കണ്ണനല്ലൂർ : വയോധികനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്ന് പേരെ കണ്ണനല്ലൂർ പോലീസ് പിടികൂടി. പളളിമൺ കുണ്ടുമൺ എഴിമുഖം വീട്ടിൽ നിസാമുദ്ദീൻ മകൻ നിയാസ് (25), സഹോദരൻ നിഷാൻ (21), പളളിമൺ കുണ്ടുമൺ തെങ്ങഴികം വീട്ടിൽ സുലൈമാൻ മകൻ ഷുഹൈബ് (21), എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 8 ന് രാത്രി ഇവരടങ്ങിയ സംഘം മുട്ടയ്ക്കാവ് സ്വദേശിയായ അറുപത്തിയെട്ട് വയസുകാരനായ ജമാലുദ്ദീന്റെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. തടസം പിടിക്കാൻ എത്തിയ ജമാലുദ്ദീന്റെ മകളേയും സംഘം ക്രൂരമായി ആക്രമിച്ചു. ഇടി വള കൊണ്ട് ജമാലുദ്ദീന്റെ മുഖത്ത് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അന്ന് രാവിലെ കൊല്ലത്തേക്ക് ബസിൽ പോയ ജമാലുദ്ദീൻ അക്രമി സംഘത്തിൽപ്പെട്ട യുവാവിന്റെ ബന്ധുവായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചാണ് ഇവർ വീട്ടിലെത്തി ആക്രമിച്ചത്. പരിക്കേറ്റ വൃദ്ധനും മകളും പ്രമുഖ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പരാതിയിൽ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ വധശ്രമത്തിന് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്. കണ്ണനല്ലൂർ ഇൻസ്പെക്ടർ വിപിൻകുമാർ യുപി യുടെ നേതൃത്വത്തിൽ എസ്.ഐ സജീവ്, എ.എസ്.ഐ മാരായ മെൽവിൻ റോയി, ബിജു, സി.പി.ഓ മാരായ അരുൺ, ലാലുമോൻ, നജീബ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു
