തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ക്ക് പൊലീസിന്റെ കര്‍ശന നിയന്ത്രണം. വന്‍തോതിലുള്ള ലഹരി ഉപയോഗത്തിന് സാദ്ധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിന് പിന്നാലെയാണ് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം എത്തിയിരിക്കുന്നത്. രാത്രി പത്ത് മണിക്ക് ശേഷം ഡി.ജെ. പാര്‍ട്ടികള്‍ പാടില്ല, പാര്‍ട്ടി നടക്കുന്ന ഹോട്ടലുകളില്‍ സിസിടിവി ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കണം, ഈ ക്യാമറകളിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവയ്ക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് പൊലീസ് നല്‍കിയത്. ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് ഇതുസംബന്ധിച്ച് നോട്ടീസും നല്‍കും. പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ പൊലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിക്കും. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഡി ജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പലയിടങ്ങളിലും ഡി ജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായി വന്‍ ലഹരി ഉപയോഗത്തിന് സാദ്ധ്യതയുള്ളത്കൊണ്ടാണ് പൊലീസ് ഇത്തരത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്