ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി എത്തിയ ആള് പോലീസ് സ്റ്റേഷനില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പാലോട് സ്വദേശി ഷൈജു (47) ആണ് ഉച്ചക്ക് രണ്ടര മണിയോടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയത്. ഉടന്‍ തന്നെ പോലീസുകാരും അഡ്വക്കേറ്റ് ഗുമസ്ഥനും ചേര്‍ന്നു വെള്ളം ഒഴിച്ചു തീ കെടുത്താന്‍ ശ്രമിക്കുകയും ഇയാളെ നിലത്തു ഉരുട്ടി തീ കെടുത്തുകയും ചെയ്തു. 40 ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ 108 ആംബുലൻസ് വരുത്തി മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.കൊട്ടാരക്കര പുത്തൂരില്‍ റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായ ഇയാള്‍, ഒപ്പം കഴിഞ്ഞിരുന്ന ആര്യനാട് കോട്ടക്കകം സ്വദേശിനിയെ കാണാനില്ലെന്ന പരാതിയുമായാണ് ആര്യനാട് പോലീസ് സ്റ്റേഷനില്‍ എത്തിയത്.
വിവരങ്ങള്‍ ചോദിച്ചു മനസിലാക്കി അന്വേഷിച്ചു കണ്ടുപിടിക്കാം എന്നു പോലീസ് ഉറപ്പു നല്കി മടക്കി അയച്ചു.എന്നാല്പുറത്തിറങ്ങിയ ഇയാള്‍, ഓട്ടോയില്‍ കരുതിയിരുന്ന ക്യാന്‍ എടുത്ത് സ്റ്റേഷനിലെത്തി ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു എന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. അതേസമയം ഇതേ പരാതി പുത്തൂര്‍ സ്റ്റേഷനിലും നല്‍കിയിട്ടുണ്ട് അന്ന് അവിടെയും ആത്മഹത്യാശ്രമം നടത്തിയതായും വിവരമുണ്ട്. സംഭവം പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. കാണാതായ സ്ത്രീ ഇയാളുടെ ഭാര്യയാണോ എന്നതിലും വ്യക്തതയില്ലെന്ന് പോലീസ് പറഞ്ഞു.