26.9 C
Kollam
Monday, July 26, 2021
spot_img

ലൈറ്റ് ബോയ് – ( മിനിക്കഥ )

 

എഴുത്ത് : സുരേഷ് ചൈത്രം


ചുറ്റും കത്തിനിൽക്കുന്ന ആർക്കു ലൈറ്റും റിഫ്‌ളക്റ്ററുകളും  ഒപ്പം  തലങ്ങും വിലങ്ങും ചലിക്കുന്ന ആളുകൾ . ഒരു ക്ലാപ്പ് മിഴി ചിമ്മിയടഞ്ഞു
ലൈറ്റ്‌സ് , ക്യാമറ , ആക്ഷൻ മുഖം  മിനുക്കി ദാവണി ചുറ്റിയ സുന്ദരിയായ നായികയും സുമുഖനായ നായകനും പരസ്പരം  സംസാരിക്കുന്നു  ചുറ്റിപിടിക്കുന്നു ചുംബനം നൽകുന്നു  ക്യാമറ ട്രോളിയിൽ ചലിക്കുന്നു . ഒപ്പം സംവിധായകൻ്റെ ശബ്ദം കൊള്ളാം  ഭംഗി ആയിട്ടുണ്ട് ടേക്ക് ഓക്കേ കട്ട് . ക്യാമറ  ഓഫായി  പെട്ടെന്ന് ലൈറ്റ് അണഞ്ഞു  അരുൺ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു . കുറച്ചു നേരത്തേയ്ക്ക് ഒരു സ്ഥലകാല ബോധമില്ലായ്മ  ചുറ്റും ഇരുൾ മാത്രം ആരെയും കാണുന്നില്ലല്ലോ . അരുൺ കണ്ണ് തിരുമ്മി  ചുറ്റും ഇരുട്ട് മാത്രം  ഇല്ല ഒന്നുമില്ല  ഷൂട്ടിങ് ഇല്ല ലൊക്കേഷൻ ഇല്ല ഓടിനടക്കുന്ന ആളുകൾ ഇല്ല  കണ്ടത് ഒരു  സ്വപ്‌നമായിരുന്നു എന്ന് ഓർമ്മിച്ചെടുക്കാൻ കുറച്ചു സമയമെടുത്തു   തൊഴിലിൻ്റെ ഓർമ്മകൾ ഉപബോധമനസ്സിൽ  ഒരു തിരശീലയിൽ നിന്നെന്നപോലെ സ്വപ്നമായി വന്നതാണെന്നുമാത്രം . പുറത്തു വീശിയടിച്ച കാറ്റിൻ്റെ
ഒരു നേർത്ത മർമ്മരം  എവിടെയോ പാതിരാക്കോഴി കൂവുന്ന അലയൊലികൾക്കൊപ്പം ചിവീടുകളുടെ  ശബ്ദങ്ങൾക്കപ്പുറത്തേയ്‌ക്ക്‌ ഓർമ്മകൾ മടങ്ങിപോകുന്നു 

