Home Latest News മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്

by Green Media Vision

ഇന്ന് രോഗബാധയുണ്ടായത് 35636 പേർക്കാണ്. ആകെ നടത്തിയ പരിശോധന-146474
ഇന്ന് കോവിഡ് ബാധിച്ചു 48പേർ മരണമടഞ്ഞു. സംസ്ഥാനത്ത് ചികിത്സയിലുള്ളവർ 323828 ആണ്. ഇന്ന് മെയ് ദിനമാണ്. കോവിഡ് പ്രതിരോധത്തിനായി സ്വയം സമർപ്പിതരായി പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകരെയും ഈ സാർവ്വ ദേശീയ തൊഴിലാളിനത്തിൽ ഹാർദ്ദമായി അഭിവാദ്യം ചെയ്യുന്നു. ആരോഗ്യപ്രവർത്തകർ അതീവ ദുഷ്കരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി വിശ്രമമില്ലാതെ അവർ കഠിനാദ്ധ്വാനം ചെയ്യുകയാണ്. അതിനു പുറമേ, പുതിയ രോഗവ്യാപനം അവരുടെ തൊഴിലിൻ്റെ സമ്മർദ്ദം വളരെയധികം ഉയർത്തിയിരിക്കുന്നു. സമൂഹത്തിൻ്റെ ഐക്യത്തോടെയുള്ള സഹകരണവും പിന്തുണയും ആരേക്കാളും അവർ അർഹിക്കുന്നുണ്ട്. അവരുടെ മനോവീര്യം നഷ്ടപ്പെടാതെകാക്കേണ്ടത് നമ്മുടെ അതിജീവനത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണെന്നു കൂടി ഓർക്കണം. അതുകൊണ്ട് ചെറിയ പിഴവുകൾക്കോ, നേരിടുന്ന ചെറിയ ബുദ്ധിമുട്ടുകൾക്കോ ആരോഗ്യപ്രവർത്തകർക്കു നേരെ മോശമായി പെരുമാറുന്ന പ്രവണത തടയണം. ഒരു ദിവസം ഏകദേശം 5 ലക്ഷത്തോളം മനുഷ്യരെ പരിപാലിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് അവർ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. അത് ഏറ്റവും അനായാസമായി നിർവഹിക്കാൻ അവരെ സഹായിക്കുക എന്ന ഉത്തരവാദിത്വം സമൂഹമെന്ന നിലയ്ക്ക് നമ്മളേറ്റെടുക്കണം.   ഒരു ദിവസം നാലു ലക്ഷത്തിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. മരണ സംഖ്യയും അതിന് ആനുപാതികമായി വർദ്ധിച്ചു. കേരളത്തിൽ നിലവിൽ 3 ലക്ഷത്തിലധികം ആക്റ്റീവ് കേസുകൾ ഉണ്ട്. ഇന്നലെയുള്ള കണക്കുകൾ അനുസരിച്ച് എറണാകുളം ജില്ലയിൽ മാത്രം 50000-ൽ അധികം ആളുകൾ ചികിത്സയിൽ ഉണ്ട്. കോഴിക്കോട് ജില്ലയിൽ 41000-ൽ അധികവും മലപ്പുറത്ത് 31000-ത്തിനു മുകളിലും ആളുകൾ ചികിത്സയിൽ കഴിയുകയാണ്. ഒരു ജില്ലയിൽ മാത്രം 50000 കേസുകൾ കൈകാര്യം ചെയ്യേണ്ടി വരുന്ന സ്ഥിതിയിലേക്കാണ് നമ്മൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. 
ആരോഗ്യവകുപ്പിൻ്റേയും ജില്ലാ ഭരണസംവിധാനത്തിൻ്റേയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ ഈ സാഹചര്യത്തെ നേരിടാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുന്നു. ഓക്സിജൻ വാർ റൂമുകൾ, ഡി.പി.എം.എസ്.യു, ഐസിയു ബെഡുകൾ, വെൻ്റിലേറ്ററുകൾ, സി.എഫ്.എൽ.ടിസികൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്. 
രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ  പങ്കാളിത്തം കൂടുതൽ പ്രധാനമാവുകയാണ്. നിലവിലുള്ള രോഗികളിൽ 90 ശതമാനം ആളുകളും ഗുരുതരമായ ലക്ഷണങ്ങളോ ആശുപത്രി ചികിത്സയോ ആവശ്യമില്ലാത്തതിനാൽ വീട്ടിൽ തന്നെയോ, ഡൊമിസിലിയറി കെയർ സെൻ്ററുകളിലോ ഐസൊലേഷനിൽ കഴിയുകയാണ്. അതിനാൽ ഈ ഘട്ടത്തിൽ വാർഡ് സമിതികൾ വളരെ സജീവമായിത്തന്നെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു. വാർഡ് മെമ്പർമാരുടെ അദ്ധ്യക്ഷതയിൽ പ്രവർത്തിക്കുന്ന വാർഡ് സമിതികൾ അതാതു വാർഡുകളിൽ വീടുകളിൽ കഴിയുന്ന രോഗികളുടെ വിവരങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുകയും, അവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വേണം. വാർഡ് മെമ്പറുടെ ഫോൺ നമ്പർ എല്ലാ രോഗികളുടേയും കൈവശം ഉണ്ടായിരിക്കണം. ഇത്തരത്തിലുള്ള ജനകീയമായ പ്രതിരോധ മാർഗത്തെ കൂടുതൽ ശക്തവും ഫലപ്രദവുമാക്കി മുൻപോട്ട് കൊണ്ടുപോകാൻ നമുക്ക് സാധിക്കണം.

സ്വകാര്യ ലാബുകളിലെ ആർ.ടി.പി.സി.ആർ ടെസ്റ്റിൻ്റെ നിരക്ക് 1700 രൂപയിൽ നിന്നും 500 രൂപയാക്കി പുതുക്കി നിശ്ചയിച്ചതിനെത്തുടർന്ന് ചില ലാബുകൾ ടെസ്റ്റ് ചെയ്യാൻ വിമുഖത കാണിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വിശദമായ ഒരു പഠനത്തിനു ശേഷമാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയത് എന്ന് മനസ്സിലാക്കണം. വിപണി നിരക്കിനെ അടിസ്ഥാനമാക്കി ഈ ടെസ്റ്റിനാവശ്യമായ സംവിധാനങ്ങൾക്ക് വരുന്ന ചെലവ് 240 രൂപയോളമാണ്. ടെസ്റ്റ് നടത്താൻ ആവശ്യമായ മനുഷ്യവിഭവം കൂടെ കണക്കിലെടുത്താണ് 500 രൂപയായി നിരക്ക് നി ശ്ചയിച്ചിരിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും ഇക്കാര്യം സമാനമായ രീതിയിലാണ്  നടപ്പിലാക്കിയത്.
ഇതുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ അതു ചർച്ച ചെയ്യാകുന്നതാണ്. പക്ഷേ, ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്യില്ല എന്ന നിലപാട് ഒരു കാരണവശാലും എടുക്കാൻ പാടില്ല. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ അത്തരമൊരു നിഷേധാത്മക നിലപാട് ആരും സ്വീകരിക്കരുത്. ഭൂരിപക്ഷം സ്ഥാപനങ്ങളും ഇതുമായി പൂർണമായും സഹകരിക്കുന്നുണ്ട്. അല്ലാത്തവരും സഹകരിക്കണം എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ടെസ്റ്റ് നടത്തുന്നതിൽ വിമുഖത കാണിക്കുന്നത് ഒരു തരത്തിലും സർക്കാറിന് അംഗീകരിക്കാൻ സാധിക്കില്ല. ആർ ടി പി സി ആറിന് പകരം ചെലവ് കൂടുതലുള്ള ട്രൂ നാറ്റ് ടെസ്റ്റ് നടത്താൻ പ്രേരിപ്പിക്കുന്നു എന്ന വാർത്തയും വന്നു. ഇത് ഒരസാധാരണ സാഹചര്യമാണ് എന്ന് എല്ലാവരും മനസ്സിലാക്കണം. ലാഭമുണ്ടാക്കാനുള്ള സന്ദർഭമല്ല ഇത്. സർക്കാർ നിശ്ചയിച്ച നിരക്കിൽ ടെസ്റ്റ് നടത്തണം. വിസമ്മതിക്കുന്നവർക്കെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കും.

