കരുനാഗപ്പളളി : റയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപാ തട്ടിയ സംഘത്തിലെ മുഖ്യപ്രതി പോലീസ് പിടിയിലായി. കരുനാഗപ്പളളി തൊടിയൂർ വില്ലേജിൽ വേങ്ങര അകത്തൂട്ട് കന്നിമേൽ വീട്ടിൽ സുനിൽകുമാർ (54) ആണ് പോലീസ് പിടിയിലായത്. ചവറ, കരുനാഗപ്പളളി, ഓച്ചിറ, ശക്തികുളങ്ങര, കായംകുളം തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി പേരിൽ നിന്നും റെയിൽവേയിൽ വിവിധ തസ്തികളിൽ ജോലി വാഗ്ദാനം ചെയ്ത് ഇയാളും സംഘവും ഒന്നര കോടി രൂപാ കൈക്കാലാക്കിയിരുന്നു. കരുനാഗപ്പളളി തൊടിയൂർ സ്വദേശിയായ നിഷാദ് എന്നയാളെ കബളിപ്പിച്ച് പത്ത് ലക്ഷം രൂപാ തട്ടിയെടുത്തതിന് ഇവർഷം ജനുവരിയിലാണ് കേസ് കരുനാഗപ്പള്ളിയിൽ രജിസ്റ്റർ ചെയ്തത്. പോലീസ് അന്വേഷണത്തിൽ ഇയാളും സംഘവും നൂറ്റിയൻപതോളം ഉദ്യോഗാർത്ഥികളിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത പണം തട്ടിയെടുത്തതായി അറിവായി. റെയിൽവേയുടെ ഐ.ഡി കാർഡ്, റെയിൽവേ ബോർഡ് ചെയർമാന്റെ ലെറ്റർപാഡ് എന്നിവ വ്യാജമായി നിർമ്മിച്ച് ഉദ്യോഗാർത്ഥികളെ കാണിച്ച് വിശ്വാസം പിടിച്ച് പറ്റിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. കേസ് രജിസ്റ്റർ ചെയ്തതായി അറിഞ്ഞ പ്രതി ഒളിവിൽ പോകുകയായിരുന്നു. ഗുജറാത്ത്, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാൾ നിരന്തരം സിംകാർഡുകളും ഫോണും മാറിയിരുന്നു. ഇയാൾ കാസർഗോഡ് ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐ.പി.എസ്സിന്ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പളളി അസിസ്റ്റന്റ് കമ്മീഷണർ ഷൈനുതോമസിന്റെ നേതൃത്വത്തിൽ കരുനാഗപ്പളളി ഇൻസ്പെക്ടർ ഗോപകുമാർ. ജി, എസ്സ്.ഐ മാരായ ജയശങ്കർ, അലോഷ്യസ് അലക്സാണ്ടർ, ധന്യാ രാജേന്ദ്രൻ, റസൽ ജോർജ്ജ്, എ.എസ്സ്.ഐ മാരായ നിസാമുദ്ദീൻ, സി.പി.ഓ ശ്രീകാന്ത് എന്നിവ രാണ് പ്രതിയെ പിടികൂടിയത്.