പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂട്ടര്‍ ഹാജരാകാത്തത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നെന്ന് നിയമമന്ത്രി പി രാജീവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കേസിന്റെ ചുമതലയില്‍ നിന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വിടി രഘുനാഥിനെ മാറ്റി സര്‍ക്കാര്‍. മുമ്പും ഇക്കാര്യത്തില്‍ പ്രോസിക്യൂട്ടറെ താക്കീത് ചെയ്തിരുന്നെന്നും ഈ കേസിലേക്ക് 3 പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ കുടുംബത്തിന് നിര്‍ദ്ദേശിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ നിന്നും ഒഴിയാന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിജിപിയ്ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച വി ടി രഘുനാഥാണ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചത്. ഇക്കാരണത്താല്‍ അദ്ദേഹം കോടതിയില്‍ ഹാജരായിരുന്നില്ല. കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റി.2018 ഫെബ്രുവരി 22-നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച മധുവിന്റെ കൊലപാതകം നടന്നത്. മാനസിക അസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.