ജില്ലകളിലെ സ്ഥിതി പരിശോധിച്ചാൽ, തിരുവനന്തപുരത്ത് 37 ഡൊമിസിലിയറി കെയർ സെന്ററുകളും 17 കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും 16 കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും സജ്ജമാണ്. ഡൊമിസിലിയറി കെയർ സെന്ററുകളിൽ 2,010ഉം സി.എഫ്.എൽ.ടി.സികളിൽ 1,851ഉം സി.എസ്.എൽ.ടി.സികളിൽ 1,171 കിടക്കളും ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ കോവിഡ് രോഗികൾക്കു മാത്രമായി 5,032 കിടക്കകൾ സജ്ജമാക്കി.

കൊല്ലത്ത് രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിലും ആൾക്കൂട്ട സാധ്യതാ മേഖലകളിലും കോവിഡ് മാനദണ്ഡ പാലനത്തിന് വനിതാ പോലീസിന്റെ പെട്രോളിംഗ് ആരംഭിച്ചു. ഹാർബറുകൾക്കും അനുബന്ധ ലേല ഹാളുകൾക്കും മെയ് എട്ടുവരെ നൽകിയിരുന്ന പ്രവർത്തനാനുമതി കോവിഡ് വ്യാപനം മുൻനിർത്തി റദ്ദ് ചെയ്തു.

കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്താൻ പത്തനംതിട്ട ജില്ലാപഞ്ചായത്ത്  ആദ്യ ഘട്ടമെന്ന നിലയിൽ  ഒന്നരകോടി രൂപയുടെ പദ്ധതി അംഗീകരിച്ചു. ഓക്സിജൻ ക്ഷാമം പരിഹരിക്കാനും അതിന്റെ സ്ഥിരമായ ലഭ്യത ഉറപ്പുവരുത്താനുമായി കോഴഞ്ചേരി ജില്ലാ ആശുപത്രി  വക സ്ഥലത്ത് 50 ലക്ഷം രൂപ ചിലവിൽ ജില്ലാ പഞ്ചായത്ത്  ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. ഒരു മിനിറ്റിൽ 200 ലിറ്റർ ഓക്സിജൻ ഉത്പാദിക്കാൻ കഴിയുന്ന പ്ലാന്റായിരിക്കും ഇത്.  

ആലപ്പുഴ ജില്ലയിൽ സർക്കാർ ആശുപത്രികളിൽ ആകെ 1074 ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ട്രയാജ് കേന്ദ്രങ്ങളിൽ കോവിഡ് രോഗിയെ പ്രവേശിപ്പിച്ചാൽ ആരോഗ്യനില കൃത്യമായി വിലയിരുത്തി തുടർനടപടി സ്വീകരിക്കുന്നതിനുള്ള പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 10 ജീവനക്കാരെക്കൂടി ഇന്നലെ നിയോഗിച്ചു. സ്‌കൂൾ അധ്യാപകരായ 780 ജീവനക്കാരെയാണ് ഇന്നലെ മാത്രം നിയോഗിച്ചത്.

കോട്ടയം ജില്ലയിൽ  നാലു പഞ്ചായത്തുകളിലും 37 തദ്ദേശ സ്ഥാപനങ്ങളിലെ  59 വാർഡുകളിലും നിരോധനാജ്ഞയും  അധിക നിയന്ത്രണങ്ങളും നിലവിലുണ്ട്.
എറണാകുളം ജില്ലയിലെ 57 പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം കടന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമായി നടപ്പിലാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. മാർക്കറ്റുകളിൽ പകുതി അടച്ചിടും. കണ്ടെയ്ൻമെൻറ് സോണുകളിലെ നിയന്ത്രണം കൂടുതൽ കർശനമായി നടപ്പാക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നാളെ നടക്കുന്ന വോട്ടെണ്ണലിൽ കടുത്ത നിയന്ത്രണങ്ങളാണ് ജില്ലാഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ 11 അതിർത്തി ചെക്‌പോസ്റ്റുകളിലും പോലീസിനെ സഹായിക്കുന്നതിനായി അധ്യാപകരെ നിയോഗിച്ചു. കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യാത്രാ വിവരങ്ങൾ പരിശോധിക്കുന്നതിനും രജിസ്റ്റർ ചെയ്യാതെ വരുന്നവരെ സ്‌പോട്ട് രജിസ്‌ട്രേഷൻ ചെയ്യിപ്പിക്കുന്നതിനുമാണ് ഇവരെ നിയോഗിച്ചിട്ടുള്ളത്.
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി ഇഖ്റ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കോവിഡ് ചികിത്സാ കേന്ദ്രം പ്രവർത്തനം തുടങ്ങി. 50 ബെഡുകളും, 10 ഐ.സി.യു ബെഡുകളും, 4 വെന്റിലേറ്ററുമാണ് പ്രാഥമിക ഘട്ടത്തിൽ സജ്ജീകരിച്ചിട്ടുള്ളത്.
ജില്ലയിലെ ഓക്‌സിജൻ വിതരണം ഏകോപിപ്പിക്കുന്നതിനായി ഓക്സിജൻ വാർ റൂം പ്രവർത്തനം ആരംഭിച്ചു.

