വിനോദസഞ്ചാരം
പുല്‍പ്പള്ളി: വയനാട്ടിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ കുറുവാ ദ്വീപ് ഇടവേളക്ക് ശേഷം സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. ഗാന്ധിജയന്തി ദിനത്തില്‍ രാവിലെ എട്ടരയോടെയാണ് കുറുവയിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിച്ച് തുടങ്ങിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും കുറുവയിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കുക യെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ സജ്ന കരീം പറഞ്ഞു. നിലവില്‍ ചങ്ങാടത്തില്‍ 16 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഒരേസമയം, നൂറ് പേരെന്ന രീതിയിലാണ് ദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. വരുന്ന ആറ് മാസത്തിനുള്ളില്‍ കുറുവാ ദ്വീപിൻ്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള സൗന്ദര്യവത്ക്കരണമടക്കമുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുമെന്നും സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു.
നീണ്ട ഇടവേളക്ക് ശേഷം രണ്ടാഴ്ച തുറന്നതൊഴിച്ചാല്‍ കുറുവദ്വീപ് അടഞ്ഞുതന്നെ കിടക്കുകയായിരുന്നു. വയനാട്ടിലെത്തുന്ന സഞ്ചാരികളെ നിരാശപ്പെടുത്തുന്നത് കൂടിയായിരുന്നു കുറുവയിലേക്കുള്ള പ്രവേശന നിരോധനം. ഇപ്പോള്‍ വീണ്ടും കുറുവാ ദ്വീപ് തുറന്നതോടെ വരുംദിവസങ്ങളില്‍ നിരവധി സഞ്ചാരികള്‍ ഇവിടേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസേന രാവിലെ എട്ടര മുതല്‍ മൂന്നര വരെയായിരിക്കും പ്രവേശന കൗണ്ടര്‍ പ്രവര്‍ത്തിക്കുക. കുറുവാ ദ്വീപിലേക്കുള്ള ആദ്യ ടിക്കറ്റ് വിതരണവും ഡിഎഫ്ഒ നിര്‍വഹിച്ചു. പ്രതിദിനം 1150 പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുന്നത്. പാക്കം വഴി 575 പേരെയും പാല് വെളിച്ചം വഴി 575 പേരെയുമാണ് പ്രവേശിപ്പിക്കുക. മുതിര്‍ന്നവര്‍ക്ക് 80 രൂപയും ജിഎസ്ടിയും, 5 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 50 രൂപയും ജിഎസ്ടിയുമായിരിക്കും പ്രവേശന ഫീസായി ഈടാക്കുന്നത്. ചുരുങ്ങിയത് ഒരു വാക്സിന് എങ്കിലും എടുത്തവരേയോ, 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയോ ആണ് ദ്വീപിലേക്ക് പ്രവേശിപ്പിക്കുന്നത്.
പരിസ്ഥിതി സംഘടനകളുടെ പരാതിയുമായി ബന്ധപ്പെട്ട് കോടതി ഉത്തരവിനെ തുടര്‍ന്ന് രണ്ട് വര്‍ഷം കുറുവാ ദ്വീപ് അടച്ചിട്ടിരുന്നു. ഇതിന് ശേഷം വിഷുവിന് മുമ്പ് കേവലം രണ്ടാഴ്ച മാത്രം തുറന്ന കുറുവാ ദ്വീപ് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് മഴ പെയ്ത് വെള്ളം കയറിയതോടെയാണ് ദ്വീപ് തുറക്കാന്‍ വൈകിയത്. ഇടവേളക്ക് ശേഷം വീണ്ടും ദ്വീപ് തുറന്നപ്പോള്‍ ആദ്യമണിക്കൂറുകളില്‍ തന്നെ നിരവധി ആളുകളെത്തിയിരുന്നു. കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദിയായ കബനിയുടെ പോഷകനദിയിലാണ് 950 ഏക്കര്‍ വിസ്തൃതിയുള്ള കുറുവാദ്വീപ് സ്ഥിതി ചെയ്യുന്നത്. ജനവാസമില്ലാത്ത ഈ ദ്വീപിന്റെ ഏറ്റവും വലിയ പ്രത്യേകത അപൂര്വസസ്യങ്ങളാണ്. അപൂര്‍വയിനം പക്ഷികളും, ഔഷധചെടികളുമെല്ലാം ഈ ദ്വീപിലുണ്ട്. 150-ഓളം ചെറുദ്വീപുകളുടെ കൂട്ടമായ ഇവിടം ഇപ്പോള്‍ പച്ചപ്പണിഞ്ഞ് നില്‍ക്കുകയാണ്. പ്രകൃതിരമണീയ കുറുവാദ്വീപില്‍ അവധിദിവസങ്ങളില്‍ നിരവധി പേരാണ് എത്തിക്കൊണ്ടിരുന്നത്. നിയന്ത്രണമുണ്ടെങ്കിലും മാനദണ്ഡങ്ങളനുസരിച്ചുള്ളയാളുകള് എല്ലാദിവസവും ഇവിടേക്ക് എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുറുവാദ്വീപ് വീണ്ടും തുറന്നതോടെ പ്രതിസന്ധിയിലായ കച്ചവട, ഹോംസ്റ്റേ, റിസോര്‍ട്ട് മേഖലകള്‍ക്കും പ്രതീക്ഷകളേറെയാണ്. മാത്രമല്ല, കുറുവയില്‍ തന്നെ ജോലി ചെയ്യുന്ന നാല്പതോളം ജീവനക്കാര്‍ക്കും ദ്വീപ് തുറന്നത് ആശ്വാസമായി മാറും.