ന്യൂഡൽഹി: ബിപിന്‍ റാവത്തിന്റെ മരണത്തില്‍ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ധീരപുത്രരില്‍ ഒരാളായ സംയുക്ത സൈനിക മേധാവി ജനറലിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് . സൈന്യത്തെ ആധുനികവത്കരിച്ച ദേശാഭിമാനിയാണ് റാവത്തെന്നും സൈനീകപരമായ കാര്യങ്ങളിൽ അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകൾ അസാധാരണമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴത്തില്‍ ഞെട്ടലുളവാക്കുന്നതാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് സീതാറാം യെച്ചൂരിയും അനുശോചനം രേഖപ്പെടുത്തി. അതേ സമയം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ക്യാബിനറ്റ് കമ്മറ്റി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി. നാളെ പ്രതിരോധ മന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും
ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടെയും നിര്യാണം അങ്ങേയറ്റം ഞെട്ടലുണ്ടാക്കുന്നുവെന്നും രാജ്യത്തിന് അതിന്റെ ധീരപുത്രരില്‍ ഒരാളെയാണ് നഷ്ടമായതെന്നും രാഷ്ട്രപതി അനുശോചിച്ചു. നാല് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ രാഷ്ട്രസേവനം അതുല്യമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അനുശോചനമെന്നുമാണ് രാഷ്ട്രപതി ട്വീറ്റ് ചെയ്തത്. ആഴത്തില്‍ ഞെട്ടലുളവാക്കിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ തുടങ്ങി നിരവധി പ്രമുഖര്‍ സംയുക്ത സൈനിക മേധാവിയുടെ നിര്യാണത്തില്‍ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി. അതേ സമയം അപകടത്തിന് പിന്നാലെ ദില്ലിയില്‍ അടിയന്തര യോഗങ്ങളും ചേര്‍ന്നിരുന്നു.വൈകിട്ടോടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് കമ്മറ്റി അടിയന്തര യോഗം ചേര്‍ന്നു കാര്യങ്ങള്‍ വിലയിരുത്തി. നാളെ പാര്‍ലമെന്റില്‍ അപകടം സംബന്ധിച്ചു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രസ്താവന നടത്തും.അതേ സമയം ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ നാളെയോടെ ദില്ലിയില്‍ എത്തിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.