കോഴിക്കോട് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ ഉയർന്ന നിലയിലുള്ള പഞ്ചായത്തുകൾ കൂടുതൽ നിയന്ത്രണങ്ങളിൽ പോകണമെന്ന് ആരോഗ്യ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കാസർകോട് ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും കൊവിഡ് കെയർ സെന്ററുകൾ 24 മണിക്കൂറിനകം പ്രവർത്തനസജ്ജമാക്കാൻ നിർദ്ദേശം നൽകി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ജാഗ്രതാ പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെന്നും ഉറപ്പു വരുത്താനായി ജില്ലയിലെ 17 അതിർത്തി പോയിന്റുകളിലും പരിശോധന നടത്തും. നിലവിൽ ഈ ചെക്ക്പോയിന്റുകളിൽ പോലീസ് മാത്രമുള്ളതിനാൽ ആവശ്യമായ ജീവനക്കാരെ നിയോഗിക്കാൻ ഗ്രാമപഞ്ചായത്തുകൾ നടപടി സ്വീകരിക്കും. ഇതര സംസ്ഥാനത്ത് നിന്ന് ട്രെയിൻ മാർഗം ജില്ലയിലേക്ക് വരുന്നവരെ പരിശോധിക്കാൻ കാസർകോട്, മഞ്ചേശ്വരം, കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനുകളിൽ ബ്ലോക്ക് പഞ്ചായത്തുകൾ മുഖേന ക്രമീകരണമുണ്ടാക്കും.

വാക്സിനേഷൻ സെൻ്ററുകൾ രോഗം പകർത്താനുള്ള കേന്ദ്രങ്ങളായി മാറരുത്. രണ്ടാമത്തെ ഡോസിനു സമയമാകുന്നവരുടെ ലിസ്റ്റ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ മാനേജർമാർ പ്രസിദ്ധീകരിക്കുകയും, അവരെ നേരിട്ട് വിളിച്ചറിയിക്കുകയും ചെയ്യും. അങ്ങനെ സമയം അറിയിക്കുമ്പോൾ മാത്രമേ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ചെല്ലാൻ പാടുകയുള്ളൂ. രണ്ടാമത്തെ ഡോസ് കിട്ടില്ലെന്ന പരിഭ്രാന്തി ആർക്കും ഉണ്ടാകേണ്ടതില്ല. 18 വയസ്സിനു ശേഷമുള്ളവർക്കുള്ള വാക്സിനേഷൻ അല്പ ദിവസങ്ങൾ കൂടെ വൈകുന്നതായിരിക്കും. വാക്സിൻ നിർമ്മാതാക്കളിൽ നിന്നും വാക്സിൻ വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതുകൊണ്ട് 18 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും വാക്സിൻ നാളെ മുതൽ നൽകാൻ സാധിക്കില്ല. ഇതു മനസ്സിലാക്കി വാക്സിൻ കേന്ദ്രങ്ങളിൽ തിരക്കുണ്ടാകാതെ നോക്കാൻ എല്ലാവരും ശ്രദ്ധിക്കണം. 

ഇന്ത്യയിൽ 18 വയസ്സിനു മുകളിലുള്ളവരെ വാക്സിനേറ്റ് ചെയ്യണമെങ്കിൽ 93 കോടിയിൽ അധികം ആളുകൾക്ക് വാക്സിൻ നൽകേണ്ടതായി വരും. 45 വയസ്സിനു മുകളിലുള്ളത് 30 കോടി ആളുകളാണ്. അതിൽ 12.95 കോടി ആളുകൾക്കാണ് കേന്ദ്ര സർക്കാർ ഇതുവരെ വാക്സിൻ ലഭ്യമാക്കിയിട്ടുള്ളത്. കേരളത്തിൽ മെയ് 30 നുള്ളിൽ 45 വയസ്സിനു മുകളിലുള്ള ആളുകൾക്ക് വാക്സിൻ നൽകാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അതിനാവശ്യമായ വാക്സിൻ നമുക്കിതുവരെ ലഭിച്ചിട്ടില്ല. നമ്മൾ ഇതുവരെ രണ്ടാമത്തെ ഡോസ് കൂടെ കണക്കിലെടുത്താൽ 74 ലക്ഷത്തിൽ പരം ഡോസുകൾ വിതരണം ചെയ്തു കഴിഞ്ഞു. മെയ് 30-നുള്ളിൽ തീർക്കാൻ ലക്ഷ്യമിട്ടതിൻ്റെ 50 ശതമാനം പോലുമായിട്ടില്ല. അതിനാൽ കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ വേണ്ട നടപടികൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്നു ഉടനടി ഉണ്ടാകേണ്ടതുണ്ട്. 

ഡബിൾ മാസ്കിങ്ങിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഇതിനോടകം സംസാരിച്ചതാണ്. മാസ്ക് ധരിക്കുക എന്ന ഏറ്റവും പ്രധാന സുരക്ഷ എല്ലാവരും സ്വയം സ്വീകരിക്കണം. അശ്രദ്ധ കാണിക്കുന്നവരെ അക്കാര്യം ബോധവൽക്കരിക്കാനും എല്ലാവരും തയ്യാറാവുക. അതുപോലെ വാൾവ് ഘടിപ്പിച്ച മാസ്കുകൾ ധരിക്കുന്നത് പരിപൂർണമായും ഒഴിവാക്കണം. എക്സ്ഹലേഷൻ വാൾവുള്ള മാസ്കുകൾ ഇവിടെ നിരോധിക്കപ്പെട്ടതാണ്. എൻ 95 മാസ്ക്ക് ഉപയോഗിക്കുകയോ , അല്ലെങ്കിൽ സർജിക്കൽ മാസ്കിനു മുകളിൽ തുണി മാസ്കു ധരിക്കുകയോ ആണ് വേണ്ടത്. 

ഓക്സിജൻ വീട്ടിൽ ഉത്പാദിപ്പിക്കാം എന്നു പറഞ്ഞുകൊണ്ട് തെറ്റിദ്ധാരണ പടർത്തുന്ന സന്ദേശങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. അതെല്ലാം തീർത്തും അടിസ്ഥാനരഹിതവും അപകടം വിളിച്ചു വരുത്തുന്നവയുമാണ്. ഇത്തരത്തിലുള്ള അശാസ്ത്രീയമായ വ്യാജപ്രചരണങ്ങൾ ആരും തന്നെ പ്രചരിപ്പിക്കരുത്. കുടുങ്ങുകയുമരുത്.

50 ശതമാനം ബെഡുകൾ കോവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കാൻ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരമാവധി സ്വകാര്യ ആശുപത്രികളെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ (കാസ്പ്) ഭാഗമാക്കാനുള്ള ശ്രമങ്ങളും നടത്തി വരികയാണ്. അതിനെത്തുടർന്ന്, ഒരാഴ്ച മുൻപ് 106 ആശുപത്രികൾ ആയിരുന്നെങ്കിൽ, ഇപ്പോൾ 150 ആശുപത്രികളെ കാസ്പിൻ്റെ ഭാഗമാക്കാൻ സാധിച്ചിട്ടുണ്ട്. കൂടുതൽ ആശുപത്രികൾ ഈ പദ്ധതിയുടെ ഭാഗമാകാൻ തയ്യാറാകണം എന്ന് അഭ്യർത്ഥിക്കുകയാണ്. അതുകൊണ്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്ന കൂടുതൽ ആളുകളുടെ ചികിത്സാ ചെലവ് സർക്കാരിന് വഹിക്കാൻ സാധിക്കും.

2020 ജൂണിലാണ് സ്റ്റേറ്റ് ഹെൽത്ത് അതോറിറ്റി രൂപീകരിച്ചത്. അതിനു കീഴിലാണ് ഇപ്പോൾ കാസ്പ് പ്രവർത്തിക്കുന്നത്. അതിനെത്തുടർന്ന് ഒരു ആശുപത്രിയ്ക്ക് പോലും കാസ്പ് മുഖാന്തരം ലഭിക്കേണ്ട തുകയിൽ മുടക്കം വരുത്താതെ സർക്കാർ നോക്കിയിട്ടുണ്ട്. ഏകദേശം 80 കോടി രൂപയുടെ ചികിത്സ ഇതിനകം നടത്തിക്കഴിഞ്ഞു. അതുകൊണ്ട് ആശുപത്രികൾ ആശങ്ക കൂടാതെ മുൻപോട്ട് വന്ന് സ്റ്റേറ്റ് ഹെൽത്ത് അതോറിറ്റിയിൽ എംപാനൽ ചെയ്ത് കാസ്പ് പദ്ധതിയുടെ ഗുണഫലം കൂടുതൽ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ മുൻകൈ എടുക്കണമെന്ന് അഭ്യർഥിക്കുന്നു.

