ന്യൂഡല്‍ഹി: യുക്രെനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ മലയാളികള്‍ക്ക് നാട്ടിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകാന്‍ സാധിക്കില്ലെന്നറിയിച്ച് എയര്‍ഏഷ്യ. തങ്ങളുടെ ചട്ടപ്രകാരം വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങളെ കയറ്റാന്‍ അനുവദിക്കില്ലെന്ന് എയര്‍ഏഷ്യ വ്യക്തമാക്കി.
ഇക്കാര്യം കേരളഹൗസ് വിദ്യാര്‍ഥികളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ യുക്രെയ്നിൽ നിന്നും വളർത്തുമൃഗങ്ങളുമായി ഡൽഹിയിലെത്തിയ മലയാളികൾ വീണ്ടും പ്രതിസന്ധിയിലായി. ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ട് ചെയ്തിരിക്കുന്നത് എയര്‍ഏഷ്യയുടെ വിമാനമാണ്. ഒന്നെങ്കില്‍ സ്വന്തം നിലയ്ക്ക് മറ്റുവഴികള്‍ തേടുകയോ അല്ലെങ്കില്‍ മറ്റു ക്രമീകരണം ഏര്‍പ്പെടുത്തുന്നത് വരെ കാത്തിരിക്കുകയോ വേണമെന്നാണ് കേരളഹൗസ് അധികൃതര്‍ അറിയിച്ചത്.
ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി ആര്യയും ചെങ്ങന്നൂർ സ്വദേശിനിയായ വിദ്യാർഥിനി അഞ്ജുവും യുക്രെയ്നിൽ നിന്നും വളർത്തുമൃഗങ്ങളുമായാണ് ഡൽഹിയിലെത്തിയത്. ആര്യ നായയെയും അഞ്ജു പൂച്ചയെയുമായാണ് എത്തിയത്.