കൊട്ടിയം : മയക്കുമരുന്ന് സംഘങ്ങൾ പ്രദേശവാസികൾക്ക് ഭീഷണി ; പ്രതിഷേധവുമായി നാട്ടുകാർ . പണേവയൽ മല്ലിശ്ശേരി കുളംഭാഗത്ത് രാത്രിയും പകലും മയക്കുമരുന്നുസംഘങ്ങൾ തമ്പടിച്ചതോടെ ജനജീവിതം ദുസ്സഹമായി . പണേവയൽഭാഗത്ത് ഒരു വീടിൻ്റെ ഇരുമ്പു ഗേറ്റ് പട്ടാപ്പകൽ സംഘം പൊളിച്ചു കൊണ്ടുപോയി . പരിസരത്തെ വീടുകളിലെ വൈദ്യുതി ഫ്യൂസുകൾ ഊരികൊണ്ടു പോകുന്നതും, വീടുകളിലേക്കുള്ള വഴികളിൽ തമ്പടിച്ച് കുട്ടികളെയും സ്ത്രീകളെ അസഭ്യം പറയുകയും ശല്യം ചെയ്യാനും തുടങ്ങിയതോടെ നാട്ടുകാർ പ്രതിക്ഷേധത്തിലാണ് . ഈ ഭാഗത്ത് ഒരു വീട്ടിലെ സ്കൂട്ടർ സംഘം നശിപ്പിച്ചിരുന്നു. സ്ത്രീകൾക്ക് വീടുകളിൽ നിന്നും പുറത്തിറങ്ങുവാൻ കഴിയാത്ത സ്ഥിതി വന്നതോടെ പ്രദേശത്തെ ഡി.വൈ.എഫ്.ഐ.പ്രവർത്തകർ നാട്ടുകാരൊടൊപ്പം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നാട്ടുകാർ പലതവണ കൊട്ടിയം പൊലീസിനെ വിവരം അറിയിച്ചെങ്കിലും ഫലം കാണാതെ വന്നതോടെയാണ് വനിതാ ഗ്രാമപഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ പണേവയൽഭാഗത്ത് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചാത്തന്നൂർ എ .സി .പി .യെ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൊട്ടിയത്തുനിന്നും പൊലീസ് സംഘമെത്തി പ്രദേശവാസികളിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. ആലുംമൂട് ഭാഗത്ത് അന്തർസംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും തട്ടിയെടുത്തിരുന്നു. ചൊവ്വാഴ്ച മയ്യനാട് രണ്ട് കടകളിൽ നിന്നും പണവും അപഹരിച്ചിരുന്നു. ലോക് ഡൗൺ മറവിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയായിരിക്കുന്ന മയക്കുമരുന്നു സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്തപക്ഷം ഉന്നതഅധികാരികൾക്ക് പരാതിനൽകാനാണ് നാട്ടുകാരുടെ തീരുമാനം .