അരുൺ കട്ടിലിൽ എണീറ്റിരുന്നു  മേശയിലിരുന്ന കൂജയിൽനിന്നും ഒരു കവിൾ വെള്ളം കുടിച്ചു  പാതിയടഞ്ഞ ജനൽപാളികളിൽകൂടി  അരണ്ട വെളിച്ചം കടന്നു വരുന്നു ഇലകളിൽ  നിന്നും മഞ്ഞു പൊഴിയുന്ന  മർമ്മരം പ്രകൃതിപോലും നൂറ്റാണ്ടുകൾക്കു പിന്നിലേയ്ക്ക് മടങ്ങിപ്പോയപോലെ തോന്നി . നാട്ടിലുണ്ടായ മഹാമാരിയെ പിടിച്ചു നിർത്താൻ ലോക് ഡൗൺ തുടങ്ങി അടച്ചിരിക്കാൻ തുടങ്ങിയിട്ട് ഇന്ന് ഒരു മാസത്തോളമാകുന്നു ആഡംബരത്തിൻ്റെ  ലോകമെന്നു എല്ലാവരും വിശേഷിപ്പിക്കുന്ന സിനിമയുടെ വർണ്ണക്കാഴ്ചകൾക്കിടയിൽ  വലിയ മോഹങ്ങളില്ലാതെ  ലൈറ്റ്ബോയികളിൽ ഒരാളായി   കുടുംബം പോറ്റാൻ കഷ്ട്ടപെട്ടിരുന്ന തനിക്ക് തൊഴിൽ നഷ്ട്ടപെട്ടിട്ട്  ഒരു മാസം കഴിഞ്ഞിരിക്കുന്നു   ഇടയ്ക്കു കുറച്ചു ദിവസങ്ങളിൽ കിട്ടുന്ന ജോലി വലിയൊരു ആശ്വാസമായിരുന്നു. വിവാഹപ്രായമായ ചേച്ചിയും പഠിക്കുന്ന അനുജനും നിത്യരോഗിയായ അമ്മയും  അമ്മയുടെ  മരുന്ന് വാങ്ങൽ എല്ലാം തൻ്റെ ജോലിയിൽ  നിന്ന് കിട്ടുന്ന ഏക വരുമാനമായിരുന്നു  ഒരിക്കലും തകരില്ല എന്ന് കരുതിയിരുന്ന സിനിമാമേഖലയെപ്പോലും  മഹാമാരി  നിശ്ചലമാക്കി  സിനിമ നിർമ്മാണം നിർത്തിവച്ചു ഞാനടക്കമുള്ള ആ മേഖലയിൽ ജോലിചെയ്യുന്ന സാധാരണക്കാർക്ക്  ജോലി  ഇല്ലാതെ പിടിച്ചു നിക്കാൻ കഴിയില്ല  ലോകത്തെ മാറ്റിമറിച്ച മഹാമാരി തന്നെപോലെയുള്ള സാധാരണക്കാരെ വല്ലാത്തൊരു അവസ്ഥയിലേയ്ക്ക് കൊണ്ടെത്തിച്ചിരിക്കുന്നു . അമ്മയുടെ മരുന്നും മറ്റു ആവശ്യങ്ങളും നിറവേറ്റാൻ പണം വേണം .’ അമ്മ പറഞ്ഞുകേട്ടിട്ടുണ്ട് പണ്ട് കോളറയും പ്ളേഗുമൊക്കെ  പടർന്നുപിടിച്ചപ്പോൾ മനുഷ്യർ എണ്ണമില്ലാത് മരിച്ചതും ആഹാരവും വെളളവും കിട്ടാതെ പട്ടിണികിടന്നതും  ഈ ലോകത്തു ഒന്നും ശാശ്വതമല്ല എന്നൊരു തോന്നൽ . മനുഷ്യൻ്റെ ആഡംബരങ്ങളും അഹന്തയ്ക്കുമൊക്കെ തടയിടാൻ ദൈവം കാണിച്ചുകൊടുത്തതാണോ ഈ മഹാമാരി  ഇരുട്ടിലേക്ക് പകച്ചു നോക്കി താൻ തൊഴിലിനിടയിൽ കണ്ട ലക്ഷങ്ങൾ കോടികൾ പ്രതിഫലം വാങ്ങുന്ന ലൊക്കേഷനിൽ തന്നെ നോക്കി ചിരിക്കുന്ന ഒരു നായകനെയും  നായികയെയും സംവിധായകരെയും അവിടെയെങ്ങും കണ്ടില്ല  മഴക്കാറുകൾക്കിടയിലും  ഓലക്കീറുകൾക്കിടയിൽകൂടി തന്നെ ഒന്ന് പാളി  നോക്കിയ ചന്ദ്രബിംബം  ഒരു സൂപ്പർ താരത്തെപ്പോലെ കള്ളച്ചിരി ചിരിച്ചു മേഘങ്ങൾക്കിടയിൽ ഒളിച്ചു തന്നെ കണ്ടില്ലെന്നഭാവത്തിൽ …അകത്തു അമ്മയുടെ ഒരു  നേരിയ ചുമ ..ആക്ഷനും കട്ടുമില്ലാതെ .കഷ്ടപ്പാടിൻ്റെ നെരിപ്പോടിൽ തന്നെപ്പോലെ എത്രയോ ലൈറ്റ് ബോയികൾ  അവരുടെ ദുഃഖങ്ങളും  വലുതാണല്ലോ ദൂരെ എവിടെ നിന്നോ പള്ളിമേടയിലെ മണിയൊച്ച ഒഴുകിയെത്തി ഇനിയുമൊരു പുതിയ സൂര്യോദയം ഉണ്ടാകട്ടെ നന്മയുടെ  മരങ്ങളും  . അരുൺ പതിയെ തലയിണയിലേയ്ക്ക് മുഖമണച്ചു ഓർമ്മകളുടെ നെരിപ്പോടിൽ നിന്നും  നിദ്രയിലേക്ക് ഒരു മടക്കം 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles