കൊച്ചി: ഗൂഡാലോചന കേസില്‍ പ്രോസിക്യൂഷനെതിരെ എതിർ വാദങ്ങളുമായി അഡ്വ. ബി രാമന്‍പിള്ള. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നിലവിലുള്ളത്. ഇതില്‍ പ്രതിഭാഗം ആശങ്ക കോടതിയില്‍ പ്രകടിപ്പിച്ചു. 11 മണിക്കൂറും 3 ദിവസവും തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും പ്രതികള്‍ ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രതിഭാഗം ചോദിച്ചു. ദിലീപിന്റെ പക്കല്‍ ദൃശ്യങ്ങളുണ്ടെന്ന് എന്ത് അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന് പറയുന്നത്? കസ്റ്റഡി ആവശ്യപ്പെടുന്നത് ദൃശ്യങ്ങള്‍ കണ്ടെടുത്തെന്ന് വരുത്തി ത്തീര്ക്കാനാണെന്നും പ്രതിഭാഗം വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനോട് ദിലീപ് പറഞ്ഞതായി പറയുന്ന കാര്യങ്ങളില്‍ മുഴുവന്‍ വസ്തുതകളും ഉള്‍പ്പെടുത്തിയിട്ടില്ല. ഫോണുകള്‍ മുംബൈയിലെ ലാബിൽ ഏല്‍പ്പിച്ചത് തെളിവ് നശിപ്പിക്കാനാണെന്ന പ്രോസിക്യൂഷന് വാദം പ്രതിഭാഗം തള്ളി.