ഗ്രാമപ്രദേശങ്ങളിലെ കോവിഡ് വ്യാപനം തടയുന്നതിന് വീട്ടമ്മമാരുടെയും സ്ത്രീകളുടെയും സേവനം വിനിയോഗിക്കും. ജില്ലകളിൽ പ്രവർത്തിക്കുന്ന വനിതാ പോലീസ് സ്റ്റേഷനുകൾ, വനിതാ സെൽ എന്നിവിടങ്ങളിലുളളവരുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുക. ഈ വനിതാ പോലീസ് ഉദ്യോഗസ്ഥർ ഗ്രാമപ്രദേശങ്ങൾ സന്ദർശിച്ച് വീട്ടമ്മമാർക്കും സ്ത്രീകൾക്കും കോവിഡ് അവബോധന ക്ലാസുകൾ നൽകും. ക്വാറൻറൈൻ ലംഘനങ്ങളും സർക്കാർ മാർഗ്ഗനിർദ്ദേശത്തിന്റെ ലംഘനങ്ങളും കണ്ടെത്തി പോലീസിനെ അറിയിക്കാൻ സ്ത്രീകളെ സജ്ജരാക്കും. കോവിഡ് പോസിറ്റീവ് രോഗികൾക്കും ക്വാറന്റൈനിൽ ഉള്ളവർക്കും ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങൾ വിശദീകരിച്ചു നൽകാനും ഗ്രാമങ്ങളിലെ വീട്ടമ്മമാരുടെ സേവനം വിനിയോഗിക്കും.

എത്ര വലിയ ആരാധനാലയങ്ങളിലും പരമാവധി 50 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുളളത്. ചെറിയ ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നവരുടെ എണ്ണം അവയുടെ വലിപ്പം അനുസരിച്ച് 50 ൽ താഴെയായി പരിമിതപ്പെടുത്തേണ്ടതാണ്. സാമൂഹിക അകലം പാലിക്കാത്ത തരത്തിൽ ആരാധനാലയങ്ങളിൽ വിശ്വാസികൾ കടക്കുന്നില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉറപ്പാക്കും. ഇതിനായി അവർ ആരാധനാലയങ്ങളിലെ ഭാരവാഹികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണം.

ഗുജറാത്തിലെ ബറൂച്ചിലെ പട്ടേൽ വെൽഫയർ ആശുപത്രിയിൽ തീപ്പിടിത്തം കാരണം 18 പേരുടെ ജീവനാണ് നഷ്ടമായത്. അത്തരത്തിലുള്ള ദാരുണമായ സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകാതെ നോക്കേണ്ടതുണ്ട്. ഓക്സിജൻ കൂടിയ അളവിൽ ശേഖരിച്ചു സൂക്ഷിക്കുന്ന ഈ ഘട്ടത്തിൽ എല്ലാ ആശുപത്രികളിലേയും ഫയർ ആൻ്റ് സേഫ്റ്റി സംവിധാനങ്ങൾ കൃത്യമാണെന്നും പ്രവർത്തനക്ഷമമാണെന്നും ബന്ധപ്പെട്ടവർ ഉറപ്പിക്കണം. ഫയർഫോഴ്സിൻ്റെ മേൽനോട്ടവും ഇക്കാര്യത്തിൽ ഉറപ്പു വരുത്തിയേ തീരൂ.   

സംസ്ഥാനത്ത് ഇന്ന് നിലവിലുളള കർശന നിയന്ത്രണങ്ങൾ നാളെയും ഇതുപോലെ തുടരും. അനാവശ്യമായി പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലങ്ങളിൽ കൂട്ടം കൂടാനോ പാടില്ല. വോട്ടെണ്ണൽ ദിനമായ നാളെ യാതൊരു വിധത്തിലുമുളള ആഘോഷപ്രകടനങ്ങളും കൂടിച്ചേരലുകളും അനുവദിക്കില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും എടുത്ത തീരുമാനമാണത്.

