കോട്ടയം: വൈക്കത്ത് വെള്ളിയാഴ്ച കാണാതായ മൂത്തേടത്തുകാവ് സ്വദേശിയുടെ മൃതദേഹം വൈക്കം അന്ധകാരത്തോട്ടിൽ കണ്ടെത്തി. വൈക്കം മൂത്തേടത്തുകാവ് പയററ്റുകോളനിയിൽ വിശ്വനാഥന്റെ മൃതദേഹമാണ് മൂത്തേടത്ത് കാവിലെ തോട്ടിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ശേഷം പൊലീസ് വിവരം അറിയിച്ചതോടെ ബന്ധുക്കളാണ് സ്ഥലത്തെത്തി വിശ്വനാഥനെ തിരിച്ചറിഞ്ഞത്. ഫെബ്രുവരി നാലിനാണ് വിശ്വനാഥനെ വീട്ടിൽനിന്നും കാണാതായത്. വൈക്കത്തേക്ക് പോകുകയാണെന്ന് പറഞ്ഞിറങ്ങിയ ഇയാൾ പിന്നീട് തിരികെ എത്തിയില്ല. തുടർന്ന് ബന്ധുക്കൾ വൈക്കം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഞായറാഴ്ച രാവിലെയാണ് അന്ധകാര തോട്ടിൽ അജ്ഞാതമൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന് കാണാതായ വിശ്വനാഥനുമായി സാമ്യം തോന്നിയതിനെ തുടർന്ന് പൊലീസ് ബന്ധുക്കളെ വിളിച്ചു വരുത്തി തിരിച്ചറിയുകയായിരുന്നു. സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവമുള്ള വിശ്വനാഥൻ സമീപത്തെ ബാറിൽ പോയി വരും വഴി കാൽവഴുതി തോട്ടിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വൈക്കം പൊലീസ് കേസെടുത്തു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.