കൊച്ചി: അതിമാരക ന്യൂജെൻ മയക്കുമരുന്നായ ‘പാരഡൈസ്–– 650’ സിന്തെറ്റിക് മരുന്നുമായി കളമശേരി കുസാറ്റ് എൻജിനിയറിങ് കോളേജിലെ ബിടെക് വിദ്യാർഥി പിടിയിൽ. തിരുവനന്തപുരം വർക്കല കോട്ടവച്ചവിളയിൽ ജഗത്റാം ജോയിയെയാണ് (22) എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽനിന്ന് 20 എൽഎസ്ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തു. കുസാറ്റ് ക്യാമ്പസിൽ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖലാ എക്സൈസ് കമീഷണർ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ജഗത്റാം കുടുങ്ങിയത്.
ഏറ്റവും മാരകമായ ഉന്മാദലഹരികളിൽ ഒന്നായാണ് ‘പാരഡൈസ്–-650’ എൽഎസ്ഡി സ്റ്റാമ്പിനെ കണക്കാക്കുന്നത്. സ്റ്റാമ്പ് ഒന്നിന് വിപണിയിൽ 4000 മുതൽ 7000 രൂപവരെ വിലയുള്ളതായി ചോദ്യംചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി. ആഡംബര ജീവിതത്തിന് പണം കണ്ടെത്താനാണ് ലഹരിവ്യാപാരം നടത്തിയിരുന്നത്. കോഴിക്കോട് സ്വദേശിയായ സുഹൃത്തിന്റെ സഹായത്തോടെ ചെന്നൈയിൽനിന്ന് കൊറിയർവഴി 75 സ്റ്റാമ്പ് വരുത്തി. ഇത് സുഹൃത്തുക്കൾക്ക് വിൽപ്പന നടത്തി. കുറച്ച് ഇയാളും ഉപയോഗിച്ചു. നാക്കിൽവച്ചാൽ 48 മണിക്കൂർവരെ ഉന്മാദാവസ്ഥ നിലനിർത്തുന്നതാണ് ഈ ത്രീ ഡോട്ടഡ് സ്റ്റാമ്പുകൾ. അളവ് അൽപ്പം കൂടിയാൽ മരണകാരണമാകുന്നത്ര മാരകശേഷിയുള്ളവയാണ്. രഹസ്യസ്വഭാവമുള്ള ടെലിഗ്രാം മെസെഞ്ചർ ആപ്പാണ് ലഹരി കൈമാറ്റത്തിന് ഉപയോഗിച്ചിരുന്നത്. 0.1 ഗ്രാംവരെ എൽഎസ്ഡി സ്റ്റാമ്പ് കൈവശം വയ്ക്കുന്നത് 20 വർഷംവരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണ്.