സംസ്ഥാനത്ത് ഒട്ടാകെയും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ചുമതലപ്പെട്ടവരൊഴികെ ആരും പോകേണ്ടതില്ല.
തെരഞ്ഞെടുക്കപ്പെടുന്നവർ മണ്ഡലത്തിൽ സഞ്ചരിച്ചു വോട്ടർമാരോട് നന്ദി പറയുന്ന പതിവുണ്ട്. അത് ഇത്തവണ ഉപേക്ഷിക്കണം. നേരിട്ട് ചെന്നുള്ള നന്ദിപ്രകടനം തൽക്കാലം വേണ്ട. കോവിഡ് വ്യാപനത്തിന് ശമനം വന്നാൽ അതിന് വേണ്ടുവോളം സമയമുണ്ട് എന്ന് മനസ്സിലാക്കണം.
സോഷ്യൽ മീഡിയയിലൂടെ വോട്ടർമാരെ അഭിസംബോധന ചെയ്യാവുന്നതാണ്.

ആഹ്ലാദപ്രകടനം നടത്താൻ വിജയിച്ചവർക്കാകെ ആഗ്രഹമുണ്ടാകും. ഇന്നത്തെ അവസ്ഥയിൽ ആഹ്ലാദപ്രകടനകൾ ഉപേക്ഷിക്കുന്നതാണ് സമൂഹത്തോടുള്ള പ്രതിബദ്ധത.
കോവിഡ് പ്രതിരോധത്തിൽ സർവ്വാത്മനാ പങ്കെടുക്കുന്നതും സഹകരിക്കുന്നതുമാണ് ജനങ്ങളോടുള്ള യഥാർത്ഥ നന്ദി പ്രകടനം എന്നു നാം ഓരോരുത്തരും മനസ്സിലാക്കണം.
ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ സഹകരണവും ഉണ്ടാകണം. കൂട്ടം ചേർന്നുള്ള പ്രതികരണമെടുപ്പ് കഴിയുന്നതും ഒഴിവാക്കണം.

കഴിഞ്ഞ 24 മണിക്കൂറിനുളളിൽ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 21,733 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 11,210 പേർക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. പിഴയായി 65,48,750 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

