26.9 C
Kollam
Friday, January 28, 2022
spot_img

മണലാരണ്യത്തിൽ ക്രിക്കറ്റ് സഫാരി ഇന്നുതുടക്കം

ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടങ്ങൾക്ക് ഇന്നു തുടക്കം, ആദ്യ മത്സരം ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക (ഉച്ചകഴിഞ്ഞ് 3.30)രണ്ടാം മത്സരം വെസ്റ്റ് ഇൻഡീസ്- ഇംഗ്ലണ്ട് (രാത്രി 7.30) മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം

ദുബായ്: കുട്ടിക്രിക്കറ്റിന്‍റെ പൂരപ്പൊലിമയ്ക്ക് ഇന്ന് കൊടിയേറ്റ്. മണലാരണ്യത്തിൽ നവംബർ 14 വരെ ക്രിക്കറ്റ് കാറ്റ്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ലോകകപ്പ് ടി-20യുടെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം. പ്രാഥമിക റൗണ്ട് പോരാട്ടങ്ങള്‍ അവസാനിച്ചു. ഇനി അവശേഷിക്കുന്നത് 12 ടീമുകള്‍. ഈ 12 ടീമുകള്‍ രണ്ടു ഗ്രൂപ്പിലായി അണിനിരക്കുമ്പോള്‍ ഓരോ മത്സരവും ഒന്നിനൊന്നു മെച്ചമാകും എന്നുറപ്പ്. സൂപ്പര്‍ 12ലെ ഗ്രൂപ്പ് ഒന്നില്‍ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളും ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് എന്നീ ടീമുകളും അണിനിരക്കും. ഇതില്‍ ബംഗ്ലാദേശ്, ശ്രീലങ്ക, നമീബിയ, സ്‌കോട്‌ലന്‍ഡ് എന്നീ ടീമുകള്‍ യോഗ്യതാ റൗണ്ട് കളിച്ചു മുന്നേറിയ ടീമുകളാണ്.ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ സെമിയിലേക്കു യോഗ്യത നേടും. നവംബര്‍ 10നും 11നും സെമിയും 14ന് കലാശപ്പോരാട്ടവും നടക്കും. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലാണ് പോരാട്ടങ്ങള്‍. ഇന്ന് രണ്ടു മത്സരങ്ങളാണ് നടക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നു നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെയും നേരിടും. രാത്രി 7.30നു നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും. നാളെയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോര്.അബുദാബി: ടി20 ലോകകപ്പിലെ മരണ ഗ്രൂപ്പിലാണ് നിലവിലെ ചാംപ്യന്മാരും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമൊക്കെ. ക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള പോരാട്ടമാണ് ആദ്യം. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളില്‍ മത്സരം തത്സമയം കാണാം. മരണ ഗ്രൂപ്പില്‍ നടക്കുന്ന മത്സരത്തില്‍ ഓരോ ജയവും പ്രധാനപ്പെട്ടതാണ്. അതിനാല്‍ എന്ത് വിലകൊടുത്തും ജയിക്കാനുറച്ചാവും ഓസീസും ദക്ഷിണാഫ്രിക്കയും ഇറങ്ങുക. മുന്‍ ചാമ്പ്യന്മാരായ ഓസ്ട്രേലിയ സന്നാഹ മത്സരത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ ഇന്ത്യയോട് പരാജയപ്പെട്ടു

