കൊല്ലം: സ്ത്രീധന പീഡനത്തെതുടർന്ന് ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനാണെന്ന് ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി കെ എൻ സുജിത്ത് ഇന്നലെ വിധിച്ചിരുന്നു. നിലവിൽ ഇയാളെ ജാമ്യം റദ്ദാക്കി ജയിലിടച്ചിരിക്കുകയാണ്.കിരൺകുമാറിനെതിരെ പോലീസ് ചുമത്തിയ ഏഴു കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സ്ത്രീധനപീഡനം (ഐപിസി 304 ബി), ആത്മഹത്യ പ്രേരണ (306), ഗാർഹിക പീഡനം (408 എ) തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. കിരൺകുമാറിനെതിരെ ചുമത്തപ്പെട്ട വകുപ്പുകളും ലഭിക്കാവുന്ന ശിക്ഷയും അറിയാം.
സ്ത്രീധന പീഡനത്തെത്തുടർന്നുള്ള മരണത്തിന് ജീവപര്യന്തം വരെ തടവുശിക്ഷയും ആത്മഹത്യ പ്രേരണയ്ക്ക് 10 വർഷവും സ്ത്രീധന പീഡനത്തിന് മൂന്നുവർഷവും സ്ത്രീധനം വാങ്ങിയതിന് മൂന്നുമുതൽ അഞ്ചുവർഷം വരെയും സ്ത്രീധനം ആവശ്യപ്പെട്ടതിന് രണ്ടുവർഷവും തടവുശിക്ഷ ലഭിക്കാം. 304 ബി വകുപ്പ് പ്രകാരം ചുരുങ്ങിയത് ഏഴുവർഷം തടവാണ് ലഭിക്കുക. കൂടാതെ സ്ത്രീധന നിരോധന നിയമം സെക്ഷൻ മൂന്ന് പ്രകാരം ചുരുങ്ങിയത് അഞ്ചുവർഷം തടവാണ് ശിക്ഷ.
ഉപദ്രവിക്കൽ (ഐപിസി 323), ഭീഷണിപ്പെടുത്തൽ (506 (1) ) എന്നീ കുറ്റങ്ങളും കിരൺകുമാറിനെതിരെ ചുമത്തിയിരുന്നെങ്കിലും ഇത് തെളിയിക്കാനായില്ല. താരതമ്യേന ചെറിയ കുറ്റമാണെങ്കിലും തെളിവിന്റെ അഭാവമാണ് കാരണം. വിസ്മയ ജീവനൊടുക്കിയിട്ട് 11 മാസവും രണ്ടുദിവസവും തികയവെയാണ് കോടതി കിരൺകുമാറിനെ കുറ്റക്കാരനാണെന്ന് വിധിച്ചത്. മോട്ടോർ വാഹന വകുപ്പിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിനെ കുറ്റം ചുമത്തപ്പെട്ടതോടെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു.ജനുവരി പത്തിനായിരുന്നു കേസിന്റെ വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷൻ 42 സാക്ഷികളെയും 120 രേഖകളും 12 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. എന്നാൽ പ്രതിയ്ക്കെതിരായ പരാമര്ശങ്ങളുള്ള ഫോൺ സംഭാഷണങ്ങളും ശബ്ദസന്ദേശങ്ങളും തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. വിചാരണയ്ക്കൊടുവിലാണ് വിസ്മയയുടെ ഭർത്താവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.