Home Latest News മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്

by Green Media Vision

ഇന്ന് 35 ,013 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മരണ സംഖ്യ41 . നടത്തിയ ടെസ്റ്റുകള്‍ 1 ,38 ,190 . ചികിത്സയിലുള്ളവര്‍: 2 ,66 ,646 . നിലവിലുള്ള അവസ്ഥ ഇന്ന് അവലോകന യോഗം വിലയിരുത്തി. പൊതുവെ വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമാണിത്. അതിനനുസൃതമായ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തും. ലോക്ക് ഡൗൺ ആവശ്യം ഉയരുന്നുണ്ട്. സംപൂർണ്ണ ലോക്ക് ഡൗൺ എന്നത് അവസാനത്തെ ആയുധമാണ്.
നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് ഉചിതം. ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം. ഓക്സിജൻ ആവശ്യത്തിന് ലഭ്യമാക്കും. ഓക്സിജന്റെ നീക്കം സുഗമമാക്കാൻ എല്ലാ തലത്തിലും ഇടപെടാൻ നിർദേശം നൽകി.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറച്ചു കൊണ്ടുവരാൻ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. കൂടുതൽ വളണ്ടിയർമാരെ കണ്ടെത്തുന്നുണ്ട്. വാർഡ് തല സമിതികളുടെ ഇടപെടലും ശക്തിപ്പെടുത്തും. ആദ്യഘട്ടത്തിൽ വളണ്ടിയർമാരും പോലീസും ഒന്നിച്ച ഇടപെട്ടത് ഫലം ചെയ്തിരുന്നു. ആ രീതി ആവർത്തിക്കും. ആശുപത്രികളിൽ വൈറസ് ബാധയുള്ള എല്ലാവരെയും പ്രവേശിപ്പിക്കേണ്ടതില്ല. ഉദാഹരണത്തിന് രണ്ടു വാക്സിനേഷനും കഴിഞ്ഞവർക്ക് കോവിഡ് ബാധിച്ചാൽ സാധാരണ നിലയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. അത്തരം ആളുകൾ വീട്ടിൽ തന്നെ കഴിഞ്ഞാൽ മതിയാകും. അതെല്ലാം കണക്കിലെടുത്ത് ആശുപത്രി പ്രവേശനം സംബന്ധിച്ചു ശാസ്ത്രീയ മാനദണ്ഡമുണ്ടാക്കും. കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം വേണ്ടതുണ്ട്. ഡോക്ടർമാരും നഴ്‌സുമാരും ഇനിയും വേണം. അത് ലഭ്യമാക്കാൻ അടിയന്തര നടപടിയെടുക്കും.
ആരോഗ്യ പ്രവർത്തകർക്ക് മിനിമം വേതനം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി. സി എഫ് എൽ ടി സികൾ എല്ലാ താലൂക്കിലും ഉണ്ട് എന്ന് ഉറപ്പു വരുത്തും.
വാക്സിൻ കാര്യത്തിൽ, രണ്ടാം ഡോസ് ഉറപ്പാക്കുന്നതിന് മുൻഗണന നൽകും.
നിർമാണ ജോലികൾ ഇന്നത്തെ സ്ഥിതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്താം. വലിയ തോതിലാണ് വ്യാപനം ഉണ്ടാകുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വാക്സിനേഷന്‍ നയത്തിന്‍റെ ഫലമായി 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഉല്‍പ്പാദകരില്‍ നിന്നും വാക്സിന്‍ സംസ്ഥാനങ്ങള്‍ വിലകൊടുത്തു വാങ്ങേണ്ട സാഹചര്യം വന്നിരിക്കുകയാണ്. ഈ നയം തിരുത്തണമെന്നും എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കണമെന്നും കേന്ദ്രത്തോട് നാം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. ഇതുവരെ അനുകൂലമായ നടപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി രണ്ട് ഡോസ് വാക്സിന്‍ നല്‍കുന്നതിനായി ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം ചില പ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.
