കണ്ണനല്ലൂർ : വൃദ്ധനായ ഭർതൃപിതാവിനെ പാരയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മരുമകൾ പോലീസ് പിടിയിലായി. മീയണ്ണൂർ കൊട്ടുപാറ റോഡുവിള പുത്തൻവീട് രാജൻ ഭാര്യ സെലീന പെരേര (39) യെയാണ് പോലീസ് പിടികൂടിയത്. ദീർഘനാളായി പൊടിയന്റെയും ഭാര്യയുടെയും പേരിലുളള ഇരുപത്തി മൂന്നര സെന്റ് വസ്തുവും വീടും മരുമകളുടെ പേരിൽ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് വഴക്ക് നടന്നു വരുകയായിരുന്നു. വൃദ്ധരായ തങ്ങളെ സംരക്ഷിക്കില്ല എന്നതിനാൽ പൊടിൻ വസ്തു എഴുതി നൽകാൻ തയ്യാറായില്ല. കഴിഞ്ഞ രണ്ടാം തീയതി രാത്രിയും ഇവർ തമ്മിൽ വക്കേറ്റം ഉണ്ടാവുകയും അടുക്കളയിൽ ഇരുന്ന പാരയെടുത്ത് ഇവർ പൊടിയനെ (76) തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തലയോട്ടിക്ക് പൊട്ടലും ഗുരുതരമായ പരിക്കുമേറ്റ വൃദ്ധനെ ആദ്യം മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലും തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പൊടിയൻ ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുന്നു. കണ്ണനല്ലൂർ ഇൻസ്പെക്ടർ വിപിൻകുമാർ യുപി, എസ്.ഐ സജീവ്, എ.എസ്സ്.ഐ ബിജു, സി.പി.ഓ ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.