വീടു വയ്ക്കാൻ മാത്രമല്ല വീട് അറ്റകുറ്റപ്പണിക്കും സര്‍ക്കാര്‍ ധനസഹായം. 50,000 രൂപയാണ് ഇപ്പോൾ ധനസഹായം നൽകുന്നത്. ഒരു വീടു വയ്ക്കൽ മാത്രമല്ല. വീട് അറ്റ കുറ്റപ്പണികളും ചെലവേറിയതാണ്. ഓരോ വര്‍ഷവും മെയിൻറനൻസിനായി നിശ്ചിത തുക നീക്കി വെച്ചില്ലെങ്കിൽ വര്‍ഷങ്ങൾ പിന്നിടുമ്പോൾ മോടി ഒക്കെ പോയി വീടാകെ നാശമായിട്ടുണ്ടാകും. വീടിൻെറ അറ്റകുറ്റപ്പണികൾക്കായി കൈയിൽ നിന്ന് ചെലവാകുന്ന തുക അപ്പോൾ ഇരട്ടിയോളം വരും. വീടു വയ്ക്കാൻ ധനസഹായ പദ്ധതികൾ നടപ്പാക്കുന്നതു പോലെ തന്നെ ന്യൂനപക്ഷ സമുദായാംഗങ്ങൾക്കായി വീട് അറ്റ കുറ്റപ്പണിക്ക് പ്രത്യേക ധനസഹായവും സര്‍ക്കാര്‍ നൽകുന്നുണ്ട്.
ഈ പദ്ധതി പ്രകാരം ന്യൂനപക്ഷ സമുദായാംഗങ്ങളായ വനിതകൾക്കാണ് ധനസഹായം ലഭിക്കുന്നത്. മുസ്ലീം , ക്രിസ്റ്റ്യൻ മത വിഭാഗത്തിൽ പെട്ടവര്‍ക്കും, ബുദ്ധ മതം, സിഖ്, പാഴ്സി, ജൈന മതം തുടങ്ങിയ വിഭാഗത്തിൽ പെട്ടവര്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ട്. വിധവകൾക്കും ഭര്‍ത്താവ് ഉപേക്ഷിച്ചവരോ, വിവാഹ ബന്ധം വേര്‍പെടുത്തിയവരോ ആയ വനിതകൾക്കാണ് ധനസഹായം ലഭിക്കുന്നത്. പദ്ധതിക്ക് കീഴിൽ സഹായം ലഭിക്കാൻ അപേക്ഷ നൽകേണ്ട അവസാന തിയതി 2021 സെപ്റ്റംബര്‍ 30 ആണ്.ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് ഈ ധനസഹായം നൽകുന്നത്. ഇമ്പിച്ചി ബാവ പദ്ധതിക്ക് കീഴിലാണ് സഹായം. ശരിയായ വാതിലുകളും, ജനലുകളും ഫ്ലോറിങ്ങും ഇല്ലാത്ത വീടുകൾക്കും, മേൽക്കൂര നിര്‍മാണം, ഫിനിഷിംഗ്, പ്ലംബിങ് വര്‍ക്കുകൾ തുടങ്ങിയവക്കും ധനസഹായം ലഭിക്കും. ഈ തുക തിരിച്ചടക്കേണ്ടതില്ല. വീടിൻെറ വിസ്തീര്‍ണം 1,200 ചതുരശ്രയടി കവിയരുത്. അപേക്ഷ നൽകുന്നയാൾ ആ കുടുംബത്തിൽ ഏക വരുമാനം നേടുന്ന വ്യക്തിയായിരിക്കണം. ബിപിഎൽ കുടുംബാംഗങ്ങൾക്ക് പദ്ധതിക്ക് കീഴിൽ മുൻഗണന ലഭിക്കും.സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ഥിരവരുമാനക്കാരായ മക്കൾ ഉണ്ടെങ്കിൽ സഹായം ലഭിക്കില്ല. സര്‍ക്കാരിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിൽ ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട മറ്റ് സഹായങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും സഹായം ലഭിക്കില്ല. അതുപോലെ തന്നെ സഹായം ലഭിക്കാൻ മുൻഗണന പ്രഖ്യാപിച്ചവരിൽ പെൺകുട്ടികൾ മാത്രമുള്ള വനിതകളുമുണ്ട്. ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന വനിതകൾക്കും സഹായം ലഭിക്കുന്നതിന് മുൻഗണന ലഭിക്കും.
ഇതിനായി പ്രത്യേകം തയ്യാറാക്കിയ അപേക്ഷ ഫോം പൂരിപ്പിച്ച് കളക്ടറേറ്റിൽ നൽകണം. ന്യൂനപക്ഷ വകുപ്പിൻെറ നിര്‍ദ്ധിഷ്ട അപേക്ഷ ഫോം മാതൃക ഓൺലൈനായി തന്നെ ഡൗൺലോഡ് ചെയ്യാം. 2020-21 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം നൽകിയ രസീതിൻെറ പകര്‍പ്പ്, റേഷൻ കാര്‍ഡിൻെറ കോപ്പി, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്, ഭര്‍ത്താവിൻെറ മരണ സര്‍ട്ടിഫിക്കറ്റിൻെറ കോപ്പി, അല്ലെങ്കിൽ വിവാഹമോചന സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് തുടങ്ങി നിര്‍ദ്ധിഷ്ട രേഖകൾ സഹിതമാണ് അപേക്ഷ ഫോം നൽകേണ്ടത്. കളക്ട്രേറ്റുകളിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നേരിട്ടോ, ജില്ലാ ന്യൂനപക്ഷ ക്ഷേമവകുപ്പിലെ ഡെപ്യൂട്ടി കളക്ടര്‍ക്ക് തപാലിലോ അപേക്ഷ സമര്‍പ്പിക്കാം. പദ്ധതി പ്രകാരം ആവശ്യമുള്ള രേഖകളുടെ പകര്‍പ്പ് അപേക്ഷക്കൊപ്പം ഉണ്ടായിരിക്കണം.