അതേ സമയം കരുത്തരായ പാകിസ്താനെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. രണ്ട് ടീമിനൊപ്പവും മികച്ച താരങ്ങളുള്ളതിനാല്‍ വാശിയേറിയ പോരാട്ടം തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.ഓസ്ട്രേലിയക്ക് ആശങ്കകളേറെ കരുത്തരായ താരനിരയാണെങ്കിലും ഓസ്ട്രേലിയയുടെ ഉറക്കം കെടുത്തുന്നത് താരങ്ങളുടെ ഫോമാണ്. ഓപ്പണിങ്ങില്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ഫോമിലല്ലെന്നതാണ് ടീമിന്‍റെ പ്രധാന പ്രശ്നം. ഐപിഎല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ വാര്‍ണര്‍ക്ക് സന്നാഹ മത്സരങ്ങളിലും തിളങ്ങാനായിട്ടില്ല. വെടിക്കെട്ട് ബാറ്റ്സ്മാനും ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരവുമാണ് വാര്‍ണര്‍. എന്നാല്‍ സമീപകാലത്തെ ഫോം ആശങ്കപ്പെടുത്തുന്നതാണ്. മൂന്നാം നമ്പറില്‍ സ്റ്റീവ് സ്മിത്ത് സ്ട്രൈക്കറേറ്റ് മെച്ചപ്പെടുത്തേണ്ടതായുണ്ട്.ഗ്ലെന്‍ മാക്സ് വെല്ലിന്‍റെ മികച്ച ഫോം ടീമിന് പ്രതീക്ഷ നല്‍കുന്നു. ഐപിഎല്ലില്‍ ആറ് അര്‍ധ സെഞ്ച്വറിയടക്കം നേടി തിളങ്ങിയ ഗ്ലെന്‍ മാക്സ് വെല്‍ സന്നാഹ മത്സരത്തില്‍ തിളങ്ങിയത് ടീമിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. പരിക്ക് മാറിയ മാര്‍ക്കസ് സ്റ്റോയിനിസ് ബൗളിങ് പുനരാരംഭിച്ചതും കംഗാരുക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ബൗളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം ആരെന്നത് കണ്ടറിയണം.

പാറ്റ് കമ്മിന്‍സ് സന്നാഹ മത്സരങ്ങളില്‍ നന്നായി തല്ലുവാങ്ങി. കെയ്ന്‍ റിച്ചാര്‍ഡ്സനും സ്പിന്നര്‍ ആദം സാംബയും ഭേദപ്പെട്ട ബൗളിങ് കാഴ്ചവെച്ചു. ആഷ്ടന്‍ അഗറും മോശമാക്കിയില്ല. ദക്ഷിണാഫ്രിക്കയെ എഴുതിത്തള്ളാനാവില്ല മരണഗ്രൂപ്പ് ദക്ഷിണാഫ്രിക്ക താണ്ടില്ലെന്ന് പലരും അഭിപ്രായപ്പെടുമ്പോഴും ടീമിനെ എഴുതിത്തള്ളനാവില്ല. ബാറ്റിങ് നിരയില്‍ ആശങ്കകളേറെയാണെങ്കിലും ബൗളിങ്ങില്‍ അതി ശക്തര്‍. കഗിസോ റബാദ, ആന്‍ റിച്ച് നോക്കിയേ എന്നിവര്‍ പേസുകൊണ്ട് മികവ് കാട്ടുമ്പോള്‍ സ്പിന്‍ നിരയില്‍ തബ്രൈസ് ഷംസിയുമുണ്ട്.കേശവ് മഹാരാജും സ്പിന്‍ നിരയില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ്. ബാറ്റിങ് നിരയില്‍ ക്വിന്‍റന്‍ ഡീകോക്കില്‍ പ്രതീക്ഷകളേറെ. സമീപകാല ഫോം മോശമാണെങ്കിലും വെടിക്കെട്ട് പ്രകടനം നടത്താന്‍ അദ്ദേഹത്തിന് മികവുണ്ട്. നായകന്‍ ടെംബ ബാവുമ, എയ്ഡന്‍ മാര്‍ക്രം, റാസി വാന്‍ ഡെര്‍ ഡൂസന്‍, ഡേവിഡ് മില്ലര്‍, ഹെന്‍ റിച്ച് ക്ലാസന്‍ എന്നിവരിലാണ് ബാറ്റിങ് പ്രതീക്ഷ. പാകിസ്താനെതിരായ സന്നാഹത്തില്‍ റാസി വാന്‍ ഡെര്‍ ഡൂസന്‍റെ സെഞ്ച്വറി പ്രകടനം ടീമിന് ആത്മവിശ്വാസം നല്‍കുന്നു.  ഇരു ടീമും 18 മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ എത്തിയത്ഇതില്‍ 11 തവണയും ജയം ഓസ്ട്രേലിയക്കൊപ്പം നിന്നപ്പോള്‍ 7 തവണയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാനായത്. രണ്ട് ടീമിന്‍റെയും താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിച്ച് യുഎഇയില്‍ അനുഭവസമ്പത്തുണ്ട്. നിലവിലെ സാധ്യത വിലയിരുത്തുമ്പോള്‍ ഓസ്ട്രേലിയക്ക് അല്‍പ്പം മുന്‍തൂക്കമുണ്ട്