വാക്സിന്‍ നിര്‍മ്മാതക്കാളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് (കോവിഷീല്‍ഡ്), ഭാരത് ബയോടെക് (കോവാക്സിന്‍) എന്നീ കമ്പനികളില്‍ നിന്നായി അടുത്ത മൂന്ന് മാസത്തേയ്ക്ക് (മെയ്, ജൂണ്‍, ജുലൈ) ഒരു കോടി ഡോസ് വാക്സിന്‍ വിലകൊടുത്ത് വാങ്ങാൻ തീരുമാനിച്ചു. വാക്സിന്‍ വിലക്കുവാങ്ങുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് ഈ തീരുമാനമെടുത്തത്. എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യം. സിറം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് 70 ലക്ഷം ഡോസ് വാക്സിന്‍ അടുത്ത മൂന്നു മാസത്തേയ്ക്ക് വാങ്ങാനാണ് തീരുമാനം. ഇതിന് 294 കോടി രൂപ ചെലവു വരും. 400 രൂപയാണ് ഒരു ഡോസിന് അവര്‍ ഈടാക്കുന്ന വില. പുറമേ അഞ്ച് ശതമാനം ജി.എസ്.ടി.യും വരും. ഭാരത് ബയോടെക്കില്‍ നിന്ന് അടുത്ത മൂന്നു മാസത്തേയ്ക്ക് 30 ലക്ഷം ഡോസാണ് വാങ്ങുന്നത്. ഒരു ഡോസിന് 600 രൂപാ നിരക്കില്‍ ജി.എസ്.ടി. ഉള്‍പ്പടെ 189 കോടി രൂപ ചെലവു വരും.
വാക്സിന്‍റെ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകള്‍ നിലവിലുണ്ട്. ഈ കേസുകളിലെ തീര്‍പ്പിന് വിധേയമായിട്ടായിരിക്കും സംസ്ഥാനം വാക്സിന്‍ വാങ്ങുന്നത്. വാക്സിന് ഓര്‍ഡര്‍ കൊടുക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാക്കും. 18 നും 45 നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കു കൂടി വാക്സിന്‍ സൗജന്യമായി നല്‍കാന്‍ കഴിയുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാരിന്‍റെ വാക്സിന്‍ നയം ഭേദഗതി ചെയ്യണമെന്ന് കേന്ദ്രത്തോട് ഒരിക്കല്‍ കൂടി ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും നല്‍കുമ്പോള്‍ വ്യത്യസ്ത വില ഈടാക്കുന്നതിന് രാജ്യത്തെ രണ്ട് വാക്സിന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഈ നയവും തിരുത്തണം. കേന്ദ്രത്തിനു നല്‍കുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്കും വാക്സിന്‍ ലഭിക്കും എന്ന് ഉറപ്പാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ദ്രവീകൃത മെഡിക്കല്‍ ഓക്സിജന്‍റെ ശേഖരം സംസ്ഥാനത്തെ ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ പര്യാപ്തമാണ്. എന്നാല്‍ കോവിഡിന്‍റെ അതിതീവ്ര വ്യാപനം മൂലം നമ്മുടെ ആവശ്യം വളരെയേറെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് സംസ്ഥാനത്തിന്‍റെ ആവശ്യത്തില്‍ കൂടുതല്‍ വരുന്ന മെഡിക്കല്‍ ഓക്സിന്‍ മാത്രമേ പുറത്തേയ്ക്ക് അയക്കാന്‍ പാടുള്ളുവെന്നും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിലവിലുള്ള കേസുകളില്‍ സര്‍ക്കാരിന്‍റെ ഇതുസംബന്ധിച്ച നിലപാടുകള്‍ അറിയിക്കാനും തീരുമാനിച്ചു. ജില്ലകളിലെ സ്ഥിതി വിലയിരുത്തുമ്പോള്‍ തീവ്ര നിലയിലുള്ള ഇടപെടല്‍ നടക്കുന്നതായി കാണാം. ആലപ്പുഴ ജില്ലയില്‍ കോവിഡ് ചികിത്സയ്ക്ക് അധികമായി 1527 കിടക്കകള്‍ കൂടി സജ്ജമാക്കി. ഇതോടെ വിവിധ കേന്ദ്രങ്ങളിലായി 4339 കിടക്കകള്‍ തയ്യാറായി. ആലപ്പുഴയില്‍ കോവിഡ് നിയന്ത്രണത്തിനായി തദ്ദേശ സ്ഥാപനങ്ങളില്‍ 390 അധ്യാപകരെക്കൂടി നിയോഗിച്ചു.

