കുണ്ടറ : നൂറ്റാണ്ടുകളായി കുണ്ടറ നിവാസികള്‍ ഗുഹയെ പറ്റി നിരവധി കഥകളാണ് കേള്‍ക്കുന്നത്. തിരുവിതാംകൂര്‍ ഭരണകാലത്ത് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് നിര്‍മ്മിച്ചതാണെന്നും എന്നാല്‍ ബ്രിട്ടീഷ് ഭരണകാലത്ത് വിദേശ പട്ടാളമാണിത് നിര്‍മ്മിച്ചതെന്നും വേലുത്തമ്പി ദളവ ഇതുവഴിയാണ് രക്ഷപ്പെട്ടതെന്നും മറ്റൊരു കഥ.
ഗുഹയ്ക്കുള്ളില്‍ വാളും പരിചയും നിധിയും തോക്കുമൊക്കെയുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കാഞ്ഞിരകോട് അഷ്ടമുടിക്കായലിന്റെ കരയില്‍ സമാനമായ രീതിയില്‍ ഗുഹയുടെ വായ കാണാം.
രാജഭരണകാലത്ത് പ്രധാന യാത്രാമാര്‍ഗം യാനങ്ങളായിരുന്നു. രാജാക്കന്മാരോ നാടുവാഴികളോ ബ്രിട്ടീഷുകാരോ മുളവനയില്‍നിന്ന് രഹസ്യമായി കായല്‍ത്തീരത്തെത്തി ജലമാര്‍ഗം രക്ഷപ്പെടുന്നതിനായി നിര്‍മിച്ചതാവാനും സാധ്യതയുണ്ടെന്ന് അഭിപ്രായമുണ്ട്.
വെടിക്കോപ്പുകള്‍ (ഗുണ്ട്) സൂക്ഷിച്ചിരുന്ന ‘അറ’ എന്ന ‘ഗുണ്ട് അറ’ യാണ് പിന്നീട് കുണ്ടറയായതെന്ന് മതമുണ്ട്.
പടപ്പക്കര പടക്കപ്പല്‍ കരയായിരുന്നെന്നും പഴമക്കാര്‍ പറയുന്നു. മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് എട്ടുവീട്ടില്‍ പിള്ളമാരില്‍നിന്ന് രക്ഷപ്പെടാനായി കേരളപുരത്തും മുളവനയിലുമൊക്കെ ഒളിച്ചുതാമസിച്ചിരുന്നത്രേ.
ആ കാലഘട്ടത്തില്‍ രാജാവിന്റെ രക്ഷയ്ക്കായി നിര്‍മിച്ചതാവാനും സാധ്യതയുണ്ട്. വേലുത്തമ്പി ദളവ ഗുഹവഴി കായലിലെത്തി വള്ളത്തിലാണ് മണ്ണടിയിലെത്തിയതെന്ന് അഭ്യൂഹങ്ങളുണ്ട്.
മുളവനയില്‍ മഹേന്ദ്രജാലക്കാരനായ കടയാറ്റ് ഉണ്ണിത്താന്റെ ചിതയ്ക്കരികില്‍നിന്ന് കൈതക്കോട് വഴി കരമാര്‍ഗമാണ് വേലുത്തമ്പി ദളവ മണ്ണടിയിലേക്ക് പോയതെന്ന് വേറേ ചിലര്‍.
മലയാളത്തില്‍ ഇന്ന് നിലവിലുള്ള ചരിത്ര രേഖകളിലൊന്നും ഗുഹയെപ്പറ്റി പരാമര്‍ശമൊന്നുമില്ല. രാജഭരണകാലത്ത് തന്നെ രഹസ്യമായി സൂക്ഷിച്ചിരുന്നതിലാവാം രേഖകളിലൊന്നും വരാതിരുന്നത്. ഗുഹാമുഖത്തുനിന്ന് ആദ്യത്തെ പത്ത് അടിയോളം നിരങ്ങിനീങ്ങിയാല്‍ പത്തുപേര്‍ക്ക് ഇരിക്കാവുന്ന അറയുണ്ട്.
അവിടെനിന്ന് മുന്നോട്ടുപോവുക പ്രയാസം. ചെങ്കുത്തായ ഇറക്കത്തില്‍ വായു കുറയുന്നതോടെ തിരിച്ചുപോരുക മാത്രമേ നിവൃത്തിയുണ്ടായു ള്ളൂ. ചരിത്രാന്വേഷികളായ യാത്രക്കാര്‍ക്ക് ഇന്നും ചുരുളഴിയാത്ത രഹസ്യമാണ് ദളവാ ഗുഹ.