ശ്രീനഗർ: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേർക്കും ആദരാഞ്ജലിയർപ്പിച്ചു കശ്മീർ ജനത. ബരാമുള്ള, കുപ്വാര, കെരൻ, മച്ചൽ തുടങ്ങി നിയന്ത്രണ രേഖയ്ക്കു സമീപമുള്ള മേഖലകളിലടക്കം ജനങ്ങൾ മെഴുകുതിരി ദീപങ്ങളുമായി മാർച്ച് നടത്തി. മച്ചൽ ഗ്രാമത്തിൽ 150ലേറെ പങ്കെടുത്ത മെഴുകുതിരി യാത്ര നടന്നുവെന്നു ശ്രീനഗറിലെ ഡിഫൻസ് പിആർഒ കേണൽ എമ്രോൺ മുസാവി. രണ്ടു മിനിറ്റ് മൗനമാചരിച്ചശേഷമാണ് ഇവർ പിരിഞ്ഞത്. ജമ്മു കശ്മീരിൽ സുരക്ഷയും സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ ജനറൽ റാവത്ത് നടത്തിയ ശ്രമങ്ങളും സ്വീകരിച്ച നടപടികളും എക്കാലവും ഓർമിക്കപ്പെടുമെന്നും കേണൽ മുസാവി. കെരൻ സെക്റ്ററിൽ കിഷൻഗംഗാ നദീതീരത്തായി രുന്നു ജനറൽ റാവത്തിന് ആദരാഞ്ജലിയർപ്പിച്ച് ആളുകൾ മെഴുകുതിരി ദീപങ്ങളുമായി നിരന്നത്. ബരാമുള്ളയിൽ ഷെർവാണി ഹാളിലായി രുന്നു അനുസ്മരണം.