സാധ്യതാ ടീംഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ് വെല്‍, മാത്യു വേഡ്, ജോഷ് ഇന്‍ഗിലിസ്, ആഷ്ടന്‍ അഗര്‍, ആദം സാംബ, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്
ദക്ഷിണാഫ്രിക്ക: ടെംബ ബാവുമ, ക്വിന്‍റന്‍ ഡീകോക്ക്, എയ്ഡന്‍ മാര്‍ക്രം, റാസി വാന്‍ ഡെര്‍ ഡൂസന്‍, ഡേവിഡ് മില്ലര്‍, ഹെന്‍ റിച്ച് ക്ലാസന്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, ആന്‍റിച്ച് നോക്കിയേ, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, കഗിസോ റബാദ.

സന്നാഹ മത്സരത്തില്‍ രണ്ട് മത്സരവും തോറ്റ് വെസ്റ്റ് ഇന്‍ഡീസ് ഇറങ്ങുമ്പോള്‍ ഇന്ത്യയോട് തോറ്റ ക്ഷീണത്തിലാവും ഇംഗ്ലണ്ട് ഇറങ്ങുക. രണ്ട് ടീമിനൊപ്പവും മികച്ച താരങ്ങളുണ്ടെങ്കിലും ഫോമാണ് പ്രശ്നം. യുഎഇയിലെ സാഹചര്യം രണ്ട് ടീമിന്‍റെയും താരങ്ങള്‍ക്ക് സുപരിചിതമാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളില്‍ തത്സമയം കാണാനാവും. 2016ല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് വെസ്റ്റ് ഇന്‍ഡീസ് കിരീടം നേടിയത്. ഇതിന് കണക്കുതീര്‍ക്കാനുറച്ചാവും ഇംഗ്ലണ്ട് ഇറങ്ങുക. കീറോണ്‍ പൊള്ളാര്‍ഡ് നയിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനൊപ്പം ടി20 സ്പെഷ്യലിസ്റ്റുകളായ നിരവധി താരങ്ങളുണ്ടെങ്കിലും സന്നാഹത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തി. എന്നാല്‍ ഇതിനെ അതിജീവിച്ച് മുന്നേറാന്‍ കെല്‍പ്പുള്ള നിരയാണ് കാരിബീയന്‍സ്.ഇംഗ്ലണ്ടിന്‍റെ പ്രശ്നങ്ങളേറെ മരണ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇംഗ്ലണ്ടിന് ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

