കുണ്ടറ. മുഖംമൂടിധരിച്ച് രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ അഞ്ചുപേര്‍ കുടുംബാംഗങ്ങളെ കെട്ടിയിട്ട് മര്‍ദ്ദിച്ചശേഷം സ്വര്‍ണ്ണവും പണവും കൈക്കലാക്കി കടന്നസംഭവം പ്രതികളെപ്പറ്റി സൂചനയില്ല. ചൊവ്വാഴ്ച രാത്രി 9.30-ഓടെ മാമൂട് മുണ്ടന്‍ചിറ മാടന്കാവിനുസമീപം ചരുവിള പുത്തന്‍വീട്ടിലാണ് കൊള്ളസംഘം ആക്രമണം നടത്തിയത്. വടിവാള്‍, കമ്പിപ്പാര തുടങ്ങിയ ആയുധങ്ങളുമായാണ് സംഘമെത്തിയത്. ഗൃഹനാഥന് ജയചന്ദ്രന് (45) നും സഹോദരി അമ്പിളി (54) ക്കുമാണ് മര്‍ദ്ദനമേറ്റത്. ജയചന്ദ്രന് പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജയചന്ദ്രന് ചിട്ടിയും പണമിടപാടുകളുമുണ്ട്. ചിട്ടിയുടെ പിരിവുകഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങിയെത്തിയ ജയചന്ദ്രനുപിന്നാലെയാണ് മുഖംമൂടിസംഘം വീട്ടിനുള്ളില്‍ പ്രവേശിച്ചത്. ഇരുവരെയും മര്‍ദ്ദിക്കുകയും പ്ലാസ്റ്ററുപയോഗിച്ച് വായ്മൂടുകയുംചെയ്തശേഷം ജയചന്ദ്രനെ മര്‍ദ്ദിച്ച് അവശനാക്കി. ടി.വി.യുടെ ശബ്ദം ഉച്ചത്തിലാക്കി. വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള നാലുലക്ഷം രൂപ വേണമെന്നതായിരുന്നു സംഘത്തിന്റെ ആവശ്യം. പാചകവാതകം വാങ്ങാനായി സൂക്ഷിച്ചിരുന്ന 900 രൂപയടക്കം പല ആവശ്യങ്ങള്‍ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 196000 രൂപ അമ്പിളി സംഘത്തിന് നല്കി.
ഒരുമണിക്കൂറോളം വീടിനുള്ളില്‍ കഴിഞ്ഞസംഘം വീട്ടിലെ മുറികളെല്ലാം അരിച്ചുപെറുക്കി. അലമാരകള്മുഴുവന് കുത്തിത്തുറന്ന് സ്വര്‍ണ്ണവും കൈക്കലാക്കി. ഏഴുപവന്റെയും രണ്ടര പവന്റെയും ഓരോ മാലകള്‍, ഒരുപവന്വീതമുള്ള ഏഴുവളകള്‍, കമ്മല്‍ എന്നിവയാണ് കൊണ്ടുപോയത്. മുഴുവന്‍ അലമാരകളും അരിച്ചുപെറുക്കിയശേഷമാണ് മടങ്ങിയത്. ഒടുവില്‍ അമ്പിളിയെയും കെട്ടിയിട്ട് ലൈറ്റുകളണച്ച് വീടുപൂട്ടി താക്കോല്‍ പുറത്ത് വരാന്തയില്‍ ഉപേക്ഷിച്ചായിരുന്നു മടക്കം. തിരിച്ചുപോകുന്നതിനിടെ ഇവര്‍ വീട്ടിനുള്ളിലും പരിസരത്തും മുളകുപൊടിവിതറിയിരുന്നു. വീട്ടിലുണ്ടായിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും കൈക്കലാക്കിയെങ്കിലും രണ്ടെണ്ണം വീടിനുമുന്നിലെ ചെടിച്ചട്ടിയില്‍ ഒളിപ്പിച്ചതായി പോലിസ് പിന്നീട് കണ്ടെത്തി. സംഘം മടങ്ങിയതോടെ അടുക്കളവാതില്‍ തുറന്ന് പുറത്തിറങ്ങിയ അമ്പിളി പോലിസില്‍ വിവരമറിയിച്ചു. പോലിസും സയന്റിഫിക് ഇന്‍വസ്റ്റിഗേഷന്‍ സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോലിസ് നായയെ എത്തിച്ചെങ്കിലും മുളകുപൊടി വിതറിയിരുന്നതിനാല്‍ തെളിവെടുക്കാനായില്ല. കുറുവ മോഡല്‍ ആക്രമണമാണ് നടത്തിയതെങ്കിലും അക്രമികളെല്ലാം മലയാളികളാണെന്നും കുടുംബത്തെപ്പറ്റി അറിവുള്ളവരാണെന്നും പോലിസ് പറയുന്നു. അഞ്ചുപേരും റാംജിറാവ് സ്റ്റൈലില്‍ കറുത്ത വസ്ത്രങ്ങളും മുഖംമൂടികളും ധരിച്ചിരുന്നു. പ്രതികള്‍ക്കായി പൊലിസ് തെരച്ചില്‍ ആരംഭിച്ചു.