24.9 C
Kollam
Wednesday, July 28, 2021
spot_img

ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കാലം ചെയ്തു

തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷനും, മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കാലം ചെയ്തു.75 വയസായിരുന്നു.
ഇന്ന് പുലർച്ചെ 2 മണിയോടെ പരുമല ആശുപത്രിയിൽ വച്ചായിരുന്നു വിയോഗം. സംസ്കാരം ചൊവ്വാഴ്ച 3 മണിക്ക് കോട്ടയം ദേവലോകം അരമനയിൽ പ്രത്യേകം തയ്യാറാക്കിയ കബറിടത്തിൽ നടക്കും.
ഒന്നര വർഷത്തോളമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കാതോലിക്കാ ബാവ ചികിത്സയിലായിരുന്നു.
രോഗബാധയെ തുടർന്ന് സഭയുടെ കീഴിലുള്ള പരുമല ആശുപത്രിയിലായിരുന്നു ബാവായുടെ ചികിത്സയും താമസവും ക്രമീകരിച്ചിരുന്നത് . സ്വദേശത്തും വിദേശത്തുമുള്ള വിദഗ്ധ ഡോക്ടർമാരുടെ ചികിത്സയിൽ ആരോഗ്യനിലയിൽ മികച്ച പുരോഗതിയും കൈവന്നിരുന്നു. കഴിഞ്ഞ മാര്‍ച്ച് 8ന് കൊവിഡ് ബാധ സ്ഥിരികരിച്ചതിനെ തുടർന്നാണ് ആരോഗ്യ നില വഷളായത്.

ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ തന്‍റെ പിൻഗാമിയെ കണ്ടെത്താൻ ഇയ്യിടെ നടന്ന ബിഷപ്പ് സുന്നഹദോസിൽ ബാവ ആവശ്യപ്പെട്ടിരുന്നു. വരുന്ന ഒക്ടോബര്‍ 14 പുതിയ ബാവയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹത്തിൻ്റെ വിയോഗം.

മലങ്കര ഓർത്തഡോക്സ് സഭാചരിത്രത്തിൽ പരുമല തിരുമേനിക്കു ശേഷം മെത്രാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കുന്നംകുളം പ്രദേശത്തു നിന്നുള്ള മൂന്നാമത്തെ മലങ്കര മെത്രാപ്പൊലിത്തയുമാണ് ഇദ്ദേഹം. ലോകമെമ്പാടുമുള്ള മുപ്പത് ലക്ഷം വരുന്ന ഓര്‍ത്തഡോക്സ് സമൂഹത്തിന്‍റെ മെത്രാപ്പൊലീത്തയും കാതോലിക്കയുമായിരുന്നു ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയൻ ബാവ.

പഴഞ്ഞി മങ്ങാട് കൊള്ളന്നൂർ കെ.എ.ഐപ്പിന്റെയും കുഞ്ഞീട്ടിയുടേയും മകനായി 1946 ആഗസ്ത് 30-ന് ജനിച്ച അദ്ദേഹത്തിന് മാതാപിതാക്കൾ നൽകിയ പേര് പോൾ എന്നായിരുന്നു.പഴഞ്ഞി ഗവ.ഹൈസ്‌കൂളിൽ സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ ബിരുദവും കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.ഓർത്തഡോക്‌സ് വൈദിക സെമിനാരിയിലും സെറാംപൂർ സർവ്വകലാശാലയിലുമായി വൈദിക പഠനം പൂർത്തിയാക്കിയ അദ്ദേഹം 1972-ൽ ശെമ്മാശ പട്ടവും 1973-ൽ കശീശ സ്ഥാനവും സ്വീകരിച്ചു.
1982-ൽ പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ എപ്പിസ്ക്കോപ്പയായി. 1985-ൽ മെത്രാപ്പൊലിത്തയും പുതുതായി രൂപീകരിച്ച കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ സാരഥിയുമായി.
2006 ഒക്‌ടോബർ 12 ന് നിയുക്ത കാതോലിക്കായായി തിരഞ്ഞെടുക്കപ്പെട്ടു. നാലു വർഷത്തിനുശേഷം ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ സ്ഥ്യാനത്യാഗം ചെയ്തതിനെ തുടർന്ന് 2010 നവംബർ 1-ന് പരുമല സെമിനാരിയിൽ വെച്ച് കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടു.

മലങ്കര സഭയിലെ ഓർത്തഡോക്സ് – യാക്കോബായ തർക്കങ്ങൾ രൂക്ഷമായി നിൽക്കുന്ന സമയത്താണ് ഇദ്ദേഹം കാതോലിക്കാ ബാവയായി അവരോധിക്കപ്പെട്ടത്. സഭാ കേസ് സംബന്ധിച്ച് 2017 ജൂലൈ 3 ന് സുപ്രീം കോടതി പുറപ്പെടുവിച്ച നിർണായക വിധി നേടാനായത് ഇദ്ദേഹത്തിൻ്റെ കാലത്താണ്. തികഞ്ഞ സഭാ സ്നേഹിയായിരുന്ന ബാവ കോടതി വിധി നടത്തി തരാത്ത വിവിധ രാഷ്ട്രീയ നേതാക്കളുടെ നടപടിയിൽ ഏറെ ദു:ഖിതനായിരുന്നു വ്യവഹാരങ്ങളിലെ വിധികൾ ദൈവഹിതമാണന്നും, ഇന്നല്ലെങ്കിൽ നാളെ എല്ലാം അനുകൂലമായി വരുമെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്.
തൻ്റെ കാഴ്ചപ്പാടുകളെയും സ്വപ്നങ്ങളെയും യാഥാർത്ഥ്യത്തിലേക്ക് എത്തിക്കാനുള്ള പരിശ്രമങ്ങൾക്കിടെയാണ് ബാവയുടെ വിടവാങ്ങൽ.

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles