അഹമ്മദാബാദ്: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തിനെ അപകീർത്തിപ്പെടുത്തുന്ന ഫെയ്സ്ബുക്ക് കമന്റിന്റെ പേരിൽ ഗുജറാത്തിൽ നാൽപ്പത്തിനാലുകാരൻ അറസ്റ്റിൽ. അമ്രേലി ജില്ലയിലെ രജുലയ്ക്കു സമീപം ഭെരായ് സ്വദേശിയായ ശിവഭായ് റാമാണ് അറസ്റ്റിലായത്. ഇയാൾ നേരത്തേയും ഇതുപോലുള്ള കമന്റുകൾ പങ്കുവച്ചിട്ടുണ്ടെന്നും ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടതെന്നും അഹമ്മദാബാദ് സൈബർ സെൽ. എന്നാൽ, ശിവഭായ് റാം എന്താണ് ഫെയ്സ്ബുക്കിൽ കുറിച്ചതെന്നു പൊലീസ് വ്യക്തമാക്കിയില്ല.
സാമുദായിക സ്പർധയുണ്ടാക്കുക, മതവികാരം വ്രണപ്പെടുത്തുക തുടങ്ങിയ വകുപ്പുകളും ഇയാൾക്കെതിരേ ചുമത്തി. മുൻപ് പങ്കുവച്ച പോസ്റ്റുകളിൽ ഇയാൾ ഹിന്ദു ദേവീദേവന്മാരെ അപമാനിക്കുന്നതു പതിവായിരുന്നെന്ന് പൊലീസ്.2010 മുതൽ 2014 വരെ പഞ്ചായത്തിലെ വൈസ് പ്രസിഡന്റായിരുന്നു ഇയാൾ. വീണ്ടും ഈ പദവി ലഭിക്കണമെന്ന ആഗ്രഹത്തിൽ എപ്പോഴും ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാനാണ് ഇത്തരം കമന്റുകൾ കുറിക്കുകയും പങ്കുവയ്ക്കുകയും ചെയ്തിരുന്നതെന്ന് ഇയാൾ പൊലീസിനോടു വെളിപ്പെടുത്തി.