ധീരദേശാഭിമാനിയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പടപൊരുതി ജീവാര്‍പ്പണം ചെയ്ത പോരാളിയുമായ വേലുത്തമ്പി ദളവയുടെ സ്മരാണാര്‍ത്ഥം സ്ഥാപിച്ച മ്യൂസിയമാണ് മണ്ണടി വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം. വേലുത്തമ്പി ദളവ ആത്മാഹൂതി ചെയ്ത മണ്ണടിയില്‍ 2010 ഫെബ്രുവരി 14 നാണ് മ്യൂസിയം ആരംഭിച്ചത്. തിരുവിതാംകൂറിന്റെ ‘ദളവ’ (പ്രധാനമന്ത്രി) ആയിരുന്ന വേലുത്തമ്പി ബ്രിട്ടീഷുകാരുടെ സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളെ വിപ്ലവത്തിന് പ്രേരിപ്പിക്കുകയും സ്വയം കലാപത്തിനിറങ്ങുകയുമായിരുന്നു.
രണ്ടു നിലകളിലായി പണിഞ്ഞിട്ടുള്ള മ്യൂസിയം കെട്ടിടത്തിന്റെ മുന്നില്‍ വേലുത്തമ്പി ദളവയുടെ പൂര്‍ണ്ണകായ വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. മ്യൂസിയത്തിന്റെ താഴെ നില ഓപ്പണ്‍ എയര്‍ ഗ്യാലറിയാണ്. ഇവിടെ മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ ശ്രീ ചിത്തിര തിരുനാള്‍ വരെയുള്ള എല്ലാ തിരുവിതാംകൂര്‍ രാജാക്കന്മാരുടെയും ഛായാചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ശ്രീബുദ്ധന്റെ ശിലാ വിഗ്രഹം, നാഗരൂപങ്ങള്, നാഗാരാധനയുടെ കോലങ്ങള്‍, പുരാതന കാര്‍ഷികോപകരണങ്ങള്‍, പഴയകാല യുദ്ധേപകരണങ്ങളായ പീരങ്കികള്‍, പീരങ്കി ഉണ്ടകള്‍, വാള്, കുന്തം, കഠാരകള്‍, കായംകുളം വാള് തുടങ്ങിയവയെല്ലാം ഇവിടെ പ്രദര്‍ശനത്തിനുണ്ട്. കൂടാതെ വിപുലമായ ഒരു നാണയ ഗ്യാലറിയും സജ്ജീകരിച്ചിരിക്കുന്നു. വേലുത്തമ്പി ദളവയുടെ ജീവചരിത്രം വ്യക്തമാക്കുന്ന ചിത്രപ്രദര്‍ശനവും ആകര്‍ഷകമാണ്.
പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ
പ്രവേശനം സൗജന്യം
