ശക്തികുളങ്ങര : തൊഴിലാളി സംഘടനയുടെ വ്യാജ രസീത് ഉപയോഗിച്ച് പണം പിരിച്ച രണ്ട് പേർ പിടിയിലായി . തിരുവനന്തപുരം പളളിക്കൽ വില്ലേജിൽ കെ.കെ കോണം വാർഡിൽ കോണത്ത് വീട്ടിൽ അബ്ദുൽ സത്താർ മകൻ അൽ അമീൻ (40), തിരുവനന്തപുരം വട്ടിയൂർക്കാവ് വില്ലേജിൽ വലിയവിള വടക്കേകുന്നത്ത് വീട്ടിൽ അപ്പുക്കുട്ടൻ മകൻ മണിയപ്പൻ (61) എന്നിവരാണ് പോലീസ് പിടിയിലായത്. ശക്തികുളങ്ങര കല്ലുപ്പുറത്തുളള ഐസ് പ്ലാന്റിൽ ആൾ ഇൻഡ്യ സെൻട്രൽ ട്രേഡ് യൂണിയൻ എന്ന സംഘടനയുടെ പേരിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നമുളള വ്യാജ രസീതും നോട്ടീസും ഉപയോഗിച്ച് പണപ്പിരിവിന് എത്തുകയായിരുന്നു. ആയിരം രൂപാ രസീത് എഴുതി നൽകി പണം ആവശ്യപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന പ്ലാന്റിലെ ജീവനക്കാരനോട് സി.പി.ഐ.എം തൊഴിലാളി സംഘടനയാണെന്ന് പറഞ്ഞാണ് ഇവർ പണം ആവശ്യപ്പെട്ടത്. പ്ലാന്റിലെ മാനേജർ തിരികെ വന്ന് രസീത് പരിശോധിച്ചതിൽ വ്യാജ സംഘടനയാണെന്ന് തിരിച്ചറിഞ്ഞ് പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. പോലീസ് ഇവരെ ശക്തികുളങ്ങര നിന്നും പിടികൂടി. പരിശോധനയിൽ മറ്റ് സ്ഥലങ്ങളിൽ നിന്നും ഇവർ പിരിവ് നടത്തിയതായി വ്യക്തമായി. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിജു.യു, സബ്ബ് ഇൻസ്പെക്ടർമാരായ അനീഷ്, ഷാജഹാൻ, എ.എസ്സ്.ഐ മാരായ സുനിൽകുമാർ, അനിൽകുമാർ എസ്.സി.പി.ഒ മാരായ ബിജു, ശ്രീലാൽ സി.പി.ഒ സൗമ്യ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.