കൊട്ടിയം : പൊതുസ്ഥലത്ത് വച്ച് അസഭ്യം വിളിച്ചതിനെ വിലക്കിയ വനിതഡോക്ടറെ ആക്രമിച്ച് അപമര്യാദയായി പെരുമാറി അവർക്ക് മാനഹാനിയുണ്ടാക്കാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. ആദിച്ചനല്ലൂർ മൈലക്കാട് പി.ഓയിൽ മൂഴിയിൽ ക്ഷേത്രത്തിന് സമീപം സുമേഷ് ഭവനിൽ സുന്ദരൻ മകൻ സുമേഷ് എന്നു വിളിക്കുന്ന ശബരി (31) ആണ് പോലീസ് പിടിയിലായത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുക യായിരുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അതിക്രമത്തിന് ഇരയായത്. കഴിഞ്ഞ ദിവസം സന്ധ്യക്ക് പരവൂരിലെ വീട്ടിലേക്ക് പോകുന്നതിന് കൊട്ടിയം ബസ്സ്റ്റാൻഡിൽ നിന്ന ഡോക്ടറെ ഇയാൾ അസഭ്യം വിളിക്കുകയായിരുന്നു. ഇതിനെ വിലക്കുകയും ആവർത്തി ച്ചാൽ പോലീസിലറിയിക്കുമെന്നും ഡോക്ടർ ഇയാളെ അറിയിച്ചു. ഇതിൽ പ്രകോപിതനായ ഇയാൾ കൈയ്യിൽ കരുതിയിരുന്ന ചെയിൻ ഉപയോ ഗിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു. മുഖത്തും ചുമലിലും പരിക്കേറ്റ് ഡോക്ടർ ചികിത്സ തേടി. സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘം പ്രതിയെ സ്ഥലത്ത് നിന്നും പിടികൂടി. കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റൽ എം.സി. സബ്ബ് ഇൻസ്പെക്ടർമാരായ അനൂപ് മോൻ, ഷിഹാസ്, അഷ്ടമൻ പി.ജി, എ.എസ്സ്.ഐ സുനിൽകുമാർ.എ, സി.പി.ഒ മാരായ ബിജു, അനൂപ്, സാംജി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.