പ്രധാനമായും നായകന്‍ ഓയിന്‍ മോര്‍ഗന്‍റെ മോശം ഫോമാണ് പ്രശ്നം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഫൈനലിലേക്കെത്തി ക്കാന്‍ മോര്‍ഗനായെങ്കിലും ബാറ്റിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തി. സന്നാഹ മത്സരത്തിലേക്കെത്തിയപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. തന്‍റെ മോശം ഫോം ടീമിന് ബാധ്യതയാവില്ലെന്നും വേണമെങ്കില്‍ സ്വയം പ്ലേയിങ് 11 നിന്ന് മാറിനില്‍ക്കാമെന്നും മോര്‍ഗന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജേസന്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ലിയാം ലിവിങ്സ്റ്റന്‍ എന്നിവരെല്ലാം ബാറ്റിങ്ങില്‍ പ്രതീക്ഷ നല്‍കുന്നു.എന്നാല്‍ ഇവരുടെയെല്ലാം സമീപകാല ഫോം പ്രശ്നമാണ്. സ്പിന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലിയുടെ വമ്പനടികള്‍ ടീമിന് പ്രതീക്ഷ നല്‍കുന്നു. സാം കറെന്‍ നിര്‍ണ്ണായക റണ്‍സ് നേടാന്‍ കഴിവുള്ള താരമാണെങ്കിലും ബൗളിങ്ങില്‍ തല്ലുകൊള്ളിയാവുന്നു. ബൗളിങ്ങില്‍ ഇംഗ്ലണ്ടിന് ഇത്തവണ വലിയ ആശങ്കയാണുള്ളത്. ജോഫ്രാ ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്സ് എന്നീ സൂപ്പര്‍ താരങ്ങളുടെ അഭാവം ടീമിന് തിരിച്ചടിയാവുമെന്നുറപ്പ്. മാര്‍ക്ക് വുഡ്, ക്രിസ് ജോര്‍ദാന്‍, ടൈമല്‍ മില്‍സ്, സാം കറെന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഇംഗ്ലണ്ടിന്‍റെ പേസ് നിരയുടെ പ്രകടനം കണ്ടുതന്നെ അറിയണം. നിലവിലെ സാഹചര്യത്തില്‍ വിലയിരുത്തുമ്പോള്‍ ടീമിന്‍റെ ബൗളിങ് നിരയില്‍ വലിയ പ്രതീക്ഷയില്ല. ചാമ്പ്യന്‍ വെസ്റ്റ് ഇന്‍ഡീസ് കൈക്കരുത്തുകൊണ്ട് ക്രിക്കറ്റ് കളിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ഇത്തവണയും ഫേവറേറ്റുകളാണ്. ഏത് എതിരാളികളുടെയും ചങ്കിടിപ്പിക്കുന്ന താരസമ്പത്ത് വെസ്റ്റ് ഇന്‍ഡീസിനുണ്ടെങ്കിലും ആരും ഫോമിലല്ലെന്നതാണ് പ്രശ്നം. ലിന്‍ഡന്‍ സിമ്മന്‍സ്, ക്രിസ് ഗെയ്ല്‍, കീറോണ്‍ പൊള്ളാര്‍ഡ് തുടങ്ങിയ സീനിയര്‍ ബാറ്റ്സ്മാന്‍മാര്‍ സന്നാഹ മത്സരത്തില്‍ നിരാശപ്പെടുത്തി. നിക്കോളാസ് പൂരാന്‍റെ പ്രകടനവും പ്രതീക്ഷക്കൊത്തല്ല. എവിന്‍ ലെവിസ് ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. ഡ്വെയ്ന്‍ ബ്രാവോയുടെ ഓള്‍റൗണ്ട് മികവ് ടീമിന് ശക്തിപകരും.

സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസല്‍ ഏറെ നാളുകളായി മോശം ഫോമിലാണ്. ഐപിഎല്ലില്‍ മിന്നും പ്രകടനം നടത്തിയിട്ടും ടി20 ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സുനില്‍ നരെയ്ന്‍ തീരുമാനിച്ചത് ടീമിന് തിരിച്ചടിയാണ്. ബൗളിങ് നിരയില്‍ ശക്തി പോരാ. സീനിയര്‍ പേസര്‍ രവി രാംപോളിനെ പ്ലേയിങ് 11ലേക്ക് പരിഗണിക്കുമോയെന്ന് കണ്ടറിയണം. മികച്ച സ്പിന്നര്‍മാരുടെ അഭാവവും ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള വെസ്റ്റ് ഇന്‍ഡീസാണ് നേര്‍ക്കുനേര്‍ കണക്കില്‍ മുന്നില്‍. 18 മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 11 തവണയും ജയം വെസ്റ്റ് ഇന്‍ഡീസിനായിരുന്നു. ഏഴ് തവണയാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്. ഈ കണക്കുകള്‍ വെസ്റ്റ് ഇന്‍ഡീസിന് ആത്മവിശ്വാസം നല്‍കും. മാച്ച് വിന്നര്‍മാരുടെ നീണ്ട നിരയുള്ള വെസ്റ്റ് ഇന്‍ഡീസിനെ അത്ര എളുപ്പത്തില്‍ ഇംഗ്ലണ്ടിന് കീഴടക്കാനാവില്ലെന്നുറപ്പ്.-

Related Articles

stay connected

3,060FansLike
827FollowersFollow
7,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles