കുട്ടനാട്; മുതിര്‍ന്ന സി പി ഐ നേതാവും, സ്വാതന്ത്ര്യ സമര സേനാനിയും ഗ്രന്ഥകാരനുമായിരുന്ന എന്‍ കെ കമലാസനന് (92) അന്തരിച്ചു. തിരുവിതാംകൂര്‍ കര്‍ഷക തൊഴിലാളി യൂണിയന് ജനറല്‍ സെക്രട്ടറി, മിനിമം വേജസ് കമ്മിറ്റി അംഗം, കോട്ടയം ജില്ലാ കര്‍ഷകത്തൊഴിലാളി ഫെഡറേഷന് ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, കര്‍ഷകത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
1930 ജനുവരി 26ന് കുട്ടനാട് പുളിങ്കുന്നില്‍ കണ്ണാടി ഗ്രാമത്തില്‍ കൃഷ്ണനെയും കുഞ്ഞി പെണ്ണിന്റെ മകനായി ജനിച്ചു. പുളിങ്കുന്ന് സെന്റ് ജോസഫ് ഇംഗ്ലീഷ് ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് 1945, 46, 47 വര്‍ഷങ്ങളില്‍ സ്വാതന്ത്ര്യസമര പ്രക്ഷോഭത്തില്‍ വിദ്യാര്‍ത്ഥി സംഘടനയായ വിദ്യാര്‍ത്ഥി കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിച്ച കമലാസനന് ഈ കാലത്ത് അറസ്റ്റ് വരിച്ച് എട്ടുമാസവും 13 ദിവസവും ജയിലില്‍ കിടന്നു. അതോടെ സ്കൂളില്‍ നിന്നും പിരിച്ചുവിട്ടു. സംസ്ഥാനത്ത് ഒരു സ്കൂളിലും പഠിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കാരിന്റെ നിരോധന ഉത്തരവ് വന്നതോടെ വിദ്യാഭ്യാസം അവസാനിച്ചെങ്കിലും പിന്നീട് പ്രൈവറ്റ് ആയി പഠിച്ചു. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് വിദ്യാര്‍ത്ഥികളെ ലാത്തിച്ചാര്‍ജ് ചെയ്തിനെതിരെ പ്രതിഷേധിച്ച് മങ്കൊമ്പില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന മുഖ്യമന്ത്രി പട്ടം താണുപിള്ളയെ കരിങ്കൊടി കാണിച്ചതിന് പൊലീസ് മര്‍ദ്ദിക്കുകയും കേസെടുക്കുകയും ചെയ്തു.