തൃശൂർ ജില്ലയിൽ പെരിഞ്ചേരിയിൽ ഭർത്താവിനെ ഭാര്യ കമ്പിവടികൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയകേസ് പുതിയ വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്. പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെയാണ് ഭർത്താവിനെ കാമുകന്റെ സഹായത്തോടെ രേഷ്മ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. സ്വർണാഭരണ നിർമാണത്തൊഴിലാളിയായ ബംഗാൾ ഹുബ്ലി ഫരീദ്പൂർ സ്വദേശി മന്‍സൂർ മാലിക്ക് (40) ആണു അതിദാരുണമായി കൊല്ലപ്പെട്ടത്. ഭർത്താവ് മദ്യപിച്ച് വഴക്കുണ്ടാക്കുമായിരുന്നുവെന്നും കുടുംബ പ്രശ്നത്തെ തുടർന്ന് കമ്പിപ്പാര കൊണ്ട് മൻസൂറിനെ തലയ്ക്ക് അടിച്ചു കൊന്നുവെന്നുമായിരുന്നു രേഷ്മ പൊലീസിന് നൽകിയ മൊഴി. അപ്പോഴും രേഷ്മ ബീവിയാണ് കൊലപാതകം നടത്തിയതെന്നതിൽ പൊലീസിന് ഉറപ്പിക്കാൻ കഴിഞ്ഞില്ല. എന്നാല്‍ രേഷ്മയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാമുകന്റെ പങ്ക് വെളിവായത്. വീട്ടുവഴക്കിനെ ത്തുടർന്നു താൻ അബദ്ധത്തിൽ അടിച്ചപ്പോൾ ഭർത്താവ് കൊല്ലപ്പെട്ടതാണെന്ന ഭാര്യയുടെ വാദമാണു പൊളിഞ്ഞത്. കാമുകനാണ് കൊലപാതകം നടത്തിയതെന്നും മൃതദേഹം കുഴിച്ചുമൂടിയതെന്നും പൊലീസ് കണ്ടെത്തി.
എല്ലാം കൃത്യമായ മുന്നൊരുക്കത്തോടെ
പ്രാഥമിക അന്വേഷണത്തിൽ തന്നെ രേഷ്മയുടെ വാദങ്ങളിൽ പൊരുത്തക്കേടുകൾ ഉള്ളതായി പൊലീസിന് സംശയം തോന്നിയിരുന്നു. ചോദ്യം ചെയ്തപ്പോൾ ഭർത്താവ് തന്റെ അടിയേറ്റു മരിച്ചെന്നും തങ്ങളുടെ തന്നെ തൊഴിലാളിയായ ബംഗാൾ സ്വദേശി ധീരുവിന്റെ (33) സഹായത്തോടെ മൃതദേഹം കുഴിച്ചിട്ടെന്നു മായിരുന്നു രേഷ്മയുടെ കുറ്റസമ്മതം. എന്നാൽ, ഇരുവരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യഥാർഥ സത്യങ്ങൾ പുറത്തുവന്നത്.താനും ധീരുവും അടുപ്പത്തിലായിരുന്നുവെന്നു രേഷ്മ സമ്മതിച്ചു. ഒന്നിച്ചു ജീവിക്കാൻ വേണ്ടി തന്റെ സമ്മതത്തോടെ ധീരു മാലിക്കിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്നും രേഷ്മ പറഞ്ഞു. ഇരുവരും ഒന്നിച്ചു ജീവിക്കാൻ വേണ്ടി സ്വന്തമായി വീടുവാങ്ങിയെന്ന സൂചനയും പൊലീസിനു ലഭിച്ചിട്ടുണ്ട്.ഭാര്യ രേഷ്മ ബീവി (33) , കാമുകന് ധീരു (30) എന്നിവരെ പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഭർത്താവിനെ വകവരുത്തിയത് കാമുകനോടൊപ്പം സുഖ ജീവിതം നയിക്കാൻ
ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ബീരുവിനെ രേഷ്മ സഹായിക്കുകയായിരുന്നു. ഏറെ നാളുകളായി ബീരുവും രേഷ്മയും തമ്മിൽ അവിഹിതബന്ധത്തിലായിരുന്നു. മൃതദേഹം ഒരു ദിവസം ഒളിപ്പിച്ച ശേഷമാണ് കുഴിച്ചുമൂടി യതെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം കുഴിച്ചിട്ട ശേഷം ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് രേഷ്മ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. എന്നാല്‍ അന്വേഷണത്തില്‍ രേഷ്മ കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിടുകയായിരുന്നുവെന്ന് കണ്ടെത്തി. പരാതി നൽകി രണ്ട് മണിക്കൂറിനുള്ളിലാണ് രേഷ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ മക്കളെ ചൈൽഡ് വെൽഫെയർ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.
11 വർഷമായി മൻസൂർ കേരളത്തിൽ സ്വർണപണി നടത്തി വരികയായിരുന്നു. പാറക്കോവിലിലെ വാടക വീട്ടിൽ ഭാര്യയും രണ്ട് മക്കളോടൊപ്പം ഒരു കൊല്ലമായി താമസിച്ചു വരികയായിരുന്നു. മുകൾ നിലയിൽ മൻസൂറിന്റെ കുടുംബവും താഴത്തെനിലയിൽ ബീരുവിന്റെ കുടുംബവുമാണ്താമസിച്ചിരുന്നത്. സ്വർണപണിയിൽ സഹായിയായ മറ്റൊരു അതിഥി തൊഴിലാളിയും ബീരുവിന്റെ കൂടെ താമസിച്ചു വന്നിരുന്നു. മൻസൂറിന്റെയും രേഷ്മയുടെയും പന്ത്രണ്ടും ഏഴും വയസ്സുള്ള ആൺകുട്ടികൾ അവർക്കൊപ്പം മുകളിലത്തെ നിലയിൽ ഉണ്ടായിരുന്നു. കുട്ടികളുമായി സംസാരിച്ചതിൽ കൊലപാതകമോ വഴക്കോ നടന്നതിന്റെ യാതൊരു സൂചനയും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്കുട്ടികൾ മാത്രമല്ല അയൽവാസികളും കൊലപാതകത്തെ കുറിച്ച് അറിഞ്ഞില്ലെന്നു പൊലീസിനോട് പറഞ്ഞു. ഒരടി താഴ്ചയുള്ള കുഴിയുണ്ടാക്കിയാണ് മൃതദേഹം മറവു ചെയ്തിരിക്കുന്നത്. മണ്ണിന് മുകളിൽ കരിയിലകളും ചവറും കൂടി കിടന്നതിനാൽ കുഴിച്ചു മൂടിയ ഭാഗം വ്യക്തമായിരുന്നില്ല. ഒരാഴ്ചയായിട്ടും പരിസരത്ത് ദുർഗന്ധമുണ്ടാകാതിരുന്നതും കൊലപാതകം പുറത്തറിയാൻ വൈകുന്നതിന് കാരണമായി.