പാരിപ്പളളി :വാഹന പരിശോധനയ്ക്കിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടികൂടിയ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാത്ത കറുത്ത നിറത്തിലുള്ള പൾസർ മോട്ടോർസൈക്കിൾ സ്പെയർ താക്കോൽ ഇട്ട് കടത്തി കൊണ്ട് പോയ യുവാക്കളെ പോലീസ് പിടികൂടി. പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിൽ പിടിച്ചെടുത്ത കല്ലുവാതുക്കൽ മേഖനക്കോണം സ്വദേശിയായ അമ്പിളിയുടെ പൾസർ ബൈക്കാണ് കടത്തി കൊണ്ട് പോയത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ബൈക്ക് കടത്തി കൊണ്ട് പോയവരെ പോലീസ് പിടി കൂടിയത്. കസ്റ്റഡിയിൽ നിന്നും മോട്ടോർ സൈക്കിൾ കടത്തി കൊണ്ട് പോയതിന് പാരിപ്പളളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കല്ലുവാതുക്കൽ മേഖനക്കോണം അതുൽ ഭവനം വീട്ടിൽ തുളസീധരൻ മകൻ അതുൽ (19), മേഖനക്കോണം തുളസി ഭവനത്തിൽ തുളസീധരക്കുറുപ്പ് മകൻ മഹേഷ് (19) എന്നിവരാണ് പോലീസ് പിടിയിലായത്. പാരിപ്പളളി ഇൻസ്പെക്ടർ എ.അൽജബർ, എസ്സ്.ഐ മാരായ അനൂപ് സി നായർ, ജയിംസ്, എ.എസ്.ഐ അഖിലേഷ്, എസ്.സി.പി.ഓ ശ്രീകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.