ഓയൂർ: വേനൽ കടുത്തു കുടിവെള്ള ഷാമം രൂക്ഷമായ അവസ്ഥയിലും ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കുടിവെള്ളപൈപ്പുകൾ പൊട്ടി ശുദ്ധജലം പലസ്ഥലങ്ങളിലും പാഴാവുകയാണ്. പൂയപ്പള്ളി പഞ്ചായത്തിലെ പല ഭാഗങ്ങളിലും ഇതാണ് അവസ്ഥ. ഓയൂർ കൊട്ടാരക്കര റോഡിൽ കുരിശിൻമൂട് മാർത്തോമാ പള്ളിക്കു സമീപം റോഡിൽ നിരന്തരമായി പൈപ്പ് പൊട്ടി കുടിവെളളം നഷ്ടപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. അധികൃതരോട് നിരവധി തവണ പരാതികൾ പറഞ്ഞിട്ടും അറ്റകുറ്റപണികൾ നടത്താൻ തയ്യാറായിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി. പൈപ്പ് പൊട്ടി കുഴിയായി മാറിയ സ്ഥലത്ത് പാറക്കഷണങ്ങൾ വച്ചിരിക്കുന്നതും വൻ അപകടത്തിന് വഴിയൊരുക്കുന്നു. രാത്രിയിൽ ഇതുവഴി വരുന്ന ഇരുചക്രവാഹനയാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. ജപ്പാൻ കുടിവെള്ളപൈപ്പുകളുടെ നിലവാരമില്ലാത്ത പൈപ്പുകൾ പലസ്ഥലങ്ങളിലും പൊട്ടി പ്രധാന റോഡുകൾ പലതും കുളമായ അവസ്ഥയിലാണ്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വാളകത്തെ ബന്ധപ്പെട്ട ഓഫീസിൽ പരാതി പറയാൻ വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നും പറയപ്പെടുന്നു .
ഓയൂർ കൊട്ടാരക്കര റോഡിൽ പൂയപ്പള്ളി ജങ്ഷൻ തുടങ്ങി പലഭാഗത്തും ജപ്പാൻ കുടിവെള്ള പൈപ്പുകൾ നിരന്തരമായി പൊട്ടുന്നത് റോഡുകൾ നശിക്കാനും കാരണമാകുന്നു. വെളിനല്ലൂർ പഞ്ചായത്തിലെ പലമേഖലകളിലും ഇതാണ് അവസ്ഥ. ജപ്പാൻ കുടിവെള്ള കണക്ഷൻ നൽകാൻ റോഡിന്റെ മധ്യഭാഗം വെട്ടികുഴിച്ചു കണക്ഷൻ നൽകിയ ശേക്ഷം കരാറുകാർ കുഴി നികത്താതെ പോകുന്നത് മൂലം അടുത്തിടെ പണിത റോഡുകളിൽ പലതും കുണ്ടും കുഴിയുമായി കിടക്കുന്ന അവസ്ഥയാണ് ഇതിനു പരിഹാരം കാണാത്തപക്ഷം ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാർക്കെതിരെയും അധികാരികൾക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് സാമൂഹ്യപ്രവർത്തകർ