തൃശൂര്‍ ജില്ലയിലെ 21 പഞ്ചായത്തുകളില്‍ 50 ശതമാനത്തിനു മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി.

പത്തനംതിട്ട ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ കൂടുതലായി രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജില്ലയില്‍ ഒരാഴ്ച്ചയ്ക്ക് ഉള്ളില്‍ പുതിയ അഞ്ച് സിഎഫ്എല്‍ടിസികള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കും.

കൊല്ലം ജില്ലയില്‍ പരിശോധനകള്‍ കാര്യക്ഷമമാക്കുന്നതിന് ഭാഗമായി 93 സെക്ടറല്‍ ഓഫീസര്‍മാരെ അധികമായി നിയമിച്ചു.

വയനാട് ജില്ലയില്‍ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരും.

കര്‍ണാടകയില്‍ 27 ന് രാത്രി ഒന്‍പത് മണി മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ചരക്ക് വാഹനങ്ങള്‍ക്ക് മാത്രമാണ് കര്‍ണാടകയിലേക്ക് പ്രവേശന അനുമതി. പൊതുസ്വകാര്യ വാഹനങ്ങള്‍ക്ക് സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി വഴി കര്‍ണാടകയിലേക്ക് പോകാന്‍ അനുമതി ഉണ്ടായിരിക്കില്ല. എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രമേ കര്‍ണാടകയിലേക്ക് വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കുകയുള്ളൂ.

രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി ഉയരുന്നത് കോട്ടയം ജില്ലയില്‍ ആശങ്കാജനകമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. 71 പഞ്ചായത്തുകളും ആറു മുനിസിപ്പാലിറ്റികളുമുള്ള കോട്ടയത്ത് 58 തദ്ദേശ സ്ഥാപനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20നു മുകളിലാണ്. ഇതില്‍തന്നെ ഒരു പഞ്ചായത്തില്‍ അന്‍പതിനു മുകളിലും അഞ്ചിടത്ത് നാല്‍പ്പതിനും അന്‍പതിനും ഇടയിലുമാണ്. കോട്ടയത്ത് കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

കാസര്‍കോട് ജില്ലയില്‍ കോവിഡ് തീവവ്യാപനമുണ്ടായാല്‍ നേരിടാനുള്ള മുന്നൊരുക്കത്തിനായി 59 വെന്‍റിലേറ്റര്‍, 114 ഐ സി യു ബെഡ്, 1101 ഓക്സിജന്‍ ബെഡ്, 589 സാധാരണ ബെഡ് എന്നിവ സജ്ജമാക്കും. ജില്ലയില്‍ ഓക്സിജന്‍ പ്ലാന്‍റ് സ്ഥാപിക്കാനായി ആവശ്യമെങ്കില്‍ 50 സെന്‍റ് ഭൂമി റവന്യു വകുപ്പ് അനുവദിക്കും.

തിരുവനന്തപുരം ജില്ലയില്‍ മാസ് വാക്സിനേഷന്‍ നടക്കുന്ന ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ അഞ്ചു സെഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ പട്ടിക വര്‍ഗ്ഗ കോളനികളില്‍ സുരക്ഷ ഉറപ്പാക്കാനായി ടെസ്റ്റ്, വാക്സിനേഷന്‍ എന്നീ കാര്യങ്ങള്‍ക്ക് പ്രത്യേക സംവിധാനം ഒരുക്കും. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈന്‍ വഴിയുള്ള കേന്ദ്രീകൃത ഓക്സിജന്‍വിതരണ സംവിധാനമൊരുക്കിയിട്ടുണ്ട്. ഓരോ ബെഡിനും പ്രത്യേകം സിലിണ്ടര്‍ നല്‍കുന്നതിനുപകരം കൂടുതല്‍ കിടക്കകളിലെ രോഗികള്‍ക്ക് ഒരേസമയം പൈപ്പ്ലൈന്‍ വഴി ഓക്സിജന്‍ നല്‍കാനാവുമെന്നതാണ് ഈ സംവിധാനത്തിന്‍റെ മേന്‍മ.
ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളിലായി 554 കിടക്കകള്‍ക്കാണ് ഓക്സിജന്‍ പോയന്‍റുകളുള്ളത്. 200 എണ്ണം പുതുതായി തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 400 കിടക്കകളിലാണ് ഈ സൗകര്യമുള്ളത്.

