കരുനാഗപ്പളളി : ജനുവരി രണ്ടാം വാരം ദളിത് യുവാവിനെ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് പിടിയിലായി. കരുനാഗപ്പളളി തൊടിയൂർ ഇടക്കുളങ്ങര അൻസിൽ നിവാസിൽ അഹിനാസ് (21) ആണ് പോലീസ് പിടിയിലായത്. കരുനാഗപ്പളളി മാളിയേക്കൽ റെയിൽവേ ഗേറ്റിന് വടക്ക് ഭാഗത്തുള്ള റോഡിലൂടെ ആഡംബര മോട്ടോർ സൈക്കിളിൽ വരുകയായിരുന്ന പ്രതിക്ക് കടന്ന് പോകാനിടം കൊടുത്തില്ലായെന്ന് ആരോപിച്ചാണ് ഇയാൾ കല്ലേലിഭാഗം പ്ലാവിള തെക്കതിൽ രതീഷിനെ ബൈക്ക് കൊണ്ട് ഇടിച്ച് തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രതീഷ് ആഗസ്റ്റ് മാസമാണ് സാധരണ നിലയിലേക്ക് തിരികെ വന്നത്. ഇടിയുടെ ആഘാതത്തിൽ തലയിലെ രക്തം കട്ടപിടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ദുബായിലേക്ക് കടന്ന പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസ് പ്രതിക്കെതിരെ പുറപ്പെടുവിച്ച് ലുക്ക് ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലാകുകയായിരുന്നു. കരുനാഗപ്പളളിയിൽ എത്തിച്ച് പ്രതിയെ റിമാന്റ് ചെയ്തു. കരുനാഗപ്പളളി അസിസ്റ്റന്റ് കമ്മീഷണർ ഷൈനുതോമസിന്റെ നേതൃത്വത്തിൽ കരു നാഗപ്പളളി ഇൻസ്പെക്ടർ ഗോപകുമാർ. ജി, എസ്സ്.ഐ മാരായ ജയശങ്കർ, അലോഷ്യസ് അലക്സാണ്ടർ, റസൽ ജോർജ്ജ്, എ.എസ്സ്.ഐ രാജേന്ദ്രൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്