ന്യൂഡല്‍ഹി : ഗര്‍ഭിണികളായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് എസ്ബിഐ പുറത്തിറക്കിയ ഉത്തരവ് വിവാദമായതോടെ പിന്‍വലിച്ചു. ഗര്‍ഭിണികളായി മൂന്നുമാസമോ അതിലേറെയോ ആയ ഉദ്യോഗാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ പ്രസവിച്ച് നാലുമാസമാകുമ്ബോള്‍ മാത്രമേ നിയമനം നല്‍കാനാവൂവെന്നായിരുന്നു പുതിയ സര്‍ക്കുലര്‍. ചീഫ് ജനറല്‍ മാനേജര്‍ മേഖലാ ജനറല്‍ മാനേജര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം പറഞ്ഞിരുന്നത്.വന്‍ പ്രതിഷേധം ഉടലെടുക്കുകയും ദല്‍ഹി വനിത കമ്മിഷന് വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണ്. തുല്യാവകാശം നിഷേധിക്കുന്ന നടപടിയാണെന്നും കമ്മിഷന് പ്രസ്താവിച്ചതോടെയാണ് എസ്ബിഐ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതോടെ നിലവിലുള്ള മാനദണ്ഡങ്ങള്‍ തുടരാനും തീരുമാനിച്ചതായി എസ്ബിഐ വ്യക്തമാക്കി. 2009ല്‍ ബാങ്കിലെ ക്ലറിക്കല്‍ കേഡറിലേക്ക് നടത്തിയ നിയമനത്തിന്റെ വിജ്ഞാപനത്തിലാണ് മൂന്ന് മാസത്തിന് മുകളില്‍ ഗര്‍ഭിണികളായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കില്ലെന്ന് അറിയിച്ചത്.