെ ഓർമകളിലേക്കുള്ള തിരിച്ചുപോക്കാണ് തറവാടെന്ന് കെ പി എ സി ലീലാകൃഷ്ണൻ പറഞ്ഞു.
റെഡ്ക്രോസ്സ് കൊല്ലം ജില്ലാ ചെയർമാൻ ഡോ. മാത്യു ജോൺ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ ജോർജ് എഫ് സേവ്യർ വലിയവീട്, ജനറൽ കൺവീനർ റാണി നൗഷാദ്, റെഡ്ക്രോസ്സ് വൈസ് ചെയർമാൻ പ്രൊഫ. ജി. മോഹൻദാസ്, സെക്രട്ടറി എസ്. അജയകുമാർ, ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി. എം. എസ് മണി, ജനറൽ സെക്രട്ടറി നേതാജി ബി. രാജേന്ദ്രൻ, സ്വാഗത സംഘം രക്ഷാധികാരി മാരായ സുരേഷ് ബാബു, ഇഗ്നേഷ്യസ് ജി ജോസ്, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ബെറ്റ്സി എഡിസൺ, ഇഗ്നേഷ്യസ് വിക്ടർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനുവരി ഇരുപത്തിയാറി ന് അൻപത് പേരുടെ ബോട്ടിങ് എന്ന തീരുമാനത്തോടെയാണ് തറവാടിന്റെ അന്നത്തെ പരിപാടികൾ അവസാനിച്ചത്.