ദുരിതാശ്വാസനിധി

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന കേരള മുസ്ലിം ജമാഅത്തെയുടെ പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) അയ്യായിരം കോവിഡ് വാക്സിന് തുല്യമായ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നറിയിച്ചു. കേരള ബാങ്ക് 5 കോടി രൂപ , വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപ , തൊഴിലുറപ്പ് കാരാർ ജീവനക്കാരുടെ സം​ഘടനയായ എൻ ആർ ഇ ജി എംപ്ലോയീസ് യുണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി 12 ലക്ഷം രൂപ , പാറശാല ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ , അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ , പാപ്പിനിവട്ടം സർവ്വീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ , ചടയമംഗലം ബ്ലോക്ക്  10 ലക്ഷം രൂപ , പൂവ്വത്തുകടവ് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് 7 ലക്ഷം രൂപ , നാട്ടിക ഫിർക കോ-ഓപറേറ്റീവ് റൂറൽ ബാങ്ക് 7 ലക്ഷം രൂപ , പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്ക് 7 ലക്ഷം രൂപ , മേത്തല സർവ്വീസ് സഹകരണ ബാങ്ക് 5 ലക്ഷം രൂപ , പറപ്പൂക്കര​ ​ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ , ക്ലാപ്പന ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ , ആല സർവ്വീസ് സഹകരണ ബാങ്ക് 5 ലക്ഷം രൂപ , കയ്പമംഗലം സർവ്വീസ് സഹകരണ ബാങ്ക് 5 ലക്ഷം രൂപ , വെമ്പല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് 5 ലക്ഷം രൂപ , എടത്തിരുത്തി കിസാൻ സർവ്വീസ് സഹകരണ ബാങ്ക് 3 ലക്ഷം രൂപ, എടത്തിരുത്തി സർവ്വീസ് സഹകരണ ബാങ്ക് 2 ലക്ഷം രൂപ , കാനഡയിലെ മലയാളികളുടെ സംഘടനയായ സമന്വയ കാനഡ 4.25 ലക്ഷം രൂപ , എം പി നാരായണദാസ് ഉദയംപേരൂർ, മുളന്തുരുത്തി 88 മോഡൽ ജീപ്പ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി , തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ  ഡേവിസ് മാസ്റ്റർ, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം എം മുകേഷ് എന്നിവർ 1,05,000 രൂപ , സർവ്വീസ് പെൻഷണർ മുഹമ്മദ് പാലമ്പാടിയൻ 1 ലക്ഷം രൂപ , ആളൂർ സ്വദേശി ഐനിക്കാടൻ രാമകൃഷ്ണൻ 1 ലക്ഷം രൂപ , കെ എസ് ഇ ബി മുൻ ചെയർമാൻ ടി എം മനോഹരൻ 1 ലക്ഷം രൂപ , ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി വി സുരേന്ദ്രനാഥ് 1 ലക്ഷം രൂപ , കോട്ടയം ദേവലോകം മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് ആർദ്ര ചാരിറ്റബിൾ സൊസൈറ്റി 1 ലക്ഷം രൂപ , കുര്യൻ തോമസ് കരിമ്പനത്തറ കോട്ടയം 1 ലക്ഷം രൂപ , ചുമട്ട് തൊഴിലാളി യൂണിയൻ തൃക്കരിപ്പൂർ യൂണിറ്റ് 50,000 രൂപ, ചെങ്ങന്നൂരിലെ വാട്ട്സ് ആപ് കൂട്ടായ്മയായ എൻ്റെ ചെങ്ങന്നൂർ 55,555 രൂപ , തളിപ്പറമ്പ ചിറവാക്കു പുതിയ വീട്ടിൽ രമേശൻ ദുബായിൽ നിന്നും 50,000 രൂപ, കഴക്കൂട്ടം ആറ്റിൻകുഴി പുരുഷ സ്വയം സഹായ സംഘം 50,000 രൂപ, തിരുവനന്തപുരം വർക്കല പൂർണ്ണ എഡ്യുക്കേഷൻ ഫൗണ്ടേഷൻ 50,000 രൂപ, കണ്ണൂർ സി എച്ച് എം എളയാവൂർ ഹൈസ്കൂൾ വിദ്യാർത്ഥികൾ 39,000 രൂപ, ഡോ. വർ​ഗീസ് പേരയിൽ കേരള കോൺഗ്രസ്‌ എം സംസ്കാരവേദി 20,000 രൂപ, വിരമിച്ച ആലപ്പുഴ സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐ, ജി ലാൽജി 25,000 രൂപ, ആളൂർ, കൊമ്പൊടിഞ്ഞാമാക്കൽ സ്വദേശി തച്ചനാടൻ ചന്ദ്രൻ 20,000 രൂപ, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കടുത്തുരുത്തി 20,000 രൂപ, കരിവെള്ളൂർ സർവീസ് സഹകരണ ബങ്ക് മുൻ ജീവനക്കാരൻ ടി. സുരേന്ദ്രൻ  17,254 രൂപ, കടന്നപ്പള്ളി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് 10,250 രൂപ , ഓൾ കേരള പൗൾട്രി ഫെഡറേഷൻ സ്‌റ്റേറ്റ് കമ്മിറ്റിയുടെ പ്രസിഡൻ്റ്, സെക്രട്ടറി എന്നിവർ 10,001 രൂപ, കേരള പരവർ സർവ്വീസ് സൊസൈറ്റി വട്ടപ്ലാമൂട് ശാഖ 10,000 രൂപ, കരുനാഗപ്പള്ളി ഹരിത കർമ്മ സേനാംഗങ്ങൾ 15,000 രൂപ, പി വി കെ കടമ്പേരിയുടെ ചെറുമക്കളായ ആദിഷും ആര്യയും തങ്ങൾക്ക് വിഷു കൈനീട്ടം കിട്ടിയ തുക 2030 രൂപ, മാളപ്പള്ളിപ്പുറം ചെമ്മാശ്ശേരി ജിനോ 2624 രൂപ

കോവിഡ് പ്രതിരോധത്തിനായി എല്ലാ മാധ്യമങ്ങളും സർക്കാരിന് നൽകിയ സഹകരണത്തിന് ഈ ഘട്ടത്തിൽ നന്ദി രേഖപ്പെടുത്തുകയാണ്. ആ സഹകരണം തുടർന്നും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.നന്ദി.

റിപ്പോർട്ട് കടവിൽ റഷീദ്

You may also like

Leave a Comment