പാലക്കാട് ജില്ലയില്‍ അഞ്ച് കോവിഡ് ചികിത്സാ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. 14 സ്വകാര്യ ആശുപത്രികളിലായി 27 വെന്‍റിലേറ്ററുകള്‍, 98 ഐ.സി.യു ബെഡുകള്‍, 203 ഓക്സിജന്‍ ബെഡുകള്‍ എന്നിവയും സജ്ജമാണ്.

എറണാകുളം ജില്ലയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി കൂടുതല്‍ കോവിഡ് തീവ്രപരിചരണ സൗകര്യങ്ങള്‍ സജ്ജമാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ 196 ഐ.സി.യു കിടക്കുകളും സ്വകാര്യ ആശുപത്രികളില്‍ 228 ഐ.സി.യു കിടക്കുകളും സജ്ജമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ 539 ഓക്സിജന്‍ കിടക്കകളും സ്വകാര്യ ആശുപത്രികളില്‍ 3988 ഓക്സിജന്‍ കിടക്കകളും ലഭ്യമാണ്.

കണ്ണൂര്‍ ജില്ലയില്‍ പട്ടിക വര്‍ഗ മേഖലകളിലെ കോവിഡ് പ്രതിരോധം കൂടുതല്‍ ഫലപ്രദമാക്കാനും ഈ ജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രത്യേക നോഡല്‍ ഓഫീസറെയും നിയോഗിച്ചു.

മലപ്പുറം ജില്ലയില്‍ 14 ഗ്രാമപഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയില്‍ ചിന്നക്കനാല്‍, മാങ്കുളം, വട്ടവട, പെരുവന്താനം, ആലക്കോട്, രാജകുമാരി, വെള്ളത്തൂവല്‍, കോടിക്കുളം, പാമ്പാടുംപാറ എന്നീ പഞ്ചായത്തുകളിലാണ് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ല്‍ അധികം ഉള്ളത്. നിയന്ത്രണം ശക്തമാക്കി രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ ഇവിടെ കൈക്കൊണ്ടു. മറ്റു പല സംസ്ഥാനങ്ങളിലും ആശുപത്രി സൗകര്യങ്ങള്‍ക്കും ചികിത്സയ്ക്കും മറ്റുമായി ആളുകള്‍ പരക്കം പായേണ്ടി വരുന്നത് നമ്മള്‍ വാര്‍ത്തകളിലൂടെ അറിയുന്നുണ്ട്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലൂടെയാണ് കേരളവും കടന്നു പോകുന്നത്. അതുകൊണ്ട് മറ്റിടങ്ങളിലുണ്ടായ പ്രശ്നങ്ങള്‍ ഇവിടെയും സംഭവിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ദ്രുതഗതിയില്‍ സ്വീകരിച്ചു വരികയാണ്. അതിന്‍റെ ഭാഗമായി, ജില്ലാതലത്തില്‍ ഓരോ നാലു മണിക്കൂര്‍ കൂടുന്തോറും ഓരോ ജില്ലയിലേയും സര്‍ക്കാര്‍സ്വകാര്യ ആശുപത്രികളിലെ വെന്‍റിലേറ്ററുകള്‍, ഐസിയു ബെഡുകള്‍, മറ്റു ബെഡുകള്‍ എന്നിവയുടെ ലഭ്യതയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കണമെന്നു നിഷ്കര്‍ഷിച്ചിരിക്കുകയാണ്.
അതുവഴി ഈ സൗകര്യങ്ങളുടെ വിനിയോഗം, ലഭ്യത എന്നിവ കൃത്യമായി നിരന്തരം നിരീക്ഷിക്കാന്‍ സാധിക്കും. മാത്രമല്ല, അവശ്യഘട്ടങ്ങളില്‍ ആശുപത്രികളുമായി നേരിട്ട് ബന്ധപ്പെടുന്ന ബുദ്ധിമുട്ട് ഒഴിവാക്കിക്കൊണ്ട് 1056 എന്ന ഹെല്പ്ലൈനില്‍ വിളിച്ച് ഈ സൗകര്യങ്ങളുടെ ലഭ്യത ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
അതുപോലെത്തന്നെ ഓരോ ജില്ലയിലും ഡി.പി.എം.എസ്.യു മായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററുകളുമായും വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി ആള്‍ക്കാര്‍ക്ക് ബന്ധപ്പെടാവുന്നതാണ്. ഹോം ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ നിര്‍ബന്ധമായും അതാതിടത്തെ വാര്‍ഡ് മെമ്പര്‍മാരുടെയോ, കൗണ്‍സിലര്‍മാരുടേയോ ഫോണ്‍ നമ്പറുകള്‍ സൂക്ഷിക്കണം. അതോടൊപ്പം തൊട്ടടുത്തുള്ള ആശാ വര്‍ക്കര്‍, ഹെല്‍ത്ത് ഇന്‍സ്പെകടര്‍ തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകരുടെ നമ്പറുകളും കയ്യില്‍ കരുതണം. ടെസ്റ്റിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണം.
ഹോം ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുന്നത് കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത രോഗികളോടാണ്. പക്ഷേ, അങ്ങനെ ചെയ്യുമ്പോള്‍ വീടുകളില്‍ അതിനാവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. രോഗിക്ക് താമസിക്കാന്‍ ബാത്ത് റൂം അറ്റാച്ഡ് ആയ മുറി ആവശ്യമാണ്. എ.സി ഉപയോഗിക്കാന്‍ പാടില്ല. പരമാവധി വായുസഞ്ചാരമുള്ള മുറി ആയിരിക്കണം. പരിചരിക്കുന്നവരും മുന്‍കരുതലുകള്‍ എടുക്കണം. എന്‍.95 മാസ്കുകള്‍ രോഗിയും പരിചരിക്കുന്നവരും അടുത്തു വരുമ്പോള്‍ ധരിക്കണം.
പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച് എല്ലാ ദിവസവും പരിശോധിക്കണം. ലക്ഷണങ്ങള്‍ കൂടുതല്‍ ഉണ്ടാവുകയാണെങ്കില്‍ ഉടനടി ചികിത്സ തേടണം. അതിന് ഇസഞ്ചീവനി എന്ന സംവിധാനത്തിന്‍റെ മൊബൈല്‍ ആപ്പ്, അല്ലെങ്കില്‍ വഴി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നടത്താം. ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ചികിത്സ ആവശ്യമാണെങ്കില്‍ ആശുപത്രിയിലേയ്ക്ക് മാറുകയും വേണം.
വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് ഡൊമിസിലിയറി കെയര്‍ ഫസിലിറ്റില്‍ ആരംഭിച്ചിട്ടുണ്ട്. സി.എഫ്എല്‍.ടി.സികളും സി.എല്‍.ടി.സികളും ശാക്തീകരിക്കുകയും ചെയ്തിട്ടുണ്ട്. രോഗികളാകുന്ന ആര്‍ക്കും തന്നെ ഐസൊലേഷനില്‍ പോകാനോ, ചികിത്സ ലഭിക്കാനോ ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവ കൂടുതല്‍ മികച്ചതാക്കാനുള്ള തീവ്രശ്രമം മുന്നോട്ടു കൊണ്ടുപോവുകയാണ്. ഈ സൗകര്യങ്ങള്‍ ലഭ്യമാകാന്‍ അതാതു ജില്ലകളിലെ ഹെല്പ്ലൈന്‍ നമ്പറുകളില്‍ വിളിക്കുക. അല്ലെങ്കില്‍ 1056 എന്ന സംസ്ഥാനതല ഹെല്പ്ലൈന്‍ നമ്പറില്‍ വിളിച്ചാല്‍, അവര്‍ അതാതു ജില്ലകളിലേയ്ക്ക് കണക്റ്റ് ചെയ്തു തരികയും ചെയ്യും. പരമാവധി അതാതു ജില്ലകളിലെ ഹെല്പ്ലൈന്‍ നമ്പറുകള്‍ തന്നെ ഉപയോഗിക്കുക.

റിപ്പോർട്ട് കടവിൽ റഷീദ്

You may also like

Leave a Comment