കൊല്ലം: ശെന്തുരുണിയിൽ പറക്കാൻ ആറു പുതുമുഖങ്ങൾ. കാട്ടുപൂക്കളിൽ മുത്തമിടാൻ നാലു പുത്തൻ ചിത്രശലഭങ്ങളും അഞ്ച് തുമ്പികളും. ഇതുവരെ ശെന്തുരുണിയിൽ കണ്ടിട്ടില്ലാത്ത മേനിപ്പൊൻമാൻ, ഹിമാലയൻ ശരപക്ഷി എന്നിവ ഉൾപ്പെടെ 153 ഇനം പക്ഷികളെയാണ് തിരുവനന്തപുരം ആസ്ഥാനമായ ട്രാവൻകൂർ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റി, വനം വന്യജീവി വകുപ്പുമായി ചേർന്ന് മൂന്നുദിവസം നടത്തിയ നിരീക്ഷണത്തിൽ കണ്ടെത്തിയത്. സ്റ്റെപ്പെ വൻ പരുന്ത്, സ്റ്റെപ്പെ പരുന്ത്, ബോർഡില്യാൻ കരിങ്കിളി, അശാമ്പു ഷോലക്കിളി, ഇന്ത്യൻ ബ്ലൂ റോബിൻ, ചെറുമീൻ പരുന്ത് എന്നിവയാണ് ഇവിടുത്തെ പുത്തൻ അതിഥികൾ.
ഇതോടെ ശെന്തുരുണിയിൽ പാറിപ്പറക്കാൻ 255 ഇനം പക്ഷികളായി. 191 ഇനം ചിത്രശലഭങ്ങളും വിഹരിക്കുന്നു. കാട്ടുപൊന്തച്ചുറ്റൻ, കോകലൻ, കുഞ്ഞിമാരൻ, ഗരുഡശലഭം, കുളങ്കാടൻ എന്നിവയാണ് ശലഭത്തിലെ പുത്തൻ അതിഥികൾ. വയൽ ചാത്തൻ, ചോലചാത്തൻ, സന്ധ്യത്തുമ്പി, മഞ്ഞക്കറുപ്പൻ മുളവാലൻ, കരിമുത്തൻ തുടങ്ങിയ അഞ്ചിനം തുമ്പികളെക്കൂടി കണ്ടെത്തി. ഇതോടെ ശെന്തുരുണിയിലെ തുമ്പികളുടെ ഇനം 94ആയി.ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി തിരുവനന്തപുരം അംഗം ഡോ. കലേശ് സദാശിവന്റെ നേതൃത്വത്തിൽ ഗവേഷകരായ വിനയൻ പി നായർ, ഡോ. അനൂപ് രാജാമണി, വൈൽഡ്ലൈഫ് വാർഡൻ ബി സജീവ്കുമാർ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻമാരായ കെ ജയകുമാർ, ബി ഷിജു എന്നിവരാണ് നിരീക്ഷണത്തിൽ പങ്